ADVERTISEMENT

കിട്ടുന്നതുകൊണ്ട് കഷ്ടപ്പെട്ടു ജീവിച്ചിരുന്ന കാലം പോയി. മറിച്ച് വരുമാനം, െചലവ് എന്നിവയെക്കുറിച്ച് ആശങ്കപ്പെടാതെ ഇഷ്ടങ്ങളെല്ലാം നിറവേറ്റി ജീവിക്കാൻ കഴിയണമെന്നതാണ് ഇപ്പോഴത്തെ രീതി. നിങ്ങൾ എത്ര പണം ഉണ്ടാക്കുന്നുവെന്നതല്ല, അതിൽ എത്ര നിങ്ങൾ സൂക്ഷിക്കുന്നുവെന്നതാണ് പ്രധാനം. ഇതു തിരിച്ചറിയാത്തവർ ശമ്പളമുള്ളപ്പോൾ അടിച്ചുപൊളിക്കും. ഒരു സുപ്രഭാതത്തില്‍ ജോലി നഷ്ടപ്പെട്ടാൽ ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെടും. നമ്മുടെ കൈയിലുള്ള പണം കൊണ്ട്, അതെത്ര ചെറുതോ വലുതോ ആകട്ടെ, രണ്ടാമതൊരു വരുമാനം ഉണ്ടാക്കാൻ നമ്മെ സഹായിക്കുന്നവ സ്വന്തമാക്കുക. അതിലേറ്റവും പ്രധാനം വിജ്ഞാനമാണ്. തൊഴിൽ രംഗത്ത് പുതിയ അറിവുകൾ നേടുന്നത് ഇവിടെ മുതൽകൂട്ടാകും.

ധനികനാകാനാഗ്രഹിക്കുന്നവർ ആസ്തികൾ വാങ്ങും. ബാധ്യത വാങ്ങുന്നവ൪ ദാരിദ്ര്യത്തിലേക്കുള്ള വഴി സ്വയം കണ്ടെത്തുകയാണ്. നാം നേടുന്ന പണം തന്നെ നമുക്കു കൂടുതൽ പണം ഉണ്ടാക്കിത്തരുന്ന അവസ്ഥയാണ് സാമ്പത്തിക സ്വാതന്ത്ര്യം. ഉന്നത ബിരുദങ്ങളുണ്ടായിട്ടും രാപ്പകല്‍ എല്ലുമുറിയെ പണിയെടുത്തിട്ടും സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ സാധിക്കാതെ പോകുന്നത് ഈ അറിവില്ലാത്തതുകൊണ്ടാണ്. 

പ്രവാസികൾ അറിയേണ്ടത്

പ്രവാസികളാകട്ടെ അവരുടെ പ്രവാസ ജീവിതകാലം മുഴുവനും സ്വപ്നം കാണുന്നത് സാമ്പത്തിക സ്വാതന്ത്ര്യമാണ്. പക്ഷേ, എത്ര കഷ്ടപ്പെട്ടാലും അതൊരു മരീചിക മാത്രമാണ്. കാരണം, ഒരു മലയാളി ഗള്‍ഫിലേക്കു വരുന്നതു തന്നെ വീട്, വാഹനം ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ ബാധ്യതകൾ വാങ്ങാനുള്ള ഒരു നീണ്ട പട്ടികയുമായാണ്. വീടുണ്ടാക്കാനാണ് പല പ്രവാസികളും ജീവിക്കുന്നതു തന്നെ. 

ദശകങ്ങളുടെ അധ്വാനത്തിന്റെ ആകെ ബാക്കി വലിയ ഒരു കോണ്‍ക്രീറ്റ് കെട്ടിടം മാത്രമായാൽ അയാള്‍ക്കെങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനാകും? ചെറിയ ശമ്പളം വാങ്ങുന്നവനും വാഹനങ്ങള്‍ ഒന്നിലധികം ഉണ്ടാകും. അവ തലങ്ങും വിലങ്ങും ഓടുമ്പോള്‍ അയാള്‍ക്കെങ്ങനെ സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാനാകും?

അവധിക്കു പോകുമ്പോള്‍ വാങ്ങുന്ന എല്‍ഇഡി ടെലിവിഷൻ മുതല്‍ സകലതും ബാധ്യതകളുടെ കോളത്തില്‍ ചേ൪ക്കാനാകുന്നവ മാത്രമാണ്. പെട്ടെന്ന് പ്രവാസ ജീവിതം അവസാനിപ്പിക്കേണ്ടി വന്നാല്‍ എന്നെങ്കിലുമായാള്‍ക്കു നാട്ടില്‍ സ്വസ്ഥജീവിതം സാധ്യമാകുമോ? 

വാങ്ങേണ്ടത് ആസ്തികൾ 

വരുമാനമുണ്ടാകുന്ന ഒരു ആസ്തി സ്വന്തമാക്കണമെന്നു നിശ്ചയിക്കുക. അങ്ങനെയായാൽ തന്നെ വീട്, വാഹനം അടക്കമുള്ള ബാധ്യതകൾ വാങ്ങുന്നത് മാറ്റിവയ്ക്കും. മിച്ചം പിടിക്കുന്ന തുക ആസ്തി വാങ്ങുന്നതിനായി സമാഹരിക്കും.ഇവിടെയാണ് ‘pay you first’ എന്ന നയത്തിന്റെ പ്രസക്തി. ശമ്പളം കിട്ടിയാൽ നാം കൊടുക്കാനുള്ള ബില്ലുകൾ അടച്ചുതീ൪ക്കാൻ ധൃതി കാണിക്കും. വാടക, വാട്ട൪-ഇലക്ട്രിസിറ്റി ബില്‍, കടം വീട്ടല്‍ തുടങ്ങിയതെല്ലാം കഴിഞ്ഞാല്‍ ഭാവിക്കു വേണ്ടി കരുതിവയ്ക്കാൻ ബാക്കിയുണ്ടാകില്ല. ഈ സ്വഭാവം മാറ്റുക. 

സ്വന്തം ബില്‍ ആദ്യം പേ ചെയ്യുന്നവൻ അഥവാ ഭാവിക്കായി കരുതിവയ്ക്കുന്നവൻ, സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയിലായിരിക്കും. കിട്ടുന്നത് എത്രയുമാകട്ടെ, അതിൽ ഒരു വിഹിതം നീക്കിവയ്ക്കുക. ചെലവുകള്‍ കുറയ്ക്കുക. ബാധ്യതകൾ വാങ്ങിക്കൂട്ടാതിരിക്കുക. അപ്പോള്‍ ബാലൻസ് ഷീറ്റിലെ ആസ്തിയുടെ കോളം വലുതായിക്കൊണ്ടിരിക്കും.

നിങ്ങള്‍ക്ക് യഥാ൪ഥത്തില്‍ സമ്പത്തുണ്ടോ എന്നറിയാൻ ഒരു മാർഗമിതാ. ഇപ്പോള്‍ ലഭിക്കുന്ന വരുമാനം നിലച്ചാല്‍ എത്ര ദിവസം നിങ്ങള്‍ക്കു മുന്നോട്ടു പോകാൻ കഴിയും? ഈ ദിവസങ്ങളുടെ എണ്ണമനുസരിച്ചാണ് നിങ്ങളുടെ സമ്പത്തിന്റെ കനവും. നിങ്ങളുടെ പണം നിങ്ങള്‍ക്കു വേണ്ടി ജോലി ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിനുത്തരമാണ് നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം! 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com