ADVERTISEMENT

പണപ്പെരുപ്പത്തെ ചെറുക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചതാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭവന വായ്പകളുടെ പലിശ നിരക്ക് കുത്തനെ ഉയരാന്‍ കാരണം. അതുകൊണ്ടു തന്നെ ഭവന വായ്പ എടുത്തവര്‍ക്കും എടുക്കാന്‍ ആലോചിക്കുന്നവര്‍ക്കും അത്ര നല്ല സമയമല്ല കടന്നുപോകുന്നത്. പലിശ നിരക്ക് തുടര്‍ച്ചയായി കൂടിയെങ്കിലും ഈ മേഖലയില്‍ വളര്‍ച്ച നേടിയിട്ടുമുണ്ട്. എങ്കിലും ഭവന വായ്പയെടുക്കുന്നവരുടെ പൊതുവായ വാങ്ങല്‍ ശേഷി കുറയുകയും സമ്മര്‍ദ്ദം ഏറുകയും ചെയ്തു. പണപ്പെരുപ്പത്തിന്റെ തോത് അനുസരിച്ച് റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയാലും ആശ്വാസം പകരാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയും. ഇത്തരം നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷ. എന്തായാലും 2023 ല്‍ വീട് വാങ്ങുന്നവര്‍ക്ക് അല്‍പ്പമൊക്കെ ആശ്വാസം ലഭിക്കുമെന്ന് ഏതാണ്ടുറപ്പിക്കാം.

വര്‍ദ്ധനവുണ്ട്, സുഗമമല്ല

2022 ഭവന നിര്‍മ്മാണ മേഖലയെ സംബന്ധിച്ചിടത്തോളം അത്ര നല്ലതല്ല. അനറോക്ക് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2021-നെ അപേക്ഷിച്ച് 2022-ല്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില്‍പ്പനയില്‍ 50 ശതമാനം വര്‍ദ്ധനവുണ്ട്. എന്നാൽ സമ്പദ് വ്യവസ്ഥയുടെ സുപ്രധാന ഭാഗമായിട്ടും വര്‍ദ്ധിച്ചുവരുന്ന പലിശനിരക്ക് മൂലം  ഭവന വായ്പാ മേഖല കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. 

നികുതി കിഴിവ് പരിധി ഉയര്‍ത്തണം

നിലവില്‍, ആദായനികുതി നിയമത്തിലെ സെക്ഷന്‍ 24 (ബി) പ്രകാരം  കൈവശപ്പെടുത്തിയ വസ്തുവിന്റെ കാര്യത്തില്‍ ഭവന വായ്പയുടെ പലിശയിനത്തിലെ നികുതി കിഴിവ് പരിധി 2 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പരിധി പ്രതിവര്‍ഷം 2 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തുമെന്നാണ് ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

ഭവന വായ്പകളുടെ പ്രധാന പേയ്‌മെന്റുകള്‍ക്കുള്ള കിഴിവ് സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതില്‍ മറ്റ് നിരവധി സംഭാവനകളും പേയ്‌മെന്റുകളും ഉള്‍പ്പെടുന്നു. ഇത് വര്‍ഷങ്ങളായി സ്തംഭനാവസ്ഥയിലാണ്. മൂലധനത്തിനും പലിശയ്ക്കുമുള്ള ഭവന വായ്പകളുടെ നികുതി സബ്‌സിഡി വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യവുമാണ്.  ഭവന വായ്പകള്‍ക്കുള്ള നിലവിലുള്ള നികുതിയിളവ് വര്‍ദ്ധിപ്പിച്ചാല്‍ കൂടിയ  ഇ.എം.ഐ ഭാരം കുറയുകയും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും. മാത്രമല്ല, ഭവന വായ്പകള്‍ മുന്‍കൂട്ടി അടയ്ക്കുന്നതിന് ഉയര്‍ന്ന ആദായനികുതി ഇളവുകളും ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. 

ഭവന വായ്പാ നിയമങ്ങളില്‍ മാറ്റം വേണം

ഭവന വായ്പകള്‍ താങ്ങാവുന്നതാകണമെങ്കില്‍ പലിശനിരക്ക് കുറയ്‌ക്കേണ്ടതുണ്ട്. വായ്പാ നിരക്കുകള്‍ ആര്‍ബിഐയുടെ പോളിസി നിരക്കുകളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഭവന വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള നിയമങ്ങളില്‍ ഇളവ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഡൗണ്‍ പേയ്മെന്റ് കുറയ്ക്കുകയോ വായ്പ ലഭിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുകയോ അടിയന്തരമായി ചെയ്യേണ്ടതുണ്ട്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പ്രത്യേക നികുതി ഇളവുകളോ കിഴിവുകളോ നല്‍കുന്ന നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. അതോടൊപ്പം ഭവന വായ്പയ്ക്കായി പരിഗണിക്കുന്ന വസ്തുവിന്റെ നിലവിലെ പ്രൈസ് ബാന്‍ഡ് 45 ലക്ഷം രൂപയെന്നത് മിക്ക നഗരങ്ങളിലും ഉചിതമല്ല. ഇത് 75 ലക്ഷമോ അതില്‍ കൂടുതലോ ആയി ഉയര്‍ത്തുകയും വേണം.

മൂലധനത്തിന്റെ നേട്ടത്തിന്മേലുള്ള നികുതി നിരക്ക് 20% ല്‍ നിന്ന് കുറയ്ക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്. ഇടത്തരക്കാര്‍ക്ക് താങ്ങാനാവുന്ന വീടുകളുടെ നിര്‍വചനത്തില്‍ തന്നെ കാര്യമായ മാറ്റങ്ങള്‍ വരണം.

English Summary : Home Loan Expectations in This Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com