യുവ തലമുറയുടെ നിക്ഷേപ ശീലങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനമേറുന്നു

HIGHLIGHTS
  • പുതു തലമുറയുടെ സാമ്പത്തിക ഭാവി നിര്‍ണയിക്കുന്നതില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വലിയ പങ്കാണു വഹിക്കുന്നത്
education 1
SHARE

മറ്റേതൊരു തലമുറയേക്കാളും അതിവേഗത്തിലുള്ള മാറ്റങ്ങള്‍ക്കു വിധേയരാണ് ഇന്നത്തെ യുവതലമുറ. സാങ്കേതികവിദ്യാ രംഗത്തും ഡിജിറ്റല്‍ രംഗത്തും ഉണ്ടായ മാറ്റങ്ങള്‍ അവര്‍ അതിവേഗത്തില്‍ സ്വീകരിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ യുവാക്കള്‍ ഓണ്‍ലൈനായി നടത്തുന്ന ആശയ വിനിമയങ്ങള്‍ അനന്തമായ വിവരങ്ങളവര്‍ക്കു നല്‍കുകയും അവരുടെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്

ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന ഈ 40 കോടി യൂവാക്കള്‍ എന്തിനെല്ലാമാണ് സാങ്കേതികവിദ്യയേയും സാമൂഹ്യ മാധ്യമങ്ങളേയും പ്രയോജനപ്പെടുത്തുന്നത്? ആകെ ഗാര്‍ഹിക വരുമാനത്തിന്റെ 70 ശതമാനവും സംഭാവന ചെയ്യുന്ന ഈ പുതുതലമുറയുടെ താല്‍പ്പര്യങ്ങളാണ് സാമ്പത്തിക വികസനത്തിന്റേയും പുരോഗതിയുടേയും ഗതി നിര്‍ണയിക്കുന്നത്.  പുതു തലമുറയുടെ സാമ്പത്തിക ഭാവി നിര്‍ണയിക്കുന്നതില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വലിയ പങ്കാണു വഹിക്കുന്നതെന്ന് അടുത്തിടെ നടത്തിയ ഒരു സർവേ വ്യക്തമാക്കുന്നു. പുതുതലമുറയുടെ വ്യക്തിഗത ലക്ഷ്യങ്ങളും പാരമ്പര്യേതര മുന്‍ഗണനകളും നിര്‍ണയിക്കുന്നതില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വലിയ പങ്കു വഹിക്കുന്നുവെന്ന്സർവേ വ്യക്തമാക്കിയിട്ടുണ്ട്.

സ്വന്തം ലക്ഷ്യങ്ങൾക്കും പ്രാധാന്യം

കൂട്ടായ ലക്ഷ്യങ്ങള്‍ മാറ്റമില്ലാതെ നില്‍ക്കുമ്പോഴും സ്വന്തമായ ലക്ഷ്യങ്ങള്‍ക്കുള്ള പ്രാധാന്യം വര്‍ധിച്ചു വരുന്ന പ്രവണതയാണുള്ളത്. അതായത് വീട് സ്വന്തമാക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയ്ക്കൊപ്പം തന്നെ സംരംഭകത്വം, യാത്ര, ആരോഗ്യം തുടങ്ങിയവയെല്ലാം ഇന്ത്യക്കാര്‍ക്കിടയില്‍ പ്രാധാന്യം നേടി വരികയാണ്. പുതു തലമുറയില്‍ മൂന്നിലൊന്നു പേര്‍ക്കും ആരോഗ്യവും ഫിറ്റ്നെസും  സംബന്ധിച്ച ലക്ഷ്യങ്ങളുണ്ട്. സുഖകരമായ റിട്ടയര്‍മെന്റ് 42 ശതമാനം പേരുടെ ജീവിത ലക്ഷ്യമാണ്.  അതോടൊപ്പം തന്നെ ഇവര്‍ വ്യാപകമായി സഞ്ചരിക്കുകയും ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

കൂടുതൽ സുതാര്യത

പരമ്പരാഗതമായ പല ജീവിത ലക്ഷ്യങ്ങളുടേയും കാര്യത്തില്‍ കുടുംബം, സുഹൃത്തുക്കള്‍, മെന്റര്‍മാര്‍ തുടങ്ങിയവര്‍ സ്വാധീനം ചെലുത്തുമ്പോള്‍ പുതുതലമുറയുടെ ജീവിത ശൈലിയേയും യാത്രയേയും സാമൂഹ്യ മാധ്യമങ്ങൾ സ്വാധീനിക്കുന്നുണ്ട്. ഓരോരുത്തരുടേയും ജീവിത ലക്ഷ്യങ്ങളില്‍ അഞ്ചില്‍ ഒന്നിനെ സാമൂഹ്യ മാധ്യമങ്ങള്‍ സ്വാധീനിക്കുന്നു എന്നാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്. സിനിമ, വാര്‍ത്ത, മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവയാണ് യുവ തലമുറയെ സ്വാധീനിക്കുന്നത്. ഇതിന്റെ ഫലമായി സേവനങ്ങളും ആശയ വിനിമയങ്ങളും കൂടുതല്‍ വ്യക്ത്യധിഷ്ഠിതമാക്കാനും കമ്പനികള്‍ ശ്രമിക്കുന്നു.

സുതാര്യതയ്ക്ക്മുൻതൂക്കം നല്‍കുന്നതാണ് പുതുതലമുറയുടെ രീതി. സന്ദേശങ്ങളും ആശയ വിനിമയങ്ങളും നേരിട്ടുള്ളവയും പക്ഷപാത രഹിതവുമായിരിക്കണം. അപ്രതീക്ഷിത ഘട്ടങ്ങളില്‍ സഹായിക്കുന്ന തരത്തിലുള്ള നിക്ഷേപ തീരുമാനങ്ങളായിരിക്കും അവര്‍ കൈക്കൊള്ളുക. ജീവിത ലക്ഷ്യങ്ങള്‍ക്കായുള്ള നിക്ഷേപ പദ്ധതികളില്‍ 60 ശതമാനത്തിനും പ്രിയപ്പെട്ടത് ലൈഫ് ഇന്‍ഷൂറന്‍സ് ആണ്.

ലേഖകൻ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ