ADVERTISEMENT

 

 

 

സമ്പന്നരായ ഇന്ത്യക്കാർ പണം ചെലവാക്കുന്ന കാര്യത്തിൽ മറ്റ് രാജ്യക്കാരേക്കാൾ മുന്നിലാണ്. ലോക്ക്ഡൗൺ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ഇന്ത്യക്കാർ വലിയ ഫ്ലാറ്റുകൾ, ആഡംബര അവധിദിനങ്ങൾ, ആഭരണങ്ങൾ, വാച്ചുകൾ, പുറത്തുനിന്നു ഭക്ഷണം കഴിപ്പ്  എന്നിവക്കായി നന്നായി പണം ചെലവിടുന്നുണ്ട്.  2024-ഓടെ ഇന്ത്യയുടെ  ആഡംബര വസ്തുക്കളുടെ വിപണി  50,000 കോടി രൂപയിലധികം കുതിച്ചുയരുമെന്ന് യൂറോമോണിറ്റർ ഇന്റർനാഷണൽ കണക്കാക്കുന്നു. വ്യക്തിഗത ആഡംബരങ്ങൾ, ഫൈൻ വൈനുകൾ, ഷാംപെയ്ൻ, മറ്റ് വിലകൂടിയ മദ്യങ്ങൾ, ആഡംബര കാറുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സമ്പന്നർ മാത്രമല്ല ഇടത്തരക്കാരും ചെലവാക്കുന്നതിൽ ഒട്ടും പിന്നിലല്ല.

എന്തുകൊണ്ട് ഇന്ത്യക്കാർ കാശ് വാരിയെറിഞ്ഞു ചെലവാക്കുന്നു

ഇന്ത്യയുടെ കുതിച്ചുയരുന്ന ഓഹരി വിപണിയാണ് അതിനു ഒരു കാരണം. 5 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ 74 ശതമാനമാണ് സെൻസെക്സ് ഉയർന്നിരിക്കുന്നത്. ഇന്ത്യയിലെ ഓഹരി വിപണിയിൽ ഈ കാലഘട്ടത്തിൽ നിക്ഷേപിച്ചിരിക്കുന്നവർക്കെല്ലാം കൈനിറയെ പണം നല്കിയിട്ടുണ്ടെന്നർത്ഥം. ചെറുപ്പക്കാരാണ് കാശ് കൂടുതൽ ചെലവാക്കുന്നതിലും, ഓഹരിയിലും, മ്യൂച്ചൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നതിലും മുൻപിൽ നിൽക്കുന്നത്. ഇന്ത്യയെ പോലുള്ള വളർന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയിൽ ഓഹരി വിപണി ഇനി വരുന്ന വർഷങ്ങളിൽ മാജിക്ക് കാണിക്കാൻ പോകുന്നതേയുള്ളൂ എന്ന് പ്രവചിക്കുന്നവർ ഏറെയുണ്ട്

Representative image. Photo Credit: Deepak Sethi/istockphoto.com
Representative image. Photo Credit: Deepak Sethi/istockphoto.com

ഡിജിറ്റൽ സേവനങ്ങൾ

ഞൊടിയിടയിൽ എന്തും വീട്ടിലെത്തിക്കുന്ന സേവനങ്ങൾ നഗരങ്ങളിലും, വലിയ പട്ടണങ്ങളിലും വലിയ രീതിയിൽ വളരുന്നതും ചെലവുകൾ കൂട്ടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ഭക്ഷണങ്ങൾ മുതൽ, വിദേശ രാജ്യങ്ങളിൽ പാചക പരീക്ഷണങ്ങൾ വരെ ഇന്ത്യയിലെ മിഡിൽ ക്ലാസ്സിനും ഇപ്പോൾ പെരുത്ത് ഇഷ്ടമാണ്. ഈ ഒരു മനോഭാവം മുതലെടുക്കാൻ ബ്രാൻഡഡ് കമ്പനികളും മത്സരിക്കുകയാണ്. ഓർഡർ ചെയ്‌താൽ 5  മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുന്ന ബ്ലിങ്കിറ്റ്‌ മുതൽ ആരാണ് ഡെലിവർ  ചെയ്യുന്നത് എന്ന് പോലും തിരിച്ചറിയാതെ രാത്രി 11 മണി വരെ ഓർഡർ ചെയ്‌താൽ പിറ്റേന്ന് വെളുപ്പിന് 5  മണിക്കേ വീട്ടു വാതിൽക്കൽ സാധനങ്ങൾ എത്തിച്ചുതരുന്ന സേവനദാതാക്കളും  ഉപഭോക്താക്കളുടെ പൈസ ചോർത്തുന്നുണ്ട്. ഫോൺ പേ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യൻ നഗരങ്ങളിലെ ഉപഭോക്താക്കൾ 10000 രൂപ മുതൽ 30000 രൂപ വരെയാണ് പലചരക്ക് സാധങ്ങൾക്കും ഭക്ഷണത്തിനുമായി ഒരു മാസം ചെലവിടുന്നത്.

കടയിൽ പോയി വാങ്ങാൻ ഇഷ്ടം  

ലോക്ക് ടൗണിനു ശേഷം കടകളിലും, മാളുകളിലും നേരിട്ട് പോയി സാധനങ്ങൾ വാങ്ങാനും ഇന്ത്യക്കാർക്ക് താല്പര്യം കൂടിയിട്ടുണ്ട്. രണ്ടു വർഷത്തെ അടച്ചിരിക്കലിന് ശേഷം അത്രയും നാൾ ചെലവാക്കാതിരുന്നത് കൂടി ചെലവാക്കാൻ നഗരങ്ങളിലെ ഉപഭോക്താക്കൾ താല്പര്യപ്പെടുന്നുവെന്നു സർവ്വേകൾ കാണിക്കുന്നു. കടകളിൽ പോകുമ്പോൾ  കാണുന്നതെല്ലാം വാങ്ങാൻ തോന്നുന്ന സ്വഭാവവും പൊതുവെ ഇന്ത്യക്കാർക്ക് ഉണ്ട്. എളുപ്പത്തിൽ ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകളും, ബൈ നൗ പേ ലേറ്റർ സ്കീമുകളും ഈ പ്രവണത കൂടുതൽ വളർത്തുന്നുമുണ്ട്. വസ്ത്രങ്ങൾക്കും ചെരുപ്പുകൾക്കും മാത്രം ഒരു മാസം കുറഞ്ഞത് ജോലി ചെയ്യുന്ന സ്ത്രീകൾ 1500 മുതൽ 5000 വരെ ചെലവാക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ബ്രാൻഡഡ് വസ്ത്രങ്ങൾ, വിവാഹങ്ങൾ, മറ്റ് ആഘോഷങ്ങൾ, ഉത്സവങ്ങൾ മുതൽ  അർബൻ ക്ലാപ്പ് പോലുള്ള  വീട്ടുജോലി സേവനങ്ങൾക്ക്  വരെ ഉപഭോക്താക്കൾ കണ്ണുമടച്ച് ചെലവാക്കുകയാണ്. ഉപഭോക്താക്കളെ വാങ്ങുന്ന ശീലം പഠിപ്പിക്കാനും കമ്പനികൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇന്ത്യക്കാർ കൈ അയച്ചു ചെലവ് ചെയ്യുന്ന ഈ ശീലം കണ്ടിട്ടുതന്നെയാണ് വിദേശ കമ്പനികളും കച്ചമുറുക്കി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. മറ്റു രാജ്യങ്ങളിൽ വളർച്ച കുറയുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളരുന്നതിലും, കമ്പനികൾ ഓരോ പാദത്തിലും ലാഭം കൂട്ടുന്നതിന്റെയും രഹസ്യം ഇന്ത്യക്കാരുടെ ഈ  മത്സരിച്ചുള്ള ചെലവാക്കൽ തന്നെയാണ്. 

English Summary : Indians are Spending Highly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com