ഓണം ബംബര്‍ : ഒരു കോടി അടിച്ചാൽ എത്ര കിട്ടും കൈയിൽ?
Mail This Article
ഓണം ബംബര്‍ നറുക്കെടുപ്പാണ് കേരളത്തിലെ ഭാഗ്യാന്വേഷികൾ ഉറ്റുനോക്കുന്നത്. ഒറ്റയ്ക്കും കൂട്ടായും ടിക്കറ്റെടുത്തവര്‍ ഒരുപാട് പേരുണ്ട്. ഇതിനോടകം 50 ലക്ഷത്തിന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ഭാഗ്യശാലികളെ അറിയാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേ ഉള്ളൂ. നറുക്കെടുപ്പ് തീയതി സെപ്റ്റംബര്‍ 20നാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഓണം ബംബര്‍ പുതിയ രീതിയിലാണ് അവതരിപ്പിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
ബംബര്‍ സമ്മാനം ഉള്‍പ്പെടെ ഇത്തവണ 21 പേര്‍ക്കാണ് കോടികള്‍ ലഭിക്കുക. അതായത് 25 കോടിയുടെ ഒന്നാം സമ്മാനത്തിന് ശേഷം രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. ഇതില്‍ ഒരു കോടി കിട്ടുന്നവര്‍ ഈ കാര്യങ്ങള്‍ അറിയണം.
കൈയിൽ എത്ര കിട്ടും?
1961 ലെ ആദായ നികുതി നിയമം സെക്ഷന്‍ 194ബി പ്രകാരം ലോട്ടറിയില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം അനുവദിക്കുകയുള്ളൂ.
1 കോടി രൂപ സമ്മാനമടിച്ചാല്‍ മുഴുവന്‍ തുകയും ലഭിക്കില്ല. അതായത് 10 ശതമാനം ഏജന്റ് കമ്മീഷന്‍ പോകും. അങ്ങനെ 10 ലക്ഷം രൂപ ഈ ഇനത്തില്‍ സമ്മാന തുകയില്‍ നിന്ന് കുറയും. ബാക്കി 90 ലക്ഷം രൂപയില്‍ നിന്ന് ടിഡിഎസ് ഈടാക്കും. 30 ശതമാനം നിരക്കിലാണ് ലോട്ടറി സമ്മാനത്തില്‍ നിന്ന് നികുതി ഈടാക്കുക. 30 ശതമാനം ടിഡിഎസ് ഈടാക്കുമ്പോള്‍ 27 ലക്ഷം രൂപ കുറവ് വരും. ബാക്കിയുള്ളത് 63 ലക്ഷം രൂപയാണ്.
കൂടാതെ, ഹെല്‍ത്ത് ആന്‍ഡ് ഏജ്യുക്കേഷന്‍ സെസും നല്‍കണം. ടിഡിഎസ് ആയി ഈടാക്കിയ തുകയുടെ 4 ശതമാനം ആണ് സെസ് പിടിക്കുക. 1.18ലക്ഷം രൂപ സെസ് ആയി ഈടാക്കും. ഇത്തരത്തില്‍ ഏജന്‍സി കമ്മീഷനും നികുതിയും സര്‍ചാര്‍ജും സെസും കിഴിച്ചാല്‍ 59,11,200 രൂപ ലോട്ടറിയിടിച്ച വ്യക്തിക്ക് ലഭിക്കും.
നികുതി
10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്കാണ് നേരത്തെ നികുതി ഈടാക്കിയിരുന്നത്. എന്നാല്‍ ഒരു സാമ്പത്തിക വര്‍ഷം ഒന്നില്‍ കൂടുതല്‍ തവണ ലോട്ടറിയടിക്കുന്നവര്‍ക്ക് നികുതി നല്‍കണം. അതായത് എല്ലാ ലോട്ടറികളില്‍ നിന്നും ആ സാമ്പത്തിക വര്‍ഷം 10,000 രൂപയില്‍ കൂടുതല്‍ തുക ലോട്ടറിയടിച്ചാല്‍ നികുതി ഈടാക്കും. സമ്മാനമടിച്ച തുക ഉപയോഗിച്ച് ബാങ്കിലോ മറ്റ് നിക്ഷേപങ്ങളില്‍ നിന്നോ ബിസിനസില്‍ നിന്നോ ലാഭമുണ്ടാക്കുമ്പോള്‍ നികുതി നല്‍കേണ്ടി വരും.
English Summary : Onam Bumper Lottery and Its Tax Implications