ADVERTISEMENT

ബജറ്റിലെ ആദായനികുതി സംബന്ധമായ നിർദേശം നിലവിൽ വന്നാൽ 6.5 –7 ലക്ഷം രൂപ വരെയുള്ള ആദായത്തിനു നികുതി നൽകേണ്ടതില്ല എന്ന വാഗ്ദാനം ഒട്ടേറെ പേർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. പക്ഷേ അതു നിങ്ങൾക്ക് ബാധകമാണോ എന്നതാണ് പ്രസ്കതമായ ചോദ്യം?.

ഇതിനുള്ള ഉത്തരം, നിങ്ങൾ വിചാരിച്ചാൽ ഇത്രയും തുക വരെയുള്ള വരുമാനത്തെ പൂർണമായും നികുതിയിൽ നിന്ന് ഒഴിവാക്കാം എന്നാണ്.

പക്ഷേ അതിനു കൃത്യം പ്ലാൻ ചെയ്ത് അർഹമായ ഇളവുകൾ എല്ലാം നേടിയെടുക്കണം. അതുവഴി നികുതി ബാധകവരുമാനം അഞ്ചു ലക്ഷം രൂപയിൽ ഒതുക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ ബഹുഭൂരിപക്ഷം പേരെയും പോലെ നിങ്ങളുടെ നികുതി ബാധ്യത നിലവിലുള്ളതു പോലെ തുടരും.

ബജറ്റ് പറയുന്നത്

ആദ്യം എന്താണ ്ബജറ്റിൽ പറഞ്ഞിരിക്കുന്നതെന്നു നോക്കാം. നികുതി സ്ലാബിലോ നിരക്കിലോ വ്യത്യാസം ഒന്നും വരുത്തിയിട്ടില്ല. പകരം നികുതി ബാധകമായ വരുമാനം അഞ്ചു ലക്ഷത്തിനു താഴെയാണെങ്കിൽ നിങ്ങൾ നൽകേണ്ട മുഴുവൻ നികുതിയ്ക്കും റിബേറ്റ് അനുവദിക്കും. നിലവിൽ 3.5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിനാണ് (2500 രൂപ) റിബേറ്റ്. ഈ റിബേറ്റാണ് അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിനു ബാധകമാക്കിയിരിക്കുന്നത്. ഇതു വഴി നിങ്ങളുടെ 12,500 രൂപ വരെയുള്ള നികുതി ബാധ്യത പൂർണമായും ഒഴിവാകും. പക്ഷേ നികുതി ബാധകമായ വരുമാനം അഞ്ചു ലക്ഷം കടന്നാൽ ഈ റിബേറ്റിനു അർഹതയില്ല. എന്നു മാത്രമല്ല 2.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുഴുവൻ തുകയ്ക്ക് സ്ലാബ് പ്രകാരമുള്ള നികുതി നൽകേണ്ടിയും വരും.

ഇവിടെ ആണ് നിങ്ങളുടെ റോൾ നിർണായകമാകുന്നത്. നികുതി ബാധകമായ വരുമാനം അഞ്ചു ലക്ഷത്തിനു താഴെയാക്കി നിർത്തുക എന്ന ദൗത്യമാണ് നിങ്ങൾക്ക് മുന്നിലുള്ളത്.

അഞ്ചു ലക്ഷം കവിയാതിരിക്കാൻ എന്തു ചെയ്യണം?

നിങ്ങളുടെ മൊത്തം വരുമാനം ഏഴു ലക്ഷം രൂപ വരെയായാലും വലിയ ബുദ്ധിമുട്ടില്ലാതെ നികുതി ബാധകമായ വരുമാനം അഞ്ചു ലക്ഷത്തിനു താഴേയ്ക്ക് കൊണ്ടുവരാൻ അവസരം ഉണ്ട്.

80 സിയിലെ 1.5 ലക്ഷം രൂപയ്ക്ക് പുറമെ ഹെൽത്ത് പ്രീമിയം, വിദ്യാഭ്യാസ വായ്പ, ഭവനവായ്പ എന്നിവയിലെ ഇളവുകൾ, വീട്ടുവാടക അലവൻസ്, നാഷണനൽ പെൻഷൻ സ്കീം തുടങ്ങിയവയിൽ നേടാവുന്ന ഇളവ് എന്നിവയെല്ലാം പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ശമ്പള വരുമാനകാർക്ക് അര ലക്ഷം രൂപ അടിസ്ഥാന ഇളവായും ലഭിക്കും.

കൃത്യമായി പ്ലാൻ ചെയ്ത് ,എല്ലാ ഇളവുകളും ശരിയായി ഉപയോഗപ്പെടുത്തിയാൽ എട്ടു മുതൽ പത്തു ലക്ഷം രൂപ വരെയുള്ള വരുമാനത്തേയും അഞ്ചു ലക്ഷം എന്ന നികുതി ബാധക വരുമാനത്തിലേയ്ക്ക് പിടിച്ചു കെട്ടാൻ കഴിയുമെന്ന് മനസിലാക്കുക. അതു വഴി വലിയൊരു തുക ലാഭിക്കാനും കഴിയും.

ജൂലൈയോടെ പുതിയ സർക്കാരിന്റെ ബജറ്റ് വരും. പുതിയ നിർദേശം പ്രാബല്യത്തിൽ വരുമോയെന്ന് അപ്പോൾ വ്യക്തമാകും. അന്നു മുതൽ ആസൂത്രണം ചെയ്താലും അഞ്ചു ലക്ഷം എന്ന പരിധി നേടിയെടുക്കാവുന്നതേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com