ഇപ്പോൾ ഭൂരിപക്ഷം പേരുടെയും മനസ്സിൽ ലോഗൗട്ട് എന്നൊന്നില്ല. എപ്പോഴും ലോഗിൻ ചെയ്തിരിക്കും. ഫോണിലും ലാപ്പിലും ഇ–മെയിലും ഫെയ്സ് ബുക്കും ഒക്കെ ലോഗിൻ ആയിരിക്കും. ഇടയ്ക്കിടയ്ക്കു നോക്കും, മറുപടി അയയ്ക്കും. പക്ഷേ, ഇതുണ്ടാക്കുന്ന അപകടസാധ്യതയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?
‘‘ബാങ്കിൽനിന്നുള്ള ഒടിപി അടക്കം വില പിടിച്ച, തികച്ചും രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങളാണ് ഇതുവഴി നിങ്ങൾ ആർക്കൊക്കെയോ തുറന്നുകൊടുക്കുന്നത്. ഈ വിവരങ്ങൾ ഹാക് ചെയ്ത് ആരെങ്കിലും നിങ്ങളുടെ അക്കൗണ്ടിൽനിന്നു പണം അടിച്ചു മാറ്റിയാലും അതെങ്ങനെ സംഭവിച്ചു എന്നറിയാനാകില്ല. എന്നിട്ടു ബാങ്കിനെയും മറ്റു സംവിധാനങ്ങളെയും പഴിക്കും.പക്ഷേ, യഥാർഥത്തിൽ തെറ്റ് ഫോൺ ഉടമയായ നമ്മുടേതു തന്നെയല്ലേ?’’ ചോദിക്കുന്നത് സൈബർ വിദഗ്ധനായ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്. ഈ രീതി ഒരിക്കലും പാടില്ല. ലോഗൗട്ട് ചെയ്യാൻ ഒരു സെക്കൻഡ് മതി. അതു ചെയ്താൽ തന്നെ വലിയൊരു പരിധി വരെ സുരക്ഷ ഉറപ്പാക്കാം. ഫോണ്‍ ഹാക് ചെയ്താലും മെയിലിലോ ഫെയ്സ് ബുക്കിലോ കേറാൻ എളുപ്പമാകില്ല. ദിവസം നാലോ അഞ്ചോ തവണയാകും ഇവയെല്ലാം ചെക്ക് ചെയ്യുക. ഓരോ തവണയും പാസ്‌വേഡ് അടിച്ചു കേറുക. കാര്യം കഴിഞ്ഞാൽ ലോഗൗട്ട് ചെയ്യുക. ഇതു ശീലമാക്കുക. അതിനു ഏതാനും സെക്കൻഡുകൾ മതി.
ലോഗൗട്ട് സംവിധാനം ഉള്ള ഇടത്തെല്ലാം അതുപയോഗിച്ചിരിക്കും എന്നതു ശീലമാക്കുക. ലോഗിൻ ചെയ്തിടരുത്. ഹാക് ചെയ്യാനും പണം നഷ്ടപ്പെടാനും സാധ്യത കൂടും. സുരക്ഷയ്ക്കായി നമ്മുടെ വീട്ടിലെ വാതിലുകളിൽ വച്ചിട്ടുള്ള പൂട്ടുകൾ പോലെയാണു ലോഗിൻ, ലോഗൗട്ട് സംവിധാനങ്ങൾ. ശരിയായി ഉപയോഗിച്ചാൽ അപകടങ്ങൾ വലിയ പരിധി വരെ ഒഴിവാക്കാം.
English Summary : Log Out after Using E Mail