ട്രെയിൻ യാത്ര ചെയ്യുമ്പോൾ പലപ്പോഴും മണിക്കൂറുകളോളം വൈകിയെത്തുന്ന ട്രെയിൻ കാത്തിരുന്ന് മുഷിഞ്ഞിട്ടില്ലേ ? ഇനി അങ്ങനെ വരുമ്പോൾ കാത്തിരിക്കാതെ റെയിൽവേ നൽകുന്ന താമസസൗകര്യം (റിട്ടയറിങ് റൂം) പ്രയോജനപ്പെടുത്താം. പലർക്കും അറിയാത്ത ഒരു കാര്യമാണ് ഐ ആർ സി ടി സിയിൽ ഇത്തരമൊരു സൗകര്യമുണ്ടെന്നുള്ളത്. ദീർഘദൂര യാത്രകളിൽ മുംബൈയിലും ഡൽഹിയിലും പോലും 20 മുതൽ 40 രൂപയ്ക്ക് വരെ താമസിക്കാമെന്നുള്ളത് വലിയൊരു സൗകര്യമാണ് സാധാരണ യാത്രികർക്ക് നൽകുന്നത്. ഈ സൗകര്യം ലഭിക്കാൻ ബുക്ക് ചെയ്ത ടിക്കറ്റും പി എൻ ആർ നമ്പറും ഉണ്ടായിരിക്കണം. ആർ എ സി ടിക്കറ്റ് ഉള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഒരു പി എൻ ആർ നമ്പറിൽ ഒരു മുറി മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. മുറികൾ ബുക്ക് ചെയ്യാൻ https://www.rr.irctctourism.com/#/home സന്ദർശിക്കുക. പരമാവധി 48 മണിക്കൂറിനായിരിക്കും ബുക്കിങ് സൗകര്യം ലഭിക്കുക. സിംഗിൾ റൂം, ഡബിൾ റൂം, ഡോർമിറ്ററി സൗകര്യങ്ങളാണ് റിട്ടയറിങ് റൂമിൽ ഉണ്ടാകുക. എ സി മുറികളും ഇതിൽ ലഭ്യമാണ്. യാത്ര തുടങ്ങുന്ന സ്റ്റേഷനിലോ, അല്ലെങ്കിൽ അവസാനിക്കുന്ന സ്റ്റേഷനിലോ മാത്രമേ റിട്ടയറിങ് റൂം സൗകര്യം ഉപയോഗിക്കാനാകൂ. നേരെത്തെ ബുക്ക് ചെയ്യുകയാണെങ്കിൽ റിട്ടയറിങ് റൂം ലഭിക്കുവാൻ കൂടുതൽ സാധ്യതയുണ്ട്. അർദ്ധ രാതിയിലോ, പുലർച്ചയിലോ പുറപ്പെടുന്ന ട്രെയിനുകളിൽ പോകുന്നതിന് മുൻപായോ, എത്തിച്ചേർന്നതിന് ശേഷമോ, റിട്ടയറിങ് റൂമിൽ വിശ്രമിച്ച ശേഷം യാത്ര തുടരാം എന്ന വലിയ സൗകര്യമാണ് ഇത് യാത്രികർക്ക് നൽകുന്നത്. ഇനി ട്രെയിൻ യാത്ര ആസൂത്രണം ചെയ്യുന്നതിന് മുൻപ് പോക്കറ്റ് ചോരാതെ താമസവും ബുക്ക് ചെയ്യാം.
English Summary : Pocket Friendly Stay from Indian Railway