'വീട്ടിലിരുന്ന് സിനിമ കാണൂ, ദിവസം 2500 രൂപ നേടൂ': ജാഗ്രത! തട്ടിപ്പിന്റെ പുതിയ മുഖം
Mail This Article
വീട്ടിലിരുന്ന് സിനിമ കണ്ട് ദിവസവും 2500 രൂപ മുതൽ 5000 രൂപ വരെ സമ്പാദിക്കൂ എന്ന പേരിലാണ് പുതിയ തട്ടിപ്പ് അരങ്ങേറുന്നത്. ഓൺലൈനിൽ സിനിമാ ടിക്കറ്റുകൾ വാങ്ങാനും ബോളിവുഡ്, ഹോളിവുഡ്, സൗത്ത് ഇന്ത്യൻ സിനിമകൾ കാണാനും ആവശ്യപ്പെട്ടുള്ള തട്ടിപ്പുകൾ മുൻപും അരങ്ങേറിയിട്ടുണ്ട്. ഗുരുഗ്രാമിൽ നിന്നാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമാ റേറ്റിങ് തട്ടിപ്പിൽ വീണ സ്ത്രീക്ക് ഏകദേശം 76 ലക്ഷം രൂപ നഷ്ടപ്പെട്ടു.
പാർട്ട് ടൈം ജോലി
ഗുരുഗ്രാമിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ദിവ്യ എന്ന സ്ത്രീക്കാണ് സിനിമകൾ കാണാനും റേറ്റുചെയ്യാനുമുള്ളപാർട്ട് ടൈം ജോലിയിലൂടെ ഓൺലൈനിൽ 76 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടത് .
ഒരു മൊബൈൽ ആപ്പിലൂടെയാണ് തട്ടിപ്പുകാർ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തന്നെ ബന്ധപ്പെട്ടതെന്ന് യുവതി പരാതിയിൽ പറയുന്നു. രണ്ട് ദിവസത്തിന് ശേഷം, മറ്റൊരു സ്ത്രീ വാട്സാപ്പിൽ സന്ദേശമയയ്‌ക്കാൻ തുടങ്ങി. ഈ പാർട്ട് ടൈം ജോലിയിൽ ബിറ്റ്മാക്സ്ഫിലിം ഡോട്ട് കോം ആപ്പിൽ ഫിലിമുകൾ റേറ്റിങ് ചെയ്യുന്നുണ്ടെന്നും അധിക പണം സമ്പാദിക്കുന്നതിന് റജിസ്റ്റർ ചെയ്ത് റേറ്റിങ് ആരംഭിക്കാൻ ആവശ്യപ്പെട്ടു.
ഗുജറാത്തിലും സമാന തട്ടിപ്പ്
ഗുജറാത്തിൽ നിന്നുള്ള ദമ്പതികൾക്ക് ഒരു കോടി രൂപയാണ് ഇതുപോലെ തന്നെയുള്ള ഒരു തട്ടിപ്പ് കേസിൽ നഷ്ടപ്പെട്ടത്. ഈ കേസിൽ, ഇരകളോട് ടിക്കറ്റ് വാങ്ങാൻ കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും, അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കള്ള കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയം മൂലം ദമ്പതികൾ ആവശ്യമായ ഡെപ്പോസിറ്റ് അക്കൗണ്ട് നിലനിർത്താൻ ശ്രമിച്ചപ്പോൾ എല്ലാം നഷ്ടപ്പെടുകയും ചെയ്തു.
രണ്ട് കേസുകളിലും, റേറ്റുചെയ്യുന്നതിന് മുൻകൂട്ടി പണം നിക്ഷേപിക്കാൻ ഇരകളോട് ആവശ്യപ്പെടും. തട്ടിപ്പുകാർ ഇരകൾക്ക് അവരുടെ നിക്ഷേപങ്ങൾ തിരികെ ലഭിക്കുന്നതിന് മിനിമം ഡെപ്പോസിറ്റ് തുകയും നിശ്ചയിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
എങ്ങനെ ഒഴിവാക്കാം?
ഓൺലൈൻ വർക്ക് ഫ്രം ഹോം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ, പണം മുൻകൂട്ടി നിക്ഷേപിക്കാൻ ആവശ്യപ്പെടുമ്പോൾ ജാഗ്രത പാലിക്കുകയും അത്തരം അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും കമ്പനിയെയോ വ്യക്തിയെയോ ഒഴിവാക്കുകയും വേണം.
എങ്ങനെ തട്ടിപ്പ് നടത്തുന്നു?
എല്ലാ ദിവസവും ഒരു സെറ്റെങ്കിലും പൂർത്തിയാക്കണമെന്ന് തട്ടിപ്പുകാർ ആദ്യമേ ആവശ്യപ്പെടും. ഓരോ സെറ്റിലും 28 സിനിമകൾക്ക് റേറ്റിങ് നൽകണം. റേറ്റിങ് ആരംഭിക്കുന്നതിന് അക്കൗണ്ട് 10,500 രൂപയ്ക്ക് റീചാർജ് ചെയ്യണം. അതിനുശേഷം പണം പിൻവലിക്കാമെന്ന് അറിയിക്കും.
നിക്ഷേപം നടത്തുന്നതിനും ജോലി ആരംഭിക്കുന്നതിനുമായി തട്ടിപ്പ് നടത്തുന്നയാൾ ഒരു അക്കൗണ്ട് നമ്പറും പങ്കിട്ടുവെന്ന് ചതിയിൽ കുടുങ്ങിയ സ്ത്രീ പറഞ്ഞു. ടിക്കറ്റുകൾ റേറ്റുചെയ്യുമ്പോൾ ഒരു പ്രീമിയം ടിക്കറ്റ് ലഭിച്ചുവെന്നും ഈ പ്രീമിയം ടിക്കറ്റിനായി നെഗറ്റീവ് ബാലൻസ് ഇടപാട് പൂർത്തിയാക്കിയാൽ എല്ലാ നിക്ഷേപങ്ങളും പിൻവലിക്കാമെന്ന വാഗ്ദാനത്തിൽ 21,23,765 രൂപ നിക്ഷേപിക്കാൻ ഇരയോട് നിർദ്ദേശിച്ചതായി പോലീസ് പറഞ്ഞു.
കോവിഡിന് ശേഷം വർക്ക് ഫ്രം ഹോം ജോലികളുടെ ഭാഗമായി വീടുകളിൽ ഇരുന്നു ജോലി ചെയ്യാം എന്ന രീതിയിൽ ഇത്തരം തട്ടിപ്പുകൾ കൂടിയിരിക്കുകയാണ്. ജോലി തുടങ്ങുന്നതിനു മുൻപും, തുടങ്ങിയ ശേഷവും പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുള്ള ഫോൺ കോളുകൾ വിശ്വസിക്കരുതെന്നു പോലീസ് ഡിപ്പാർട്ടുമെൻറ്റുകൾ വീണ്ടും വീണ്ടും മുന്നറിയിപ്പ് നൽകുന്നുണ്ട്.
English Summary : Financial Fraud in The Form of Movie Watching