ADVERTISEMENT

വീടിനടുത്ത് ചെറുറോഡിൽ പതിവില്ലാത്ത ശബ്ദം കേട്ടാണ് ഉണർന്നത്. കഴിഞ്ഞ ദിവസം മരിച്ച ഗംഗാധരേട്ടന്റെ സംസ്‌കാരം ഇന്നാണ്. അണമുറിയാത്ത പ്രവാഹംതന്നെ. ബ്ലേഡ് ഗംഗു എന്നാണു നാട്ടിൽ അറിയപ്പെട്ടിരുന്നത്. കണ്ണിൽചോരയില്ലാത്തവൻ, അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്തവൻ... അങ്ങനെ പല പേരിലും ആക്ഷേപിക്കപ്പെട്ടു. നാട്ടുകാർക്കൊന്നും അത്ര മതിപ്പില്ലായിരുന്നു.

‘എത്തുന്നവരൊന്നും ഈ നാട്ടുകാരല്ല.’ ഭാര്യ പുറത്തിറങ്ങി നോക്കി പ്രഖ്യാപിച്ചു. 

‘അതെങ്ങനാ ഇവിടെ എല്ലാവരെയും പിഴിയുകയായിരുന്നില്ലേ.’ ഞാൻ പറഞ്ഞു.

‘അല്ലെങ്കിലും പണം കൊടുത്തു സഹായിക്കുന്നവരെയൊന്നും ആർക്കും മതിപ്പുണ്ടാകില്ലല്ലോ...’ ഭാര്യ പറഞ്ഞു. 

‘പണത്തിന് ആവശ്യമുള്ളവരെ ചൂഷണം ചെയ്യുന്നതാണോ സഹായം,’ ഞാൻ ചോദിച്ചു. 

‘എന്തു ചൂഷണം? പണം വെറുതെ കൊടുക്കാൻ കഴിയില്ലല്ലോ. അതിന് ഒരു തുക പ്രതിഫലം പലിശ കിട്ടേണ്ടേ.’ ‘പലിശ എന്നല്ല, ബ്ലേഡ് പലിശ എന്നാണ് പറയേണ്ടത്.’ ഞാൻ പറഞ്ഞു.

‘പക്ഷേ, പുള്ളി ഈടു വാങ്ങാതെയാണല്ലോ കടം കൊടുത്തിരുന്നത്. ആരു ചെന്നാലും പണവുമായി തിരികെപ്പോകാം. ആധാരവും ആഭരണവുമൊന്നും പിടിച്ചുവാങ്ങില്ല. മതിയായ ഈടില്ലാതെ എവിടെ നിന്നു കടം വാങ്ങിയാലും പലിശ കൂടുതലായിരിക്കും.’ ഗംഗാധരേട്ടനെ ന്യായീകരിക്കുകയാണോ പൊതുതത്വം പറയുകയാണോ എന്നെനിക്കു മനസ്സിലായില്ല. ശരിയാണ്, ബാങ്ക് വായ്പയിൽ ഏറ്റവും കൂടുതൽ പലിശ, ഈടു വാങ്ങാതെ നൽകുന്ന പെഴ്‌സണൽ ലോണിലാണല്ലോ. വീടും സ്ഥലവും ഈടു വാങ്ങുന്ന ഭവനവായ്പയ്ക്ക് പലിശ കുറവാണ്. 

പണം വെറുതെ കിട്ടില്ലല്ലോ

‘കൊടുക്കുന്ന പണം തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ല. പിരിച്ചെടുക്കാൻ പുള്ളിക്കു ഗുണ്ടാ സെറ്റപ്പുമില്ല. കൊടുത്ത പണം പലിശരൂപത്തിൽ തിരികെക്കിട്ടിയാൽ മുതലിനായി കാർക്കശ്യം കാട്ടാറുമില്ല. അതിന്റെ പ്രയോജനം ലഭിച്ചവരാണ് ഇങ്ങനെ അണമുറിയാതെ ഒഴുകുന്നത്.’ ഭാര്യ പറഞ്ഞു.

ശരിയാണ്. മരിച്ച ഗംഗാധരേട്ടനെ കാണാൻ ഇത്രയും പേര്‍ പല ദിക്കുകളിൽനിന്ന് എത്തുന്നുവെങ്കിൽ അത് സ്‌നേഹസ്മരണകൊണ്ടായിരിക്കും. 

‘ബ്ലേഡ് ഗംഗു എന്നു പേരുണ്ടെങ്കിലും വലിയ സമ്പാദ്യമൊന്നും പുള്ളിക്കില്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പുള്ളീടെ വഴി ശരിയായിരുന്നോ എന്നറിയില്ല. പക്ഷേ, അയാളുടെ പണം പലർക്കും ഉപകാരപ്പെട്ടു. ആർക്കും പണം വെറുതെ കിട്ടില്ലല്ലോ. അതിനൊരു ഫീസ് ഉണ്ട്. അതു സ്വീകരിക്കുന്നതിൽ തെറ്റില്ല.’ ഭാര്യ തത്വം പറഞ്ഞു.

അപ്പോഴാണ് തൊട്ടപ്പുറത്തെ ലക്ഷ്മിച്ചേച്ചി വന്നത്. ഭാര്യയോട് എന്തോ രഹസ്യം പറഞ്ഞു കുറച്ചു പൈസ കൊടുക്കുന്നതു കണ്ടു. അവര്‍ പോയശേഷം ഞാൻ ചോദിച്ചു: ‘എന്താണ് ബിസിനസ്?’

‘കടം വാങ്ങിയത് തിരികെത്തന്നതാണ്. ഇങ്ങനെ അത്യാവശ്യത്തിന് പണം ചോദിക്കുന്നവർ തിരികെ തരുമ്പോൾ ഒരു ഫീസുകൂടി തരും. ആ പണം കൂട്ടിവച്ചാണ് ഞാൻ പാവങ്ങളെ സഹായിക്കുന്നത്. ഉള്ളവരിൽനിന്ന് വാങ്ങി ഇല്ലാത്തവർക്കു കൊടുക്കുക.’ രാവിലെ തത്വം വിളമ്പിയതിനും ഗംഗാധരേട്ടന് സ്‌നേഹാഞ്ജലി അർപ്പിച്ചതിനും പിന്നിലെ ചേതോവികാരം അതാണ്. അപ്പോൾ അകത്തുനിന്ന് മോളുടെ ശബ്ദം ‘അമ്മേ ലക്ഷ്മി ചേച്ചി പൈസ തന്നല്ലോ, എന്നോടു വാങ്ങിയത് തിരിച്ചുതരണേ, ഫീസ് സഹിതം’ 

ലേഖകൻ ഫിനാൻഷ്യൽ ജേണലിസ്റ്റും ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനുമാണ്

English Summary:

The Sorrows of a Loan Borrower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com