ADVERTISEMENT

ഇന്ത്യയിലെ യുവാക്കൾ ഒരു ദിവസം എത്ര മണിക്കൂർ ജോലി ചെയ്യണം? ഇൻഫോസിസ് സഹസ്ഥാപകനായ നാരായണമൂർത്തി ദിവസങ്ങൾക്കു മുമ്പ് നൽകിയ ഒരഭിമുഖത്തിൽ ഇങ്ങനെ പറയുന്നു:

1) ഇന്ത്യയുടെ ഉൽപാദനക്ഷമത (productivity) ആഗോളതലത്തിൽ വളരെ താഴെയാണ്; 

2) ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ചില്ലെങ്കിൽ നമുക്കെങ്ങനെ വൻ പുരോഗതി നേടിയ രാജ്യങ്ങളുമായി മത്സരിക്കാനാകും; 

3) ജീവനക്കാർ ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ചില്ലെങ്കിൽ പാവം സർക്കാരിന് എന്തുചെയ്യാൻ കഴിയും; 

4) നമ്മുടെ യുവാക്കൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ആശാവാഹമല്ലാത്ത ചില സ്വഭാവങ്ങൾ സ്വീകരിക്കുന്നു; അങ്ങനെ രാഷ്ട്രത്തെ സഹായിക്കുന്നില്ല.

തുടർന്നദ്ദേഹം പറയുന്നു; “നമ്മുടെ യുവാക്കൾ പറയണം - ഇതെന്റെ രാജ്യമാണ്; ആഴ്ചയിൽ 70 മണിക്കൂർ ഞാൻ ജോലി ചെയ്യും”. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കുറച്ചു വർഷങ്ങളിൽ ജർമൻകാരും ജപ്പാൻകാരും ഇതുതന്നെയാണ് ചെയ്തതെന്നും കൂടി അദ്ദേഹം പറയുന്നു. 

office-3-

ഇന്ത്യയിലെ യുവാക്കൾ അനുകരിക്കേണ്ട മാതൃകയാണോ ഇത്?

ജപ്പാനും ജർമ്മനിയും 

രണ്ടാം ലോകമഹായുദ്ധത്തിൽ പരാജിതരും തകർന്നവരുമാണ് ജപ്പാനും ജർമ്മനിയും. യുദ്ധം, ആഭ്യന്തരയുദ്ധം, പ്രകൃതി ദുരന്തം - ഇത്തരം ദുരന്തങ്ങൾക്ക് ശേഷം ഒറ്റക്കെട്ടായ ഒരു രാഷ്ട്ര പുനർനിർമാണം ആവശ്യമാണ്. പക്ഷേ 2023ലെ ഇന്ത്യയിൽ ഇത്തരമൊരു രാഷ്ട്ര പുനർനിർമാണമാണോ വേണ്ടത്. ഇത്തരമൊരു പുനർനിർമ്മാണം ഇപ്പോൾ വേണ്ടത് യുക്രെയ്നിലും ഗാസയിലുമല്ലേ?

അലസരായ യുവാക്കൾ

ചെയ്തുതീർക്കാൻ ഒരുപാട് ജോലിയുണ്ട്; എന്നാൽ ഊർജ്ജസ്വലരായ യുവാക്കളെ കിട്ടുന്നില്ല - നാരായണമൂർത്തിയുടെ വാക്കുകൾ കേട്ടാൽ തോന്നുന്നത് ഇതാണ്. എന്നാൽ യാഥാർത്ഥ്യമോ? 19 മുതൽ 35 വരെ വയസ്സുള്ള 41 കോടി പേരാണ് ഇന്ത്യയിൽ ഉള്ളത്; 15നും 64 നും ഇടയ്ക്ക് പ്രായമുള്ളവരുടെ സംഖ്യ 95 കോടിയും. അസിം പ്രേംജി യൂണിവേഴ്സിറ്റി സെപ്റ്റംബറിൽ പുറത്തിറക്കിയ ഒരു റിപ്പോർട്ട് (State of Working India 2023) പ്രകാരം ഇന്ത്യയിലെ ബിരുദധാരികളിൽ 15% പേർ തൊഴിലില്ലാത്തവരാണ്. മാത്രമല്ല 25 വയസ്സിൽ താഴെയുള്ള ബിരുദധാരികളിലെ തൊഴിലില്ലായ്മ 42% ആണ്! അഥവാ ആഴ്ചയിൽ 70 മണിക്കൂർ പോയിട്ട് 40 - 50 മണിക്കൂർ നേരത്തേക്കുള്ള മാന്യമായ ശമ്പളമുള്ള ജോലി വേണ്ടവർക്ക് മുഴുവൻ കൊടുക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കഴിയുന്നില്ല - ഉയർന്ന വളർച്ചാ നിരക്ക് ഉള്ളപ്പോൾ പോലും! 

girl1

രാഷ്ട്ര നിർമ്മാണം

എപ്പോഴാണ് ഒരു രാഷ്ട്രത്തിന്റെ യശസ്സ് ഉയരുന്നത്? ഇന്ത്യ ഒരു റിപ്പബ്ലിക് ആണ്. പരമാധികാരം പൗരന്മാർക്കാണ് എന്നതാണ് ഒരു റിപ്പബ്ലിക്കിന്റെ അടിസ്ഥാന ആശയം. അഥവാ പൗരന്മാർ തന്നെയാണ് രാഷ്ട്രം; രാഷ്ട്രം തന്നെയാണ് പൗരന്മാർ. പൗരന്മാർക്ക് പുറത്തുള്ള ഒരാശയമല്ല രാഷ്ട്രം. എങ്കിൽ പൗരന്മാർക്കെല്ലാം ഉയർന്ന ജീവിത നിലവാരം കൈവരുമ്പോളല്ലേ ഒരു രാഷ്ട്രത്തിന്റെ യശസ്സ് ഉയരുന്നത്? ജീവിതനിലവാരമുയരാൻ തൊഴിലും വരുമാനവും വേണം. അങ്ങനെയെങ്കിൽ തൊഴിൽ ചെയ്യാൻ സന്നദ്ധരായവർക്ക് ജോലി ലഭിക്കാത്തത് വ്യാവസായിക നിക്ഷേപത്തിന്റെ കുറവ് കൊണ്ടല്ലേ? 

നിക്ഷേപകർക്ക് ആകർഷകമാണോ ഇന്ത്യ?

1991ലെ ഉദാരവൽക്കരണത്തിനു ശേഷം ഇന്ത്യ വ്യവസായികൾക്ക് കൂടുതൽ ആകർഷകമായി. എന്നാൽ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മളിപ്പോഴും പുറകിലാണ്. ഇന്ത്യയെ അനാകർഷകമാക്കുന്നതിൽ ഒരു പ്രധാന കാരണം ഇവിടുത്തെ തൊഴിൽ സേനയുടെ നൈപുണ്യക്കുറവാണ് (skill deficit). അഥവാ പ്രശ്നം വിദ്യാഭ്യാസ രംഗത്താണ്. ശരിയായ വിദ്യാഭ്യാസം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമല്ലേ? സ്വാതന്ത്ര്യം ലഭിച്ച 75 വർഷം കഴിഞ്ഞിട്ടും വിദ്യാഭ്യാസത്തിൽ പുറകിലായത് ഭരണനിർവഹണത്തിന്റെ പരാജയമല്ലേ? സർക്കാരുകൾ അത്ര പാവമാണോ? 

office5

വിദ്യാഭ്യാസം

70 മണിക്കൂർ ജോലി ചെയ്യുന്നതിന് പകരം 40 - 50 മണിക്കൂർ വരെ ജോലി ചെയ്യുക; പിന്നെ 7 മണിക്കൂർ പഠനത്തിനായി ചെലവഴിക്കുക - ഇങ്ങനെ അഭ്യസ്തവിദ്യരാകുന്നവർ രാഷ്ട്രത്തിന് മുതൽക്കൂട്ടല്ലേ? ഇതും രാഷ്ട്ര നിർമ്മാണമല്ലേ? 

ഉൽപാദനക്ഷമതയും ജോലിസമയവും

സമാന സാഹചര്യത്തിൽ പൂർണ ശ്രദ്ധയോടെ തുല്യസമയം ജോലിചെയ്യുന്ന രണ്ടു പേർ. ഒന്നാമന്റെ ഉൽപ്പാദനത്തിന്റെ 50% കൂടുതലാണ് രണ്ടാമന്റേത്. ഇവിടെ ഒന്നാമന്റെ ഉൽപ്പാദനക്ഷമത കുറവാണ്. നൈപുണ്യത്തിൽ രണ്ടുപേരും തമ്മിലുള്ള വിടവാണ് ഉൽപ്പാദനത്തിലും കാണുന്നത്. ഈ വിടവിനുള്ള ഒരു പ്രധാന കാരണം വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും വ്യത്യാസം ആയിരിക്കും. എങ്കിൽ ഉത്പാദനക്ഷമത കുറവുള്ളയാളുടെ നൈപുണ്യം വർധിപ്പിക്കുകയല്ലേ വേണ്ടത്? ഇതിനുപകരം നാരായണമൂർത്തി പറയുന്നത് അവരെക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കണമെന്നതാണ്!

lady-plan

ഉൽപാദനക്ഷമതയെ നിർണയിക്കുന്ന മറ്റൊരു ഘടകം തൊഴിലിടത്തേക്ക് ജീവനക്കാരൻ കൊണ്ടുവരുന്ന ഊർജ്ജസ്വലതയും ഉത്സാഹവുമാണ്. ആവശ്യത്തിനു വിശ്രമവും വിനോദവും ലഭിച്ച ഒരു ജീവനക്കാരൻ അതേ ശേഷിയുള്ള എന്നാൽ വിശ്രമവും വിനോദവും നിഷേധിക്കപ്പെട്ട മറ്റൊരു ജീവനക്കാരനെക്കാൾ ഊർജ്ജവും ഉത്സാഹവും ജോലിസ്ഥലത്ത് കാണിക്കുന്നു. ഇതയാളുടെ ഉത്പാദനക്ഷമത ഉയർത്തുന്നു. ഇവിടെയും നാരായണമൂർത്തി പറഞ്ഞതിന് കടകവിരുദ്ധമാണ് കാര്യങ്ങൾ         

70 മണിക്കൂറും ജോലി ചെയ്യാം 

സംരംഭകർ കഠിനാധ്വാനം ചെയ്യുന്നവരാണ്; ദീർഘസമയം ജോലി ചെയ്യുന്നവരാണ്. സംരംഭം വിജയിച്ചാലവർക്ക് വൻ നേട്ടം ലഭിക്കും. എന്നാൽ അതുപോലെയാണോ ജീവനക്കാർ? (എംപ്ലോയീസ് സ്റ്റോക് ഓപ്ഷൻ പ്ലാൻ (ESOP) വഴി കുറഞ്ഞ നിരക്കിൽ ഇൻഫോസിസ് ഓഹരി ലഭിച്ച് പിന്നീടവ വിറ്റഴിച്ച് സമ്പന്നരായ ഇൻഫോസിസ് ജീവനക്കാരെ മറക്കുന്നില്ല. ഇത്തരം പദ്ധതികൾ പക്ഷേ അത്ര വ്യാപകമല്ല) ഇനി ജോലി ചെയ്യുന്നത് തന്നെ സംതൃപ്തി നൽകുന്നുവെങ്കിൽ ജീവനക്കാരും സ്വമേധയാ കൂടുതൽ സമയം ജോലി ചെയ്തേക്കാം. എന്നാൽ വിരസമായ ജോലികൾ ചെയ്യുന്നവരോട് കൂടുതൽ മണിക്കൂറുകൾ ജോലി സ്ഥലത്ത് ചെലവഴിക്കാൻ ആഹ്വാനം ചെയ്താണോ രാഷ്ട്രം നിർമ്മിക്കേണ്ടത്? വിരസമായ തൊഴിലുകളിൽ മാറ്റം വരുത്തി ആകർഷകമാക്കേണ്ടത് തൊഴിൽ ദാതാവിന്റെ കൂടി ഉത്തരവാദിത്തമല്ലേ? ചില തൊഴിലുകൾ കൂടുതൽ സമയം ചെയ്യുന്നത് നൈപുണ്യം വർധിപ്പിക്കും; അത്തരം തൊഴിലുകളിൽ കൂടുതൽ സമയം ചെലവഴിക്കാൻ ജീവനക്കാർ സ്വയം സന്നദ്ധരാകും. എന്നാൽ ആവർത്തന വിരസമായ ജോലികളിൽ കൂടുതൽ സമയം ചെലവഴിക്കാൻ പറയുന്നത് അന്യായമല്ലേ?  

ആശയങ്ങളുടെയും നിർമ്മിത ബുദ്ധിയുടെയും ലോകം

happy-6-

നമ്മളിപ്പോൾ ജീവിക്കുന്നത് ആശയങ്ങളുടെയും പുതുരീതികളുടെയും (innovation) ലോകത്താണ്. ആശയങ്ങളിൽ അധിഷ്ഠിതമായ അധ്വാനമാണ് ഇന്നത്തെ ആവശ്യം. എന്നാൽ നാരായണമൂർത്തി അധ്വാനത്തെ ജോലിസ്ഥലത്ത് ചെലവഴിക്കുന്ന മണിക്കൂറുകൾ മാത്രമാക്കി ചുരുക്കുന്നു. മാത്രമല്ല നിർമിത ബുദ്ധി തൊഴിലുകളെ എങ്ങനെ ബാധിക്കുമെന്ന് ലോകമാകമാനം ചർച്ച നടക്കുമ്പോൾ വിവരസാങ്കേതിക വിദ്യയിൽ ആഗോളതലത്തിൽ മുന്നിട്ടുനിൽക്കുന്ന ഒരു കമ്പനിയുടെ സഹസ്ഥാപകൻ ജോലിസ്ഥലത്ത് ചെലവഴിക്കുന്ന മണിക്കൂറുകൾ വർദ്ധിപ്പിക്കണമെന്ന് പറയുന്നത് വിരോധാഭാസമല്ലേ?

52 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിലെ മൂന്നു മിനിറ്റോളം സമയത്താണ് നാരായണമൂർത്തി 70 മണിക്കൂർ ജോലി ചെയ്യേണ്ടതിനെ പറ്റി പറയുന്നത്. എന്നാൽ ബാക്കിയുള്ള 49 മിനിറ്റ് വളരെ ഉൾക്കാഴ്ചയോടു കൂടിയും കൃത്യമായ ബോധ്യത്തോടു കൂടിയും മനോഹരമായാണ് നാരായണമൂർത്തി സംസാരിച്ചത് എന്ന കാര്യം വിമർശിക്കുമ്പോൾ തന്നെ പറയേണ്ടിവരും. 

English Summary:

Concepts of N R Narayan Murthy about Employability Among Indian Youth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com