ADVERTISEMENT

വിമാന യാത്രക്കാർക്ക് അവരുടെ ഐഡികളും യാത്രാ രേഖകളും സംരക്ഷിക്കാൻ കഴിയുന്ന പ്ലാറ്റ്‌ഫോമായ ഡിജി യാത്ര ആപ്പ് വഴിയുള്ള യാത്ര സേവനങ്ങൾ ഏപ്രിൽ അവസാനത്തോടെ 14 വിമാനത്താവളങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.

വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത യാത്രാനുഭവം നൽകാനാണ് ഡിജി യാത്ര ആരംഭിച്ചത്. യാത്രക്കാരുടെ വിശദാംശങ്ങൾ ആപ്പുമായി പങ്കുവെച്ചിട്ടുണ്ടെങ്കിൽ നീണ്ട സുരക്ഷാ ക്യൂകൾ ഒഴിവാക്കാനാകും. ഡിജി യാത്ര ആപ്പ് ഒരു യാത്രക്കാരൻ്റെ ബോർഡിങ് പാസിനെ ഫേസ് റെക്കഗ്നിഷൻ സിസ്റ്റവുമായി (FRS) ലിങ്ക് ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോൾ  ബോർഡിങ് ഗേറ്റുകളിൽ എത്തുന്നതിനും പ്രീ-സെക്യൂരിറ്റി പരിശോധന പൂർത്തിയാക്കുന്നതിനും കുറച്ച് സമയമേ എടുക്കൂ.  രാജ്യാന്തര യാത്രക്കാർക്കും ഡിജി യാത്രാ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന് ബന്ധപ്പെട്ട പങ്കാളികളുമായി ചർച്ചകൾ നടന്നുവരികയാണെന്ന് ഡിജി യാത്ര ഫൗണ്ടേഷൻ സിഇഒ സുരേഷ് ഖഡക്ഭാവി അറിയിച്ചു. ഏപ്രിൽ അവസാനത്തോടെ 14 വിമാനത്താവളങ്ങളിൽ കൂടി ഡിജി യാത്ര നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയതായി എവിടെയൊക്കെ? 


2022 ഡിസംബറിൽ ന്യൂഡൽഹി, ബെംഗളൂരു, വാരണാസി എന്നീ മൂന്ന് വിമാനത്താവളങ്ങളിലാണ് 'ഡിജി യാത്ര' ആരംഭിച്ചത്, തുടർന്ന് 2023 ഏപ്രിലിൽ വിജയവാഡ, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ ആരംഭിച്ചു. ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂർ, ദബോലിം, ഇൻഡോർ, മംഗലാപുരം, പാട്ന , റായ്പൂർ, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം, വിശാഖപട്ടണം എന്നിവയായിരിക്കും ഡിജി യാത്ര  ഈ മാസം അവസാനം ലഭ്യമാകുന്ന  14 വിമാനത്താവളങ്ങൾ.

രേഖകൾ ചോരുമോ ?

 മുഖം തിരിച്ചറിയൽ രേഖയായി ഉപയോഗിച്ച് ലളിതമായ മൂന്ന്-ഘട്ട റജിസ്ട്രേഷൻ പ്രക്രിയ ചെയ്താണ് ഡിജി യാത്ര ആപ്പ് ഉപയോഗിക്കേണ്ടത്. റജിസ്ട്രേഷൻ കഴിഞ്ഞാൽ, യാത്രക്കാർക്ക് ടെർമിനലിനുള്ളിലും സെക്യൂരിറ്റി ചെക്ക് ഏരിയയിലും ബോർഡിങ് ഗേറ്റുകളിലും തടസമില്ലാതെ പോകാനാകും. നേരത്തെ, യാത്രക്കാർ തങ്ങളുടെ മൊബൈൽ ഫോണിൽ ഡിജിയാത്ര ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും ഡിജി യാത്ര സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യുകയും ചെയ്യണം.

റജിസ്ട്രേഷന് ശേഷം, ഉപയോക്താക്കൾ അവരുടെ ക്രെഡൻഷ്യലുകൾ ഡിജിലോക്കർ വഴിയോ ഓഫ്‌ലൈൻ ആധാർ വഴിയോ ലിങ്ക് ചെയ്യേണ്ടതുണ്ട്. ആധാർ ലിങ്കിങ് പൂർത്തിയായിക്കഴിഞ്ഞാൽ, യാത്രക്കാർ സെൽഫി എടുത്ത് അത് ആപ്ലിക്കേഷനിലൂടെ അപ്‌ലോഡ് ചെയ്യണം. തുടർന്ന് ഉപയോക്താക്കൾക്ക്  അവരുടെ ബോർഡിങ് പാസുകൾ ഡിജിയാത്ര ആപ്പിൽ അപ്ഡേറ്റ് ചെയ്യാം.

സിവിൽ ഏവിയേഷൻ മന്ത്രാലയം പറയുന്നതനുസരിച്ച്, ഡിജി യാത്രാ പ്രക്രിയയിൽ, യാത്രക്കാരുടെ വ്യക്തിഗതമായി തിരിച്ചറിയാവുന്ന വിവരങ്ങളുടെ ഡാറ്റയുടെ സെൻട്രൽ സ്റ്റോറേജ് ഇല്ല.  യാത്ര കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ സിസ്റ്റത്തിൽ നിന്ന് ഈ ഡാറ്റ നീക്കം ചെയ്യും. യാത്ര വിവരങ്ങൾ  ഡാറ്റ എൻക്രിപ്റ്റ് ചെയ്‌തിരിക്കുന്നതിനാൽ മറ്റേതെങ്കിലും സ്ഥാപനത്തിന് ഉപയോഗിക്കാൻ കഴിയില്ല.

English Summary:

Digi Yatra Extending to More Airports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com