പ്രളയബാധിതർക്ക് 6 ലക്ഷം വരെ നഷ്ടപരിഹാരം

Mail This Article
പ്രളയത്തിൽപെട്ട് ഭൂമിയും വീടും നഷ്ടപ്പെട്ടവർക്കുവിവിധ ഇനങ്ങളിലായി നൽകുന്ന ധനസഹായം അടുത്തറിയാം
ഭൂമി വാങ്ങാൻ ആറു ലക്ഷം രൂപ വരെ
പ്രളയത്തിൽ വാസഭൂമി നഷ്ടപ്പെട്ടവർക്ക് മൂന്നു മുതൽ അഞ്ചു സെന്റ് വരെ ഭൂമി വാങ്ങാൻ സർക്കാർ സാമ്പത്തിക സഹായം കിട്ടും. മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസനിധിയിൽനിന്ന് ആറു ലക്ഷം രൂപ വരെയാണു ഇതിനായി നൽകുക.
മരിച്ചവരുടെ കുടുംബത്തിനു നാലു ലക്ഷം
പ്രളയത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നാലു ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടും. 60 ശതമാനത്തിലധികം പരുക്കേറ്റവർക്കു രണ്ടു ലക്ഷവും 40–60 ശതമാനം വരെ പരുക്കുപറ്റിയവർക്ക് 59,100 രൂപയും ലഭിക്കും. ഒരാഴ്ചയിലേറെ ആശുപത്രിയിൽ കിടന്നവർക്ക് 12,700 രൂപയും ഒരാഴ്ചയിൽ താഴെ കിടന്നവർക്ക് 4,300 രൂപയും ലഭിക്കാൻ അർഹതയുണ്ട്.
വീടു തകർന്നവർക്ക് നാലു ലക്ഷം വരെ
പൂർണമായി തകർന്ന വീടിനു നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. 60 മുതൽ 74 ശതമാനം വരെ തകർന്ന വീടുകൾക്കു 2.5 ലക്ഷം രൂപയും 30 മുതൽ 59 ശതമാനം വരെ കേടുപറ്റിയവയ്ക്ക് 1.25 ലക്ഷവും 16 മുതൽ 29 ശതമാനം വരെ കേടുപറ്റിയവയ്ക്ക് 60,000 രൂപയും 15 ശതമാനത്തിൽ താഴെ കേടു പറ്റിയവയ്ക്ക് 10,000 രൂപയും ലഭിക്കും.
ആരെ സമീപിക്കണം?
വീട്, ഭൂമി, മരണം, പരുക്ക്, ആശുപത്രിവാസം എന്നിവയ്ക്കുള്ള നഷ്ടപരിഹാരത്തിനു ബന്ധപ്പെട്ട രേഖകളുമായി വില്ലേജ് ഓഫിസറെയാണ് സമീപിക്കേണ്ടത്.