ADVERTISEMENT

വെല്ലിങ്ടൻ∙ വിജയത്തിന്റെ വക്കിൽനിൽക്കെ അവിശ്വസനീയമായി തകർന്നടിഞ്ഞ ഇന്ത്യൻ വനിതകൾക്ക് ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിൽ ദയനീയ തോൽവി. 23 റൺസിനാണ് ഇന്ത്യയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണെടുത്തത്. ഇന്ത്യയുടെ മറുപടി 19.1 ഓവറിൽ 136 റൺസിൽ അവസാനിച്ചു. ഓപ്പണർ സ്മൃതി മന്ഥനയുടെ മികവിൽ 11.2 ഓവറിൽ ഒന്നിന് 102 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഒൻപതു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 52 പന്തിൽ 58 റണ്‍സ് മാത്രം. എന്നാൽ, മന്ഥന പുറത്തായതിനു പിന്നാലെ തകർന്നടിഞ്ഞ ഇന്ത്യ തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 1–0ന് മുന്നിലെത്തി. രണ്ടാം മൽസരം വെള്ളിയാഴ്ച നടക്കും.

ന്യൂസീലൻഡ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ തുടക്കം പാളിയതാണ്. സ്കോർബോർഡിൽ നാലു റൺസ് മാത്രമുള്ളപ്പോൾ അരങ്ങേറ്റ താരം പ്രിയ പൂനിയ നാലു റൺസുമായി പുറത്ത്. എന്നാൽ, പിന്നീട് ക്രീസിൽ ഒത്തുചേർന്ന സ്മൃതി മന്ഥന – ജമീമ റോഡ്രിഗസ് സഖ്യം 98 റൺസ് കൂട്ടുകെട്ടുമായി ഇന്ത്യയെ മൽസരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു.

സ്കോർ 102ൽ നിൽക്കെ ഏഴാം അർധസെഞ്ചുറിയുമായി മന്ഥന പുറത്തായതാണ് മൽസരത്തിൽ വഴിത്തിരിവായത്. 34 പന്തുകൾ നേരിട്ട സ്മൃതി, ഏഴു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 58 റൺസെടുത്താണ് പുറത്തായത്. പിന്നാലെ 33 പന്തിൽ 39 റൺസുമായി ജമീമയും പുറത്തായതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. വെറും 34 റൺസിനിടെയാണ് ഇന്ത്യയ്ക്ക് ഒൻപതു വിക്കറ്റുകൾ നഷ്ടമായത്.

ഹേമലത (ആറു പന്തിൽ മൂന്ന്), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (15 പന്തിൽ 17), അനൂജ പാട്ടീൽ (പൂജ്യം), അരുദ്ധതി റെഡ്ഡി (ആറു പന്തിൽ രണ്ട്), ദീപ്തി ശർമ (എട്ടു പന്തിൽ അഞ്ച്), ടാനിയ ഭാട്യ (രണ്ടു പന്തിൽ ഒന്ന്), രാധ യാദവ് (മൂന്നു പന്തിൽ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ആതിഥേയർക്കായി ലീ തഹൂഹു മൂന്നും കാസ്പറക്, അമേലിയ കേർ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.

ന്യൂസീലൻഡിനെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ വനിതാ ടീമംഗങ്ങൾ.
ന്യൂസീലൻഡിനെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ വനിതാ ടീമംഗങ്ങൾ.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. കഴിഞ്ഞ വർഷത്തെ ടോപ് സ്കോറർമാരിൽ ഒരാളായ സൂസി ബേറ്റ്സ് സ്കോർബോർഡിൽ 11 റൺസ് മാത്രമുള്ളപ്പോൾ ഏഴു റൺസുമായി പുറത്തായി. രാധാ യാദവിനായിരുന്നു വിക്കറ്റ്. എന്നാൽ, തുടർന്നെത്തിയ ഓരോ താരങ്ങളും ശ്രദ്ധേയ സംഭാവനകൾ നൽകി കളം നിറഞ്ഞതോടെ ന്യൂസീലൻഡ് മികച്ച സ്കോറിലേക്ക് കുതിച്ചു. അർധസെഞ്ചുറി നേടിയ ഓപ്പണർ സോഫി ഡിവൈനാണ് ആതിഥേയരുടെ ടോപ് സ്കോറർ. 48 പന്തുകൾ നേരിട്ട സോഫി, ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 62 റൺസെടുത്തു.

കെയ്റ്റ്‌ലിൻ ഗുറേ (16 പന്തിൽ 15), ആമി സാറ്റർത്‌വയ്റ്റ് (27 പന്തിൽ 33), കാത്തി മാർട്ടിൻ (14 പന്തിൽ പുറത്താകാതെ 27), ഫ്രാൻസെസ് മക്കേ (ഒൻപതു പന്തിൽ പുറത്താകാതെ 10) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇന്ത്യയ്ക്കായി നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ദീപ്തി ശർമ മികച്ച പ്രകടനം കാഴ്ചവച്ചു. അരുദ്ധതി റെഡ്ഡി, രാധ യാദവ്, പൂനം യാദവ് എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com