ADVERTISEMENT

മലയാളികളുടെ സ്വന്തം ഷോപ്പിങ് സീസണായ ഓണക്കാലത്താണ് ഏറ്റവും കൂടുതല്‍ ഉൽപന്നങ്ങള്‍ വിറ്റഴിയുന്നത്. സ്വാഭാവികമായും മികച്ച ഓഫറുകളുടെയും ആനുകൂല്യങ്ങളുടെയും പെരുമഴക്കാലം കൂടിയായി ഓണക്കാലം മാറുന്നു. സ്‌പെഷല്‍ ഓഫറുകളും വിൽപനയുമായി ഓണ്‍ലൈന്‍ സൈറ്റുകള്‍ സജീവമായതും ഓണവിപണിക്ക് മാറ്റ് കൂട്ടിയിട്ടുണ്ട്. ഓണത്തിനുമുമ്പ് ഇനി മുന്നിലുള്ള ഏതാനും ദിവസങ്ങൾക്കുള്ളിൽ മികച്ച ലാഭത്തോടെ ഷോപ്പിങ് നടത്താൻ സഹായകമായ ഏതാനും വഴികൾ ഇതാ.

1. ഓഫറുകള്‍ പഠിക്കുക

ഒട്ടേറെ കമ്പനികളുടെ ഉൽപന്നങ്ങള്‍ മികച്ച ഓഫറില്‍ ലഭിക്കും. ഓരോ ബ്രാന്‍ഡുകളുടെ ഓഫറുകളും താരതമ്യം ചെയ്ത് ഏറ്റവും മികച്ച ഉൽപന്നം, ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉൽപന്നങ്ങള്‍ എന്നിവ. ഓഫര്‍ വിലയില്‍ ലഭ്യമാകുന്നവയുടെ ഗുണമേന്‍മയെക്കുറിച്ച് ഏകദേശ ധാരണ വേണം. ഭാവിയില്‍ ഉണ്ടാകാവുന്ന പണ നഷ്ടം ഒഴിവാക്കാൻ ഇതു സഹായകമാണ്.

2. ലിസ്റ്റ് കരുതുക

വാങ്ങാന്‍ ഉദ്ദേശിക്കുന്നവയുടെ പട്ടിക മുൻകൂട്ടി തയാറാക്കി ആവശ്യമുള്ളവ മാത്രം വാങ്ങുന്നതായിരുന്നു പഴയ രീതി. അതു തന്നെയാണ് ഓണം ഷോപ്പിങ്ങില്‍ പണം ലാഭിക്കാനുള്ള ഏറ്റവും മികച്ച വഴിയും; പ്രത്യേകിച്ച് ഷോപ്പിങ് മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഒക്കെ കയറി ഇറങ്ങുമ്പോൾ. നിങ്ങളുടെ മൊബൈൽ ഫോണിൽ തന്നെ ഇത്തരത്തിലുള്ളൊരു ലിസ്റ്റ് തയാറാക്കി സൂക്ഷിക്കുന്നതാകും കൂടുതൽ എളുപ്പം.

3. കുട്ടികളെ കൂട്ടാതിരിക്കുക

ബാര്‍ബിയും, ഛോട്ടാ ഭീമും, ഡോറയും മുതല്‍ വിലപിടിപ്പുള്ള ടോയ് കാറുകളും മിഠായികളും വരെ ഷോപ്പിങ് സമയത്ത് കുട്ടികളെ ആകര്‍ഷിക്കും. വില അറിയാതെ അവര്‍ കളിക്കോപ്പുകള്‍ക്കായി വാശി പിടിക്കും. ഇത് ഷോപ്പിങ് അലങ്കോലമാക്കുക മാത്രമല്ല, അപ്രതീക്ഷിത സാമ്പത്തിക നഷ്ടത്തിനു കാരണമാകുകയും ചെയ്യും.

അതുകൊണ്ട് ആവശ്യമെങ്കിൽ മാത്രം ഓണം ഷോപ്പിങ്ങിനു കുട്ടികളെ കൂടെ കൊണ്ടുപോകുക. മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പെരുമാറേണ്ടത് എങ്ങനെയാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുകയും വേണം.

4. ഗിഫ്റ്റ് വൗച്ചറുകള്‍ പ്രയോജനപ്പെടുത്തുക

ബന്ധുക്കളോ സുഹൃത്തുക്കളോ തന്ന ഗിഫ്റ്റ് വൗച്ചറുകളുടെ കാലാവധി കഴിഞ്ഞിട്ടില്ലെങ്കില്‍ ഇവ പ്രയോജനപ്പെടുത്താനുള്ള അവസരം കൂടിയാണ് ഓഫര്‍ക്കാലം. ഇത് വൗച്ചറിലെ തുകയിലേക്ക് ഷോപ്പിങ് ചുരുക്കാനും നമ്മെ പ്രേരിപ്പിക്കും.

5. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം

ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഒക്കെ ഉപയോഗിച്ച് നടത്തുന്ന ഷോപ്പിങ്ങുകള്‍ക്ക് പലവിധ
ആനുകൂല്യങ്ങള്‍ ലഭ്യമാണ്.ഓണം പോലുള്ള ഫെസ്റ്റിവൽ സീസണുകളിൽ പ്രത്യേക കിഴിവും ഓഫറുകളും കാണാം. പണത്തിനു പകരം കാർഡ് നൽകി ഷോപ്പിങ് നടത്തി ഇത്തരം ലാഭങ്ങൾ വരവു വയ്ക്കാം.

6. ക്രെഡിറ്റ് പോയിന്റുകള്‍ പണമാക്കുക

ബിഗ്ബസാര്‍, മാക്‌സ്, റിലയന്‍സ് റീട്ടെയില്‍ തുടങ്ങിവർ‍ തങ്ങളുടെ കാര്‍ഡ് കൈവശം വച്ചിരിക്കുന്ന അംഗങ്ങള്‍ക്ക് നല്‍കുന്ന ക്രെഡിറ്റ് പോയിന്റ്‌സ് ഉയർത്തിയിട്ടുണ്ടെങ്കില്‍ പേമെന്റ് സമയത്ത് അതും ഉപയോഗപ്പെടുത്താം.

7. സോഷ്യല്‍ മീഡിയ പേജുകള്‍ നോക്കുക

പുതിയ ബൊത്തീക്കുകള്‍, പാര്‍ലറുകള്‍, ഹെയര്‍ സലൂണുകള്‍ എന്നിവയൊക്കെ സോഷ്യല്‍ മീഡിയ പ്രമോഷന്റെ ഭാഗമായി ഓഫറുകൾ അവതരിപ്പിക്കും.

ഫേസ്ബുക്ക് പേജ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ അപ്പോയ്ൻമെന്റ് എടുക്കുകയോ ഓര്‍ഡര്‍ നല്‍കുകയോ ചെയ്യുമ്പോള്‍ നല്ല ഓഫറുകളും മികച്ച ഡീലുകളും നൽകുന്നവരുമുണ്ട്. ഇതെല്ലാം ഈ ഓണക്കാലത്ത് പ്രയോജനപ്പെടുത്താം.

8. വ്യാജ ഓഫറുകളില്‍ വഞ്ചിതരാകരുത്

ഉൽപന്നങ്ങള്‍ക്ക് 50 മുതല്‍ 60 ശതമാനം വരെ വിലക്കിഴിവ് നല്‍കി ഓണക്കാലത്ത് പല കമ്പനികളും ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഓഫര്‍ ഇല്ലാത്ത സമയത്തെ വിപണിവില കൃത്യമായി മനസ്സിലാക്കി വേണം ഇത്തരം അവസരങ്ങളില്‍ ഷോപ്പിങ്ങിന് ഇറങ്ങാൻ. ആ വിലയിൽനിന്നും കാര്യമായ വ്യത്യാസമുണ്ടോ എന്നു നോക്കി മാത്രം ഉൽപന്നങ്ങള്‍ തിരഞ്ഞെടുക്കുക. ഇല്ലെങ്കിൽ യഥാർഥ വിലയുടെ ഇരട്ടി ഇട്ടിട്ട് പകുതി ഡിസ്കൗണ്ട് നൽകിയുള്ള പറ്റിക്കലിനു നിങ്ങളും ഇരയാകാം.

9.ഓണ്‍ലൈന്‍ ഷോപ്പിങ് ഓഫറുകള്‍

ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വിൽപന പൊടിപൊടിക്കുന്ന സമയമാണ് ഒാണക്കാലം. ഈ അവസരത്തില്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയൊക്കെ മികച്ച വിലക്കിഴിവ് ബ്രാന്‍ഡഡ് ഉൽപന്നങ്ങള്‍ക്ക് നൽകുന്നു. അതിനായി കാത്തിരിക്കണം. ഓഫർ പ്രഖ്യാപിക്കുമ്പോൾ ആവശ്യമുള്ളതു വാങ്ങുക. ഓണത്തോടനുബന്ധിച്ച് ഷോറുമുകളും ആകർഷക ഓഫറുകൾ നൽകുന്നുണ്ട്.പല ബ്രാന്‍ഡുകളുടെ ഉൽപന്നങ്ങള്‍ താരതമ്യം ചെയ്ത് നമ്മുടെ ബജറ്റിനിണങ്ങിയ ഏറ്റവും മികച്ച ഉൽപന്നം വാങ്ങാം. ഇത് ഷോപ്പിങ്ങിനായുള്ള സമയനഷ്ടവും പണ നഷ്ടവും ഒഴിവാക്കുകയും ചെയ്യും.

10. ഓൺലൈൻ മാത്രം പോരാ

നേരില്‍ കണ്ടും ഉപയോഗിച്ചു നോക്കിയും മാത്രം വാങ്ങേണ്ട ഉൽപന്നങ്ങള്‍ നേരിട്ടു വാങ്ങുന്നതാണ് നല്ലത്. ഓണ്‍ലൈനിലൂടെ വാങ്ങുന്നവയ്ക്ക് വാറന്റി, സർവീസ് സൗകര്യങ്ങൾ‌ എന്നിവയൊക്കെ ഉണ്ടോയെന്ന് ഉറപ്പാക്കുകയും വേണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com