നിങ്ങളുടെ വാഹനം വിൽക്കാൻ പോകുകയാണോ?..പണി കിട്ടെണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കൂ
Mail This Article
വാഹനം വിൽക്കുന്നവർ സാധാരണ എന്തുചെയ്യും? കാശും വാങ്ങി ബുക്കും പേപ്പറും കൈയിൽ കൊടുത്തിട്ട് ബൈ പറഞ്ഞു പോരും. എന്നാൽ ഇനി അങ്ങനെയല്ല. വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറുന്ന ചുമതല വിൽക്കുന്നയാൾക്കായിരിക്കും. ഇതുസംബന്ധിച്ച മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ് നിലവിൽവന്നുകഴിഞ്ഞു. സംസ്ഥാനത്തെ വാഹന റജിസ്ട്രേഷൻ പുതിയ വാഹൻ സോഫ്റ്റ്‌വെയറിലേക്ക് മാറിയതോടെ ലൈസൻസ്, റജിസ്ട്രേഷൻ നടപടിക്രമങ്ങളിൽ മാറ്റം വന്നു.
വാഹനം വാങ്ങുന്നയാളും വിൽക്കുന്നയാളും ഒപ്പിട്ട ഫോം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആർടി ഓഫിസിൽ നൽകിയാണ് റജിസ്ട്രേഷൻ മാറ്റുന്നത്. ഇതുപ്രകാരം, രജിസ്ട്രേഷൻ മാറ്റാൻ വാഹനം വിൽക്കുന്നയാളാണ് മുൻകൈയെടുക്കേണ്ടത്.
നിലവിൽ വാങ്ങുന്നയാളാണ് ഉടമസ്ഥാവകാശം മാറിയിരുന്നത്. ഇത് പലപ്പോഴും സംഭവിക്കാറില്ല. കൃത്യമായി ഉടമസ്ഥാവകാശം മാറ്റാത്തതുമൂലം വാഹനവുമായി ബന്ധപ്പെട്ട് പിന്നീടുണ്ടാകുന്ന കേസുകളിൽ പഴയ ഉടമ കുടുങ്ങുന്ന സ്ഥിതിയായിരുന്നു. ഇത്തരം കേസുകൾ സ്ഥിരമായപ്പോഴാണ് പുതിയ നിയമം കൊണ്ടുവന്നത്. ഇതോടെ വാഹനം വിൽക്കുന്നതിനോടൊപ്പം തന്നെ ഉടമസ്ഥാവകാശവും രേഖാമൂലം മാറുന്നു. വിൽക്കുന്ന ആൾ തന്നെ ഉടമസ്ഥവകാശം മാറുന്നതിനാൽ പിന്നീടുള്ള നൂലാമാലകളിൽനിന്നു ഒഴിവാകാം.