ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് വിസയിൽ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന വ്യക്തികൾക്ക് (B-1, B-2) പുതിയ ജോലികൾക്ക് അപേക്ഷിക്കാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും കഴിയുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു, എന്നാൽ ജോലി തുടങ്ങുന്നതിന് മുൻപ് വ്യക്തികൾ അവരുടെ വിസിറ്റ് വിസ ജോലി വിസ ആക്കി മാറ്റണമെന്ന നിബന്ധന ഉണ്ട്.
ബി വിസകൾ
ബി-1, ബി-2 വിസകളെ പൊതുവെ "ബി വിസകൾ" എന്നാണ് വിളിക്കുന്നത്, അമേരിക്കയിൽ സാധാരണയായി നൽകുന്ന വിസയാണ് അവ. ബി-1 വിസ പ്രധാനമായും ഹ്രസ്വകാല ബിസിനസ്സ് യാത്രകൾക്കാണ് നൽകുന്നത്, ബി-2 വിസ പ്രധാനമായും വിനോദസഞ്ചാര ആവശ്യങ്ങൾക്കായാണ് നൽകുന്നത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ കമ്പനികളിൽ അടുത്തിടെ നടത്തിയ പിരിച്ചുവിടലുകൾ കാരണം അമേരിക്കയിലെ ഇന്ത്യക്കാരുൾപ്പെടെ ഉയർന്ന വൈദഗ്ധ്യമുള്ള ആയിരക്കണക്കിന് വിദേശ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോൾ വിനോദ സഞ്ചാര വിസയിലും ജോലി കണ്ടുപിടിക്കാൻ സാഹചര്യമൊരുക്കുന്നത്. ഒരു ജോലി പോയാൽ 60 ദിവസത്തിനുള്ളിൽ വേറെ ജോലി കണ്ടുപിടിക്കാനായില്ലെങ്കിൽ അമേരിക്ക വിടണമെന്ന നിയമത്തിൽ ഒരു വിട്ടുവീഴ്ച്ചയും സർക്കാർ ചെയ്യില്ല. പക്ഷെ ഇതിൽ ഇളവ് വരുത്തണമെന്ന അപേക്ഷകൾ ചില സംഘടനകൾ അമേരിക്കൻ സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്.
English Summary: Visa Changes in USA