ADVERTISEMENT

നഗരത്തിലെ ആ ടൈപ്പ് റൈറ്റിങ് സ്ഥാപനത്തിനു മുന്നില്‍ ഒരു സുപ്രഭാതത്തില്‍ പുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു; മൂന്നു ഭാഷകളില്‍ ടൈപ്പ് ചെയ്തു കൊടുക്കപ്പെടും.

റോഡിന് എതിര്‍വശത്തുള്ള ഫോട്ടോസ്റ്റാറ്റ് കടക്കാരന് ഇതു കണ്ടിട്ടു സഹിച്ചില്ല. തൊട്ടടുത്ത ദിവസംതന്നെ അയാളും പുതിയ ബോര്‍ഡ് തൂക്കി;

എല്ലാ ഭാഷയിലും ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്തു കൊടുക്കപ്പെടും!

അടുത്ത കടയിലെ ആളനക്കങ്ങളും മിനുക്കുപണികളും നോക്കി ഇങ്ങനെ സ്വന്തം ബിസിനസിന്റെ പകിട്ട് സ്വയം ഇല്ലാതാക്കുന്ന കച്ചവടക്കാര്‍ ധാരാളമുണ്ട്. സ്വന്തം കച്ചവടത്തിന്റെ മഹിമയെക്കാള്‍ അന്യരിലേക്കു കണ്ണും കാതും കൂര്‍പ്പിക്കുന്ന അസൂയാലുക്കളാണിവര്‍. അപരനെ തോല്‍പിക്കാനുള്ള ആവേശത്തില്‍ കാട്ടിക്കൂട്ടുന്ന ഈ സൂത്രപ്പണികള്‍ ഇത്തരക്കാരെ അപഹാസ്യരാക്കും എന്ന കാര്യം ഉറപ്പാണ്.

സ്വയം ശിക്ഷ ഏറ്റുവാങ്ങുന്നവർ

അടുത്ത കടക്കാരന്‍ എന്തു ചെയ്താലും അത് തന്നെ തകര്‍ക്കാനാണെന്നു കരുതുന്നവര്‍ക്ക് ഒരിക്കലും സ്വന്തം കച്ചവടം മുന്നോട്ടു കൊണ്ടുപോകാനാവില്ല. ഓരോരുത്തരും അവരവര്‍ക്കു മുന്നേറാനുള്ള വേറിട്ട മാര്‍ഗം കണ്ടുപിടിക്കുക എന്നതാണു പ്രധാനം. എന്തു ചെയ്തിട്ടായാലും മറ്റവനെ തോല്‍പിക്കണമെന്നും തനിക്കുമാത്രം വളരണമെന്നും താന്‍ മാത്രം രക്ഷപ്പെടണമെന്നും വിചാരിക്കുന്നവര്‍ രക്ഷയല്ല സ്വയം ശിക്ഷയാണ് ഏറ്റുവാങ്ങുന്നത്.

വീട്ടിലെ ധൂര്‍ത്തിനെച്ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്നും വലിയ വഴക്കും വക്കാണവുമായിരുന്നു. ഭര്‍ത്താവിനോടു തര്‍ക്കിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലായ ഭാര്യ ഒടുവില്‍ ഇങ്ങനെ പ്രാര്‍ഥിച്ചുവത്രെ. ദൈവമേ, ഇക്കാര്യത്തില്‍ എന്റെ ഭര്‍ത്താവിന്റെ ഭാഗത്താണു തെറ്റെങ്കില്‍ അദ്ദേഹം മരിച്ചുപോകട്ടെ. ഇനി എന്റെ ഭാഗത്താണു കുഴപ്പമെങ്കില്‍ എന്നെ ഒരു വിധവയാക്കേണമേ. 

സംഗതി എന്തായാലും താന്‍ മാത്രം ജീവിച്ചിരിക്കണമെന്നു കരുതുന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഇത്തരക്കാര്‍ ചുറ്റുമുള്ളവരെ അനുകരിച്ച് ക്രമേണ അവരുടെയെല്ലാം മുന്നില്‍ പാപ്പരാകും. 

വേണം സഹകരണം

അതേസമയം ടൈപ്പ് റൈറ്റിങ് സ്ഥാപനം നടത്തുന്നവനോട്, അതിന്റെ കോപ്പികള്‍ ആവശ്യമുള്ളവരെ തന്റെ കടയിലേക്കു പറഞ്ഞയയ്ക്കണം എന്നു പറഞ്ഞു സഹകരണ മനോഭാവത്തോടെ ഒന്നിച്ചു വളരാനുള്ള വഴിയുണ്ട്. അപ്പോഴാണ് ഇത്തരത്തില്‍ മറ്റുള്ളവരെ തകര്‍ക്കാനും സ്വയം നശിക്കാനുമുള്ള വഴികള്‍ തേടുന്നതെന്ന് ഓര്‍ക്കണം.

പരസ്പര ബഹുമാനത്തോടെ സ്ഥാപനങ്ങള്‍ നടത്തുകയും രണ്ടുകൂട്ടരും ഒരുപോലെ വിജയിച്ചു മുന്നോട്ടുപോകുകയും ചെയ്യുന്ന ഒട്ടേറെ സംരംഭങ്ങള്‍ നമ്മുടെ നാട്ടില്‍ത്തന്നെയുണ്ട് എന്നതു കാണാതെ പോകരുത്. എന്തായാലും, ഒന്നു ചീയുന്നതു മറ്റൊന്നിനു വളം എന്ന ചിന്ത ചന്തയില്‍ ചെലവാകില്ല. 

English Summary : How To Work in Co operative Way in Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com