ഓസ്ട്രേലിയയ്ക്ക് പോകുവാണോ? തെറ്റായ വിവരങ്ങൾ നൽകുന്ന മൈഗ്രേഷൻ ഏജന്റുമാരെ സൂക്ഷിക്കൂ!

Mail This Article
ഓസ്‌ട്രേലിയയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ പൂരിപ്പിക്കുന്ന മൈഗ്രേഷൻ ഏജന്റുമാരെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഒ'ഫാരെൽ. ഇന്ത്യയിൽ നിന്നും കള്ളത്തരത്തിലുള്ള അപേക്ഷകൾ കൂടിയതിനാൽ ഓസ്‌ട്രേലിയയിലെ സർവ്വകലാശാലകൾ ഇന്ത്യൻ അപേക്ഷകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയും ജമ്മു കശ്മീരും ഉൾപ്പെടുന്ന സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ വിലക്കുള്ളത്.
“ഫോം കൃത്യമായി പൂരിപ്പിക്കാതെ വിദ്യാർത്ഥികളെ ചതിക്കുന്ന മൈഗ്രേഷൻ ഏജന്റുമാരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. തെറ്റായ വിവരങ്ങളും വഞ്ചനാപരമായ ആപ്ലിക്കേഷനുകളും കൂടുന്നതിനാൽ പല ഓസ്ട്രേലിയൻ സർവകലാശാലകളും ഉത്തരവാദികളായ മൈഗ്രേഷൻ ഏജന്റുമാരെ വിലക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഒ'ഫാരെൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തട്ടിപ്പിൽപ്പെടാതിരിക്കാൻ വിദ്യാർത്ഥികൾ വിസയുടെയും അഡ്മിഷൻ അപേക്ഷകളുടെയും പകർപ്പ് കാണണമെന്ന് നിർബന്ധം പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 7,00,000ത്തിലധികം ജനസംഖ്യയുള്ള ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ജനസംഖ്യ ഇന്ത്യൻ കുടിയേറ്റക്കാരാണ്, ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ ഏകദേശം 86,000 ഇന്ത്യക്കാർ പഠിക്കുന്നു. പല ഏജന്റുമാരും മാതാപിതാക്കളെയും, വിദ്യാർത്ഥികളെയും ചതിച്ചാണ് ഓസ്‌ട്രേലിയൻ യൂണിവേഴ്സിറ്റികളിലേക്ക് എത്തിക്കുന്നത്. ഇവരിലൂടെ അഡ്മിഷൻ എടുക്കുമ്പോൾ തന്നെ സ്വയം യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കിയാൽ ചതിയിൽപ്പെടുന്നത് തടയാനാകും.
English Summary: Beware of Migration Agents Fraud to Australia