ADVERTISEMENT

ജീവിത വിജയത്തിന് പണമുള്ളവര്‍ക്കും പണമില്ലാത്തവര്‍ക്കും ഒരുപോലെ ആവശ്യമുള്ള ഒന്നാണ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍. എല്ലാവരുടെ ജീവിതത്തിലും ഇത് അത്യാവശ്യമാണ്. പണമില്ലാത്തവര്‍ വിചാരിക്കുന്നത് പണമുള്ളവര്‍ക്കല്ലേ ഫിനാഷ്യല്‍ പ്ലാനിങ് ആവശ്യമുള്ളൂ. പണമുണ്ടായശേഷം മതിയാകുമല്ലോ പ്ലാനിങ് എന്ന്. പണമുള്ളവരാകട്ടെ കരുതുന്നത് തങ്ങള്‍ക്ക പണമുണ്ടല്ലോ ഇനി ഫിനാന്‍ഷ്യല്‍ പ്ലാനിങ് കൊണ്ട് എന്താവശ്യം എന്ന്. രണ്ട് ചിന്തകളും ശരിയായ വഴിക്കുള്ളതല്ല.

പണമുള്ളവര്‍ക്ക് അത് ഫലപ്രദമായി ജീവിത ലക്ഷ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനും പണമില്ലാത്തവര്‍ക്ക് പണമുണ്ടാക്കി ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഫിനാന്‍ഷ്യല്‍ പ്ലാനിങ് സഹായിക്കും എന്നതാണ് സത്യം.  വ്യക്തമായ ഒരു ഫിനാന്‍ഷ്യല്‍ പ്ലാനര്‍ ഉണ്ടാക്കി ജീവിതം അതിനനുസരിച്ച് ചിട്ടപ്പെടുത്തുന്നതാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ്.  ചിലര്‍ക്ക് ഇത് നിക്ഷേപ പ്ലാനിങായി തോന്നാം . ചിലര്‍ക്ക് ഇത് ഇന്‍കംടാക്‌സ് പ്ലാനിങായി തോന്നാം. എന്നാല്‍ ഫിനാന്‍ഷ്യല്‍ പ്ലാനിങ് എന്നാല്‍ ഇതുമാത്രമല്ല. മികച്ച ഒരു ഫിനാന്‍ഷ്യല്‍ പ്ലാനര്‍ ഉണ്ടെങ്കില്‍ അത് ജീവിതത്തിലെ നിരവധി സമസ്യകള്‍ക്ക് പരിഹാരം ഉണ്ടാക്കും. നാം ഓരോരുത്തരെയും നിരന്തരം അലട്ടുന്ന താഴെ പറയുന്ന നിരവധി ചോദ്യങ്ങള്‍ക്ക് അത് ഉത്തരം നല്‍കും

1. എത്രയാണ് നിങ്ങളുടെ വരുമാനം, അതുകൊാണ്ട് ജീവിതത്തിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റി സന്തോഷത്തോടെ മുന്നോട്ടുപോകാന്‍ കഴിയുമോ?

2. ഇനി എത്രകാലം നിങ്ങള്‍ക്ക് ജോലിചെയ്ത് അല്ലെങ്കില്‍ ബിസിനസ് ചെയ്ത് വരുമാനം ഉണ്ടാക്കാന്‍ കഴിയും.

3. എന്തൊക്കെയാണ് നിങ്ങളുടെ ജീവിത, സാമ്പത്തിക ലക്ഷ്യങ്ങള്‍.

4. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ എത്ര പണം ഓരോ ലക്ഷ്യത്തിനുമായി വേണം.

5. ഓരോ ലക്ഷ്യവും നിറവേറ്റാനായുള്ള പണം എങ്ങനെ കണ്ടെത്താം.

6. ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ ഏതൊക്കെ മാര്‍ഗങ്ങളില്‍ എത്രകാലം നിക്ഷേപിക്കണം.

7. വീട്ടിലെ ഗൃഹനാഥന് ജീവാപായം സംഭവിച്ചാല്‍ കുടുംബം എങ്ങനെ ജീവിക്കും.

8. അസുഖങ്ങള്‍ വന്നാല്‍ ചികില്‍സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തും.

9. ജോലിയില്‍ നിന്ന് വിരമിച്ചാല്‍ പിന്നീടുള്ള കാലം ജീവിക്കാനുള്ള പണം എങ്ങനെ കണ്ടെത്തും.

11. ആദായ നികുതിയുടെ ലാഭകരമായ പ്ലാനിങ്

12. സമ്പത്തിന്റെ അനന്തരാവകാശികള്‍ക്കുള്ള കൈമാറ്റം.

13. എത്രമാത്രം വായ്പ എടുക്കാം

14. വരുമാനത്തിന്റെ എത്ര ശതമാനം ഇ.എം.ഐയ്ക്കായി മാറ്റാം.

15. എത്രമാത്രം ഇന്‍ഷുറന്‍സ് സംരക്ഷണം വേണം.

ഒരു മികച്ച ഫിനാന്‍ഷ്യല്‍ പ്ലാനറില്‍ ഇവയെല്ലാമാണ് മുഖ്യമായും ഉള്‍പ്പെടുക. ഇതേപോലെ ഒരാളുടെ ജീവിതത്തിലെ സുപ്രധാനമായതും ചെറുതും വലുതുമായ നിരവധികാര്യങ്ങള്‍ ഫിനാന്‍ഷ്യല്‍ പ്ലാനര്‍ ചിട്ടയായി കൈകാര്യം ചെയ്യും. ജീവിതം എന്നത് ഇന്ന് ഏറെ പണച്ചിലവുള്ള കാര്യമായി മാറുകയാണ്.പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നാല്‍, മാരകമായ അസുഖം വന്നാല്‍, അപകടത്തതുടര്‍ന്ന് ജോലി ചെയ്യാനാകാത്ത അവസ്ഥ വന്നാല്‍ എന്തുചെയ്യും എന്ന് ആലോചിച്ചിട്ടുണ്ടോ നിങ്ങള്‍. പണമുണ്ടാക്കുന്ന സമയത്ത് ഇതിനെല്ലാമുള്ള ഒരു കരുതല്‍ എപ്പോഴും വേണം. 

ജീവിത ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുകയാണ് ഫിനാന്‍ഷ്യല്‍ പ്ലാന്‍ ഉണ്ടാക്കാന്‍ ഏറ്റവും ആദ്യം വേണ്ടത്. അവ കൈവരിക്കാനുള്ള പണം സ്വരുക്കൂട്ടാനുള്ള നിക്ഷേപമാണ് അടുത്തത്. ഇതുരണ്ടും അറിഞ്ഞോ അറിയാതെയോ നമ്മള്‍ ചെയ്യാറുണ്ട്. സ്വന്തമായി വീട്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം-ഇതിനുള്ള പണം കണ്ടെത്താന്‍ ചിട്ടിയില്‍ ചേരും. ബാങ്കില്‍ സ്ഥിര നിക്ഷേപമിടും. കുറച്ച് സ്വര്‍ണം വാങ്ങിവയ്ക്കും. അല്‍പ്പം ഭൂമിയും വാങ്ങും. ഇതോടെ തീരും എല്ലാവരുടെയും നിക്ഷേപം. നിക്ഷേപങ്ങള്‍ തമ്മില്‍ പരസ്പര ബന്ധമൊന്നും ഉണ്ടാകില്ല. അത് ചിട്ടയായി ചെയ്യുന്നുമുണ്ടാകില്ല. നിക്ഷേപത്തില്‍ ചിട്ട കൈവന്നാല്‍ അത് അല്‍ഭുതങ്ങള്‍ സൃഷ്ടിക്കും.

ഓരോ ജീവിത ലക്ഷ്യവും കുറിച്ചുവയ്ക്കുക. അതിനായി ഇപ്പോഴത്തെ നിലയില്‍ എത്ര രൂപ ചിലവാകും എന്നു കണക്കാക്കുക. അത്രയും പണം ഉണ്ടാക്കാന്‍ ഇനി എത്ര വര്‍ഷം മുന്നിലുണ്ടെന്ന് കണ്ടെത്തുക. ഉദാഹരണത്തിന് 10 വര്‍ഷം കഴിഞ്ഞ് മകളുടെ വിവാഹത്തിന് 10 ലക്ഷം രൂപ ഇന്നത്തെ നിലയില്‍ ആവശ്യമുണ്ടെന്ന് കരുതുക. 10 വര്‍ഷക്കാലത്തെ ശരാശരി നാണ്യപ്പരുപ്പ നിരക്ക് കണക്കിലെടുക്കുമ്പോള്‍ അന്ന് ഇതില്‍ കൂടുതല്‍ തുക വേണ്ടിവരും. എങ്കിലും 10 ലക്ഷം രൂപ ലക്ഷ്യമായിട്ടെടുക്കാം. ഇനി മുന്നിലുള്ളത്  120 മാസമാണ്. പ്രതിമാസം ഏകദേശം 8400 രൂപ വീതം മാറ്റിവെച്ചാല്‍ 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ ഉണ്ടാക്കാം. എന്നാല്‍ പ്രതിമാസ നിക്ഷേപം ചിട്ടിയിലോ, ബാങ്ക് റിക്കറിങ് ഡിപ്പോസിറ്റിലോ മ്യൂച്വല്‍ ഫണ്ടിലോ  ആണെങ്കില്‍ ഇത്രയും തുക മാസം മാറ്റിവയ്‌ക്കേണ്ടിവരില്ല.

ഒരാളുടെ റിസ്‌ക് ശേഷിയെല്ലാം വിശകലനം ചെയ്ത് ഉചിതമായ നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപം നടത്തിയാല്‍  ഉദ്ദേശിക്കുന്ന ഫണ്ട് കണ്ടെത്താം. ഇതിനെല്ലാമുള്ള വഴികള്‍ ഫിനാന്‍ഷ്യല്‍ പ്ലാനില്‍ ഉണ്ടാകും. അതുകൊണ്ട് ഇന്നുതന്നെ നിങ്ങളുടെ ജീവിത ലക്ഷ്യങ്ങള്‍ നിശ്ചയിക്കൂ. ഓരോ ലക്ഷ്യത്തിനും എത്ര തുകവരുമെന്ന് കണക്കാക്കൂ. ഉചിതമായ നിക്ഷേപമാര്‍ഗങ്ങള്‍ കണ്ടെത്തി നിക്ഷേപിക്കൂ. ഫിനാന്‍ഷ്യല്‍ പ്ലാനര്‍ ഉണ്ടാക്കാനുള്ള ആദ്യ പടിയാണ്. ഇത്. ഇത്രയും ചെയ്തുകഴിയുന്നതോടെ ജീവിതത്തിലെ ഒരു സുപ്രധാന ചുവടുവയ്പാകും നിങ്ങള്‍ നടത്തുന്നത്. 

പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com