ആദായ നികുതി എത്രയെന്നു കണക്കാക്കാം

money 845
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ സ്വയം ഇ ഫയല്‍ ചെയ്യാം- 12

ആദായ നികുതി നല്‍കേണ്ടാത്ത വിവരവും രേഖപ്പെടുത്തുന്നതോടെ ഏറെക്കുറെ വരുമാനത്തെ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായി നല്‍കിക്കഴിഞ്ഞു. ഇനി ആദായ നികുതി എത്രയെന്നാണ് കണക്കാക്കുന്നത്. എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ യഥാര്‍ത്ഥ നികുതി എത്രയെന്ന് ഓട്ടോ ഫില്ലായി കോളത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ ഭാഗത്തെ ആദ്യ കോളത്തില്‍ വരുമാനത്തിന് എത്ര രൂപ നികുതി നല്‍കേണ്ടിവരും എന്നാണ് കാണിക്കുക. അടുത്ത കോളത്തില്‍ സെക്ഷന്‍ 87 എ പ്രകാരം നിങ്ങള്‍ക്ക് എത്ര രൂപ റിബേറ്റിന് അര്‍ഹതയുണ്ട് എന്നാണ് രേഖപ്പെടുത്തേണ്ടത്. ഇതും ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തപ്പെടും.നിങ്ങളുടെ മൊത്ത വരുമാനം മൂന്നരലക്ഷം രൂപയില്‍ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ നല്‍കേണ്ട നികുതി എത്രയാണോ അത്, അല്ലെങ്കില്‍ 2500 രൂപ- ഇതില്‍ ഏതാണോ കുറവ് അത്രയും രൂപയുടെ റിബേറ്റിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. റിബേറ്റിന് അര്‍ഹതയില്ലെങ്കില്‍ എത്രയാണോ നികുതി നല്‍കേണ്ടത് ആ തുകയുടെ നാല് ശതമാനം സെസ് കൂടി അടുത്ത കോളത്തില്‍ രേഖപ്പെടുത്തണം. ഇങ്ങനെ ചെയ്യുന്നതോടെ അടുത്ത കോളത്തില്‍ നികുതിയും സെസും ചേര്‍ത്തുള്ള തുക വരും. ഇതിനുശേഷം ശമ്പള കുടിശികയോ അഡ്വാന്‍സോ ലഭിച്ചിട്ടുണ്ടെങ്കില്‍ ആ തുക രേഖപ്പെടുത്തണം. സെക്ഷന്‍ 89(1) പ്രകാരമാണ് ഈ ഇളവ് ലഭിക്കുക.  ഫോം 16 ലെ പാര്‍ട്ട് ബിയില്‍ കാണിച്ചിരിക്കുന്ന തുകയോ ഫോം 10 ഇയില്‍ കാണിച്ചിരിക്കുന്ന തുകയോ ആണ് ഈ ഇളവിന് അര്‍ഹമായ തുക. അതാണ് ഇവിടെ രേഖപ്പെടുത്തേണ്ടത്. 

ഇതുകഴിഞ്ഞാല്‍ അടുത്ത കോളം ആദായ നികുതി റിട്ടേണ്‍ നിശ്ചിത കാലാവധി കഴിഞ്ഞ് മാത്രം ഫയല്‍ ചെയ്യുന്നവര്‍ പൂരിപ്പിക്കേണ്ടതാണ്. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയതുമൂലം അടയ്‌ക്കേണ്ട പലിശത്തുകയാണ് ഈ കോളത്തില്‍ രേഖപ്പെടുത്തേണ്ടത്. അടുത്ത കോളത്തില്‍ മുൻകൂർ നികുതി ഇനത്തിൽ പലിശ അടയ്ക്കാനുണ്ടെങ്കില്‍ അതാണ് രേഖപ്പെടുത്തേണ്ടത്. തൊട്ടടുത്ത കോളത്തില്‍ മുൻകൂർ നികുതി അടയ്ക്കാന്‍ വൈകിയിട്ടുണ്ടെങ്കില്‍ അതിന്റെ പലിശത്തുകയാണ് രേഖപ്പെടുത്തേണ്ടത്. അടുത്ത കോളത്തില്‍ രേഖപ്പെടുത്തേണ്ടത് റിട്ടേണ്‍  വൈകിയാണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ അതിനുള്ള ഫീസ് എത്രയാണോ അതാണ് രേഖപ്പെടുത്തേണ്ടത്. 

ഇത്രയും രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദായ നികുതി എത്രയെന്ന് കണക്കാക്കാം. ഇനി അടുത്ത കോളത്തില്‍ നിങ്ങള്‍ ഇതേവരെ റ്റി.ഡി.എസ്, അഡ്വാന്‍സ് ടാക്‌സ്, റ്റി.സി.എസ് എന്നിവ വഴി നേരത്തെ നികുതി അടച്ചിട്ടുണ്ട് എങ്കില്‍ ആ തുക രേഖപ്പെടുത്തണം. ഇത്രയും രേഖപ്പെടുത്തുന്നതോടെ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അടയ്‌ക്കേണ്ട നികുതി എത്രയെന്ന് സിസ്റ്റം ഓട്ടോമാറ്റിക്കായി കണ്ടെത്തി അടുത്ത കോളത്തില്‍ രേഖപ്പെടുത്തും. നിങ്ങള്‍ റ്റി.ഡി.എസ് അടച്ച് തുക കൂടുതലും നിങ്ങള്‍ നല്‍കേണ്ട നികുതി കുറവും ആണെങ്കില്‍ അടുത്ത റീ ഫണ്ട് എന്ന കോളത്തില്‍ ആ തുക രേഖപ്പെടുത്തപ്പെടും. ഇത്രയും തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ റീ ഫണ്ടായി ക്രഡിറ്റ് ചെയ്യും. അതല്ല നികുതി ഇനിയും അടയ്ക്കാനാണ് ഉള്ളതെങ്കില്‍ അത് ഓണ്‍ലൈനായി അടയ്ക്കാനുള്ള ഓപ്ഷന്‍ വരും. ഇത് ടാക്‌സസ് പെയ്ഡ് ആന്‍ഡ് വെരിഫിക്കേഷന്‍ എന്ന ടാബിലാണ് ഉണ്ടാകുക. 

ഇനി അവശേഷിക്കുന്നത് നിങ്ങളുടെ ടാക്‌സ് പെയ്ഡ് വെരിഫിക്കേഷന്‍, ബാങ്ക് അക്കൗണ്ട് നല്‍കല്‍, സംഭാവന  നല്‍കിയിട്ടുള്ളത് പൂരിപ്പിക്കല്‍, റിട്ടേണിന്റെ ഇ വെരിഫിക്കേഷന്‍ എന്നിവയാണ്. അതേക്കുറിച്ച് നാളെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA