ADVERTISEMENT

പുതിയ സാമ്പത്തിക വർഷം മുതൽ  ആദായ നികുതിദായകർ  ഫേസ്ബുക്കും ട്വിറ്ററും പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ പൊങ്ങച്ചം വിളമ്പുന്നതിനു മുമ്പ് അൽപം കരുതൽ എടുക്കുക. കാരണം സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരെല്ലാം ഇന്നു മുതൽ  ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ വരുന്നുണ്ട്. ആദായ നികുതി സംബന്ധിയായ വിവരങ്ങൾ  പിന്തുടരുന്നതിന് ബിഗ്ഡാറ്റ അധിഷ്ഠിതമായി 1000 കോടി രൂപ ചെലവഴിച്ച് വകുപ്പ് തയാറാക്കിയ പ്രോജക്ട് ഇൻസൈറ്റ് എന്ന പദ്ധതി ഇതിനായി ഒരുങ്ങി കഴിഞ്ഞു.

വരവിൽ കവിഞ്ഞ സ്വത്ത് ഉണ്ടോ?

ഇന്നലെ വരെ ആളുകളുടെ ആദായ നികുതി സംബന്ധിയായ വിവരങ്ങൾക്കായി  ബാങ്കു നൽകുന്ന ഇടപാടു വിവരങ്ങളെ ആണ് ആദായ നികുതി വകുപ്പ് ആശ്രയിച്ചിരുന്നത്. പകരം ഇനി മുതൽ ആളുകളുടെ മൊത്തം വിവരങ്ങളും സമാഹരിക്കാനാണ് പുതിയ പ്രോജക്ട് ഇൻസൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഏഴുവർഷം കൊണ്ടാണ് പദ്ധതി വികസിപ്പിച്ചെടുത്തത്. അതായത് ഇനി മുതൽ ഫേസ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ആളുകൾ പങ്കുവെക്കുന്ന വിവരങ്ങളും പ്രോജക്ട് ഇൻസൈറ്റിന്റെ നിരീക്ഷണത്തിലുണ്ടാകും.

ആദായ നികുതി ദായകർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുണ്ടോ എന്നു കണ്ടെത്തുന്നതിനാണ് പുതിയ ട്രാക്കിങ് സംവിധാനം കൊണ്ടു വരുന്നത്. ഇതിലൂടെ ഉയർന്ന തുകയുടെ ഇടപാടുകൾ, നിക്ഷേപങ്ങൾ, ചെലവുകൾ എന്നിവയെല്ലാം കൃത്യമായി നിരീക്ഷിക്കാൻ കഴിയും.

ഉദാഹരണത്തിന് അഞ്ചുലക്ഷം രൂപയുടെ വരുമാനം കാണിച്ചിട്ടുള്ള ആൾ 30 ലക്ഷത്തിന്റെ കാർ വാങ്ങിയാൽ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ആദായ നികുതി വകുപ്പിന്റെ ചോദ്യവും പ്രതീക്ഷിക്കാം. മുമ്പ് സർക്കാർ ഉദ്യോഗസ്ഥരും മറ്റുമായിരുന്നു ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിയിരുന്നത്. ഇനി  മുതൽ ഇത്തരം ഇടപാടുകൾ നടത്തുന്ന എല്ലാവരും ഇതിന് ഉത്തരം നൽകേണ്ടി വരും.

 രണ്ടാമത്തെ വീടിന് ആനുകൂല്യമേറെ

ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച ആദായ നികുതി ഇളവുകളും ആനുകൂല്യങ്ങളും ഇന്നു പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. അതായത് നികുതി വിധേയ വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവരുടെ നികുതി ബാധ്യത റിബേറ്റ് വഴി പൂർണമായും ഒഴിവാകും.ഒപ്പം തന്നെ ശമ്പളക്കാർക്കുള്ള സ്റ്റാൻഡേര്‍ഡ് ഡിഡക്ഷൻ 40000 രൂപയിൽ നിന്ന് 50000 രൂപയാക്കിയതും ഇന്നു മുതൽ പ്രാബല്യത്തിലായി. 

2019–20 സാമ്പത്തിക വർഷത്തിൽ നിലവിൽ വന്ന ശ്രദ്ധേയമായ മറ്റൊരു മാറ്റം പാർപ്പിടങ്ങളുമായി ബന്ധപ്പെട്ട നികുതി ആനുകൂല്യങ്ങളാണ്, ഇതനുസരിച്ച്  വീടു വിറ്റു കിട്ടുന്ന തുക ഉപയോഗിച്ച് ഇനി രണ്ടു വീടുകള്‍ വരെ വാങ്ങാം. രണ്ടു കോടി രൂപ വരെയുള്ള  മൂലധന നേട്ടമാണ് ഇത്തരത്തിലുപയോഗപ്പെടുത്താനാകുക. രണ്ടു വീടുള്ളവരുടെ രണ്ടാമത്തെ വീട് അടച്ചിട്ടിരിക്കുകയാണെങ്കിൽ പോലും അനുമാന വാടക കണക്കാക്കി നികുതി അടക്കണമെന്ന നിബന്ധനയുണ്ടായിരുന്നത് പുതിയ സാമ്പത്തിക വർഷത്തിൽ ഇല്ലാതായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com