കർഷകർക്ക് സന്തോഷിക്കാം; അക്കൗണ്ടിൽ പണം നാളെയെത്തും

Mail This Article
തിങ്കളാഴ്ച രാജ്യത്തെ കർഷകർക്ക് സന്തോഷത്തിന്റെ ദിവസമായേക്കും. പി.എം. കിസാൻ സമ്മാൻ നിധിയുടെ 13ാം ഗഡുവായ 2000 രൂപ അന്ന് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തും. ഫെബ്രുവരി 27 ന് വൈകീട്ട് 3 മണിക്ക് പതിമൂന്നാം ഗഡു വിതരണത്തിന്റെ ഉത്ഘാടനം പ്രധാനമന്ത്രി കർണാടകയിൽ നിർവഹിക്കും. കേന്ദ്ര കൃഷിമന്ത്രി തോമറാണ് ഇക്കാര്യം അറിയിച്ചത്.
2019 ൽ തുടങ്ങി
ചെറുകിട കർഷകരെ സഹായിക്കാൻ 2019 ലാണ് കേന്ദ്ര സർക്കാർ പി.എം. കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. പ്രതിവർഷം 6000 രൂപ മൂന്നു തുല്യ ഗഡുക്കളായി കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് എത്തിക്കുന്നതാണു പദ്ധതി. ഏപ്രിൽ - ജൂലായ്, ആഗസ്റ്റ് - നവംബർ, ഡിസംബർ-മാർച്ച് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് 2000 രൂപ വീതം അർഹരായ കർഷകർക്ക് നൽകുന്നത്. ഇതിനകം 12 ഗഡുക്കളായി 24000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. ഇനി പതിമൂന്നാമത്തെ ഗഡുവാണ് ലഭിക്കാനുള്ളത്.
ഇ- കെവൈസി നടപടി പൂർത്തിയാക്കണം
ഭൂമി വിവരങ്ങൾ നൽകാത്തവർക്കും ഇ-കെവൈസി നടപടി പൂർത്തിയാക്കാത്തവർക്കും പന്ത്രണ്ടാം ഗഡു ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കി ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ അധികൃതർ പല തവണ ആവശ്യപ്പെട്ടിരുന്നു. നിരവധി കർഷകർ ഈ നടപടികൾ പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് പതിമൂന്നാം ഗഡുവിന്റെ വിതരണം വൈകിയത്. കഴിഞ്ഞ വർഷം പുതുവത്സര സമ്മാനമായാണ് ഡിസംബർ- മാർച്ച് ഗഡു നൽകിയത്.
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാൻ
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമാണ് അടുത്ത ഗഡു ലഭിക്കുക. ഇതിനായി പോസ്റ്റോഫീസ് പെയ്മെന്റ് ബാങ്കിൽ അക്കൗണ്ട് തുറന്നാൽ മതി. ഈ സേവനം ലഭിക്കുന്നതിന് ആധാർ കാർഡും മൊബൈൽ ഫോണുമായി തൊട്ടടുത്ത പോസ്റ്റോഫീസുമായി ബന്ധപ്പെടണം.
English Summary : Kisan Samman Nidhi will Distribute for Farmers on Monday