നെറ്റ് ബാങ്കിങ് എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം?
Mail This Article
എല്ലാ ബാങ്ക് ഇടപാടുകളും ഏതു സമയത്തും നടത്താൻ തികച്ചും സൗകര്യപ്രദമാണ് നെറ്റ്ബാങ്കിങ്.എന്തൊക്കെ ബാങ്കിങ് സേവനങ്ങളാണ് ഇതിലൂടെ ബാങ്ക് തങ്ങളുടെ ഇടപാടുകാര്‍ക്ക് ലഭ്യമാക്കുന്നതെന്ന് നോക്കുക
∙ഓൺലൈൻ ഷോപ്പിങ്ങ്, ബിൽ പേയ്മെന്റ് എന്നിവയെല്ലാം എളുപ്പം ചെയ്യാം
∙ഏതു സമയത്തും ആർക്കുവേണമെങ്കിലും സുരക്ഷിതമായി പണം അയക്കാം.
∙പെട്ടെന്ന് ഒരാൾക്ക് പണം അയക്കണമെങ്കിൽ ഇൻസ്റ്റന്റ് മണി ട്രാൻസ്ഫർ ഉപയോഗിക്കാം.
∙സ്ഥിരമായി അയക്കേണ്ടവരുടെ അക്കൗണ്ട് ബെനിഫിഷറി ആയി ആഡ് ചെയ്യാം. പിന്നീട് എപ്പോൾ പണം അയക്കണമെങ്കിലും ആ അക്കൗണ്ട് ക്ലിക്ക് ചെയ്താൽ മാത്രം മതി. വേണ്ടെങ്കിൽ ഡിലീറ്റ് ചെയ്യാനും ഓപ്ഷൻ ഉണ്ട്.
∙പിപിഎഫ് അക്കൗണ്ട്, ലോൺ അക്കൗണ്ട്, ആർഡി എന്നിവയിലേക്കു സേവിങ്സ് അക്കൗണ്ടിൽനിന്നു പണം ട്രാൻസ്ഫർ ചെയ്യാം.
∙ഓൺലൈൻ ആയി പിപിഎഫ്, ആർഡി അക്കൗണ്ടുകൾ ആരംഭിക്കാം.
∙അക്കൗണ്ട് പാൻ, ആധാർ എന്നിവയുമായി ഇതു ബന്ധിപ്പിക്കാം.
∙ഇൻകംടാക്സ് ഇ–ഫയലിങ് ചെയ്താൽ ഓൺലൈൻ ആയി വെരിഫിക്കേഷൻ ചെയ്യാം.
∙പിപിഎഫ് ഇ–റെസീപ്റ്റ്, സേവിങ്സ് ബാങ്ക് ഡീറ്റെയിൽസ് തുടങ്ങിയവ പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്യാം.
∙പുതിയ ചെക്ക് ബുക്ക് റിക്വസ്റ്റ് നൽകാം, ചെക്ക് ബുക്ക് പേയ്മെന്റ് സ്റ്റോപ്പ് ചെയ്യാം,
∙എടിഎം കാർഡ് ബ്ലോക്ക് ചെയ്യാം, പുതിയ എടിഎം കാർഡ് അക്ടിവേറ്റ് ചെയ്യാം, പുതിയ എടിഎം കാർഡിന് അപേക്ഷിക്കാം.
∙ഓൺലൈൻ നോമിനേഷൻ നൽകാം. എൻപിഎസ് (നാഷനൽ പെൻഷൻ സ്കീം) റെജിസ്റ്റർ ചെയ്യാം,
∙ഹോം ലോൺ, ക്രെഡിറ്റ് കാർഡ് ടോപ്അപ് ചെയ്യാം.
എന്നിങ്ങനെ ഒരു ബാങ്കിൽ ചെന്ന് ചെയ്യേണ്ട എല്ലാ കാര്യങ്ങളും നെറ്റ് ബാങ്കിങിലൂടെ ഓൺലൈൻ ആയി ചെയ്യാം.
എന്തുകൊണ്ട് നെറ്റ് ബാങ്കിങ്ങ്?
ധാരാളം പേയ്മെന്റ് ആപ്പുകൾ ഉള്ളപ്പോൾ എന്തിനാണ് നെറ്റ് ബാങ്കിങ് എന്നു ചോദിക്കുന്നവർ ഉണ്ട്. നെറ്റ് ബാങ്കിങ്ങ് നമ്മുടെ സ്വന്തം അക്കൗണ്ട് തന്നെയാണ്. പേയ്മെന്റ് ആപ്പുകൾ ഷോപ്പിങ് ചെയ്യുമ്പോൾ പേയ്മെന്റ് നടത്താനും പണം അയക്കാനും മാത്രമേ ഉപയോഗിക്കാൻ പറ്റൂ. എന്നാൽ ഓൺലൈൻ പേയ്മെന്റ് കൂടാതെയുള്ള എല്ലാ ബാങ്കിങ് സേവനങ്ങളും നെറ്റ് ബാങ്കിലൂടെ ലഭ്യമാകും. നേരിട്ട് ബാങ്കിൽ പോയി ക്യൂ നിന്ന് ചെയ്യേണ്ടതെല്ലാം ഓൺലൈൻ വഴി ചെയ്യാം.
സുരക്ഷിതമാണോ?
നെറ്റ് ബാങ്ക് ഇടപാടുകൾ സുരക്ഷിതമായി ചെയ്യാം. ഓൺ ലൈൻ പർച്ചേസ് ചെയ്ത് പേയ്മെന്റ് ചെയ്യുമ്പോൾ ഒടിപി (വൺ ടൈം പാസ്‌വേഡ്) പാസ്‌വേഡ് നൽകിയാൽ മാത്രമേ ട്രാൻസാക്ഷൻ നടത്താൻ പറ്റൂ. എല്ലാവിധ പണമിടപാടുകൾക്കും ഒടിപി നമ്പർ നൽകണം. നെറ്റ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള റെജിസ്ട്രേഡ് മൊബൈൽ നമ്പറിൽ മാത്രമേ ഒടിപി നമ്പർ വരൂ.
മാത്രമല്ല നിങ്ങൾ എന്തു ട്രാൻസാക്ഷൻ നടത്തിയാലും അത് എസ്എംഎസ്, ഇ–മെയിൽ അലർട്ട് വരും. നിങ്ങളുടെ പ്രൊഫൈൽ തുറന്നാലും അലർട്ട് എസ്എംസ് വരും. ഒരിക്കലും ഗൂഗിൾ അക്കൗണ്ടിലെ ‘സേവ് പാസ്‌വേഡ്’ ഒപ്ഷനിൽ യൂസർ ഐഡിയും പാസ്‌വേഡും നൽകരുത്. എവിടെയും കുറിച്ചിടരുത്. മനസ്സിൽ ഓർത്തിരിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടെ പാസ്‌വേഡ് മാറ്റുന്നത് നല്ലതാണ്.