ADVERTISEMENT

വൈദ്യുതിക്ക് നാം ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന നിരക്കുതന്നെ താങ്ങാവുന്നതിലും അപ്പുറമാണ്. സമീപ ഭാവിയിൽത്തന്നെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനിരിക്കെയാണ് ഇടിത്തീ പോലുള്ള ഒരു ഉത്തരവ് കേന്ദ്ര ഊർജ മന്ത്രാലയം കഴിഞ്ഞ മാസം ഡിസംബർ 29 ന് പുറത്തിറക്കിയത്. ഈ നിയമം നടപ്പായാൽ കേരളത്തിൽ മാസം തോറും വൈദ്യുതി നിരക്ക് വർദ്ധിച്ചേക്കും.

മാസംതോറും നിരക്ക് കൂട്ടാൻ ചട്ട ഭേദഗതി

മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാൻ വൈദ്യുതി വിതരണ ലൈസൻസിക്ക് അനുമതി നൽകുന്നതാണ് കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ പുതിയ ചട്ട ഭേദഗതി. നിലവിൽ വൈദ്യുതി വിതരണ കമ്പനികൾക്ക് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ഇന്ധനത്തിന്റെ വിലയിലെ വർദ്ധനവുമൂലമുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്ന് സർചാർജായി ഈടാക്കാം. പക്ഷേ അതിന് സംസ്ഥാന റഗുലേറ്ററി കമ്മിഷന്റെ അനുവാദം വേണം. ഇന്ധന സർചാർജ് ഇപ്പോൾ മൂന്നു മാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കണമെന്നു തീരുമാനിക്കുന്നത് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ്.

കേരളത്തിൽ കഴിഞ്ഞ കുറെക്കാലമായി സർചാർജ് ഈടാക്കുന്നതിൽ കമ്മീഷൻ തീരുമാനമെടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഉത്തരവ്. പുതിയ ചട്ടഭേദഗതി നടപ്പായാൽ റഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതി ഇല്ലാതെതന്നെ മാസം തോറും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ കെ.എസ്.ഇ.ബിക്ക് തീരുമാനമെടുക്കാം. വിപണി സാഹചര്യമനുസരിച്ച് മാസം തോറും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ വിതരണക്കമ്പനികൾക്ക് അനുവാദം നൽകുന്ന ഉത്തരവ് സ്വകാര്യ വൈദ്യുതി വിതരണക്കമ്പനികളെ സഹായിക്കാനാണെന്ന ആരോപണവും ഉണ്ട്.

കേരളം എന്തു തീരുമാനിക്കും?

കേന്ദ്രം വിജ്ഞാപനം ചെയ്ത ഉത്തരവ് നടപ്പാക്കുന്നതിൽ നിന്ന് കേരളത്തിനു മാത്രമായി വിട്ടു നിൽക്കാനാകുമോ ? ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്ന തിരക്കുപിടിച്ച അന്വേഷണത്തിലാണ് കേരള സർക്കാർ. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനുകളെ നോക്കുകുത്തികളാക്കുന്ന ഉത്തരവ് പുന:പരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

English Summary: Electricity Price May Hike Monthly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com