ADVERTISEMENT

'യൂടൂബിൽ നിന്നു കിട്ടുന്ന വരുമാനത്തിന് ആദായനികുതി നൽകേണ്ടതുണ്ടോ'? നിരവധിപ്പേര്‍ ഈ സംശയം  ചോദിക്കുന്നു.യൂടൂബില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ആദായ നികുതി നല്‍കണം. പക്ഷേ ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രം ആദായ നികുതി നല്‍കിയാല്‍ മതി.എന്താണ് ആ നിബന്ധനകള്‍ എന്ന് പറയാം

ഇന്ന് യൂടൂബില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നവർ ഏറെയുണ്ട്.വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, മുതിര്‍ന്നപൗരന്മാര്‍ മുതല്‍ പ്രെഫഷണലുകള്‍ വരെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വ്‌ളോഗുകളും മറ്റുമായി മാസാമാസം നല്ല വരുമാനമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ പലര്‍ക്കും ഈ വരുമാനത്തിന്റെ ആദായ നികുതി ബാധ്യതയെക്കുറിച്ച് അറിയില്ല. ഇതേക്കുറിച്ച് അറിയുക വളരെ പ്രധാനപ്പെട്ടതാണ്.

ആദായ നികുതി ബാധ്യത അറിഞ്ഞ് അതിനനുസരിച്ച്  നികുതി നല്‍കിയില്ലെങ്കില്‍ ഇന്‍കം ടാക്‌സ് വകുപ്പ് നിങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്യും.നികുതി അടയ്ക്കാത്തതിന് നിങ്ങള്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വലിയ തുക പിഴ ഒടുക്കേണ്ടി വരാം. ശിക്ഷയും അനുഭവിക്കേണ്ടി വരാം. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ മതി ഇത്തരം അവസ്ഥ വരാതെ നോക്കാം.

പല രീതിയില്‍ യൂ ടൂബില്‍ നിന്ന് വരുമാനം ലഭിക്കുമല്ലോ. ഗൂഗിള്‍ ആഡ്‌സെന്‍സ് വഴി, അഫിലിയേറ്റ് മാര്‍ക്കറ്റിങ് വഴി, സ്‌പോണ്‍സര്‍ഷിപ്പ് വഴി തുടങ്ങി ഏതുരീതിയില്‍ ലഭിക്കുന്ന വരുമാനവും നികുതി വിധേയമാണ്.

യൂടൂബില്‍ നിന്ന് രണ്ട് രീതിയില്‍ വരുമാനം നേടുന്നവര്‍ ഉണ്ട്. ചിലര്‍ക്കിത് ഹോബിയോ പാര്‍ട്ട്‌ടൈം ബിസിനസോ സൈഡ് ബിസിനസോ അധിക വരുമാനത്തിനുള്ള ഉപാധിയോ ആയിരിക്കും. അവര്‍ക്ക് മറ്റെവിടെയെങ്കിലും ജോലിയും ശമ്പളവും ഉണ്ടാകും. യൂ ടൂബില്‍ നിന്ന് ലഭിക്കുന്നത് അധികവരുമാനം ആയിരിക്കും. അപ്പോള്‍ ഇവര്‍ യൂ ടൂബില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൂടി അവരുടെ ശമ്പളവരുമാനത്തിന്റെ കൂടെ കൂട്ടണം. എന്നിട്ട് മൊത്ത വരുമാനം എത്ര വരുമോ അതിന് നിയമപ്രകാരമുള്ള കഴിവിനു ശേഷം വരുന്ന തുകയ്ക്കാണ് ഇന്‍കം ടാക്‌സ് നല്‍കേണ്ടത്.നിങ്ങള്‍ക്ക് എത്ര വലിയ തുക യൂടൂബ് വഴി ലഭിച്ചാലും എത്ര ചെറിയ തുക ലഭിച്ചാലും അതെല്ലാം ഇതുപോലെ വരുമാനത്തിന്റെ കൂടെ കൂട്ടണം.ആദായ നികുതി നിയമ പ്രകാരം മറ്റ്  സ്രോതസുകളിൽ നിന്നുള്ള വരുമാനം എന്ന വിഭാഗത്തില്‍ പെടുത്തിയാണ് ഈ വരുമാനം കാണിക്കേണ്ടത്. കിഴിവുകള്‍ക്ക് ശേഷം മൊത്തവരുമാനം 3.5 ലക്ഷം രൂപയില്‍ കൂടിയാല്‍ ആദായനികുതി നല്‍കണം.

ഇനി മറ്റൊരു കൂട്ടര്‍ ഉണ്ട്. അവര്‍ക്ക് യൂടൂബ് ചാനല്‍, വ്‌ളോഗ് തുടങ്ങിയവ ഒരു പ്രധാന ബിസിനസ് ആണ്. മറ്റു ജോലിയോ പ്രൊഫഷനോ ഇല്ല. അതായത് അവരുടെ പ്രധാന വരുമാന ഉറവിടം എന്നത് യൂടൂബ് ആണ്.   ഇത്തരക്കാര്‍ ഇവര്‍ക്ക് ലഭിക്കുന്ന വരുമാനത്തെ ഇന്‍കം ഫ്രം ബിസിനസ് ഓര്‍ പ്രൊഫഷന്‍ എന്ന വിഭാഗത്തില്‍ പെടുത്തിയാണ് കാണിക്കേണ്ടത്. ഇതിനര്‍ത്ഥം നിങ്ങള്‍ ഒരു കമ്പനി നടത്തുന്നു. അത് പലര്‍ ചേര്‍ന്നുള്ള കമ്പനി ആകാം. അല്ലെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്ക് നടത്തുന്ന സ്ഥാപനമാകാം. യൂ ടൂബില്‍ നിന്ന് കിട്ടുന്ന വരുമാനം നിങ്ങളുടെ വിറ്റുവരവ് അല്ലെങ്കില്‍ വാര്‍ഷിക ബിസിനസ് ആണ്. അതില്‍ നിന്ന് ഇന്‍കം ടാക്‌സ് നിയമം അനുശാസിക്കുന്ന ചിലവുകള്‍ കുറയ്ക്കാം.
അതിനുശേഷം ലഭിക്കുന്നതാണ് നിങ്ങളുടെ ആദായം അഥവ വരുമാനം. ഈ തുകയ്ക്ക് മാത്രമാണ് ഇന്‍കം ടാക്‌സ് നല്‍കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com