ADVERTISEMENT

വെല്ലിങ്ടൻ∙ വനിതാ ക്രിക്കറ്റിൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരം കൈവിട്ടതിനു പിന്നാലെ ടീമിനെതിരെ പരോക്ഷ വിമർശനവുമായി സൂപ്പർതാരം സ്മൃതി മന്ഥന രംഗത്ത്. കളി ജയിക്കാൻ താൻ തന്നെ 20 ഓവറും ക്രീസിൽ നിൽക്കേണ്ട അവസ്ഥയാണെന്ന് മൽസരശേഷം മാധ്യമങ്ങളെ കാണവേ മന്ഥന സൂചിപ്പിച്ചു. വെല്ലിങ്ടനിൽ ബുധനാഴ്ച നടന്ന ഒന്നാം ട്വന്റി20യിൽ 34 പന്തിൽനിന്നും മന്ഥന 58 റൺസടിച്ചിട്ടും ഇന്ത്യ തോറ്റിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണെടുത്തത്. ഇന്ത്യയുടെ മറുപടി 19.1 ഓവറിൽ 136 റൺസിൽ അവസാനിച്ചു. മന്ഥനയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ 11.2 ഓവറിൽ ഒന്നിന് 102 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഒൻപതു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 52 പന്തിൽ 58 റണ്‍സ് മാത്രം.

എന്നാൽ, മന്ഥന പുറത്തായതിനു പിന്നാലെ തകർന്നടിഞ്ഞ ഇന്ത്യ തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. വെറും 34 റൺസിനിടെയാണ് ഇന്ത്യയ്ക്ക് മന്ഥനയുടേത് ഉൾപ്പെടെ അവസാന ഒൻപതു വിക്കറ്റുകൾ നഷ്ടമായത്. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 1–0ന് മുന്നിലെത്തുകയും ചെയ്തു.

ഫലത്തിൽ മധ്യനിര തീർത്തും നിറംമങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മൽസരശേഷം സംസാരിക്കുമ്പോൾ ഇതിന്റെ അരിശം മന്ഥനയുടെ വാക്കുകളിൽ ആവോളമുണ്ടായിരുന്നു.

‘എന്റെയും ജമീമയുടെയും (റോഡ്രിഗസ്) വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടതാണ് നിർണായകമായത്. ട്വന്റി20യിൽ ഇത്തരത്തിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായാൽ അതിനു വലിയ വില കൊടുക്കേണ്ടിവരും. 160 റൺസ് പോലെ ഉയർന്ന വിജയലക്ഷ്യം പിന്തുടരുകയും ഓവറിൽ എട്ട് റൺസ് വിജയത്തിലേക്കു വേണ്ടിയിരിക്കുകയും ചെയ്യുമ്പോൾ, കുറച്ചുകൂടി പ്ലാൻ ചെയ്ത് കളിക്കേണ്ടതായിരുന്നു. ഇന്ന് അത് നടന്നില്ല’ – മന്ഥന പറഞ്ഞു.

‘പ്രായോഗികമായി പറഞ്ഞാൽ, 20 ഓവറും ഞാൻ ക്രീസിൽ നിൽക്കുന്നതാണ് ജയിക്കാൻ നല്ലത്. 18 ഓവർ വരെ ക്രീസിൽ നിൽക്കാൻ എനിക്കു കഴിഞ്ഞാൽ കൂട്ടത്തകർച്ച ഒഴിവാക്കാവുന്നതേയുള്ളൂ. ആദ്യത്തെ മൂന്നോ നാലോ പേർക്ക് 18–20 ഓവർ ക്രീസിൽ നിൽക്കാൻ സാധിക്കുന്ന പക്ഷം മറ്റുള്ളവർക്ക് ജോലി എളുപ്പമാകും. അതുകൊണ്ടുതന്നെ അടുത്ത തവണ ഈ ചിന്തയുമായിട്ടാകും ഞാൻ കളത്തിലിറങ്ങുക’ – മന്ഥന പറഞ്ഞു.

24 പന്തിൽനിന്നും അർധസെഞ്ചുറി പിന്നിട്ട മന്ഥന, വേഗമേറിയ തന്റെ അർധസെഞ്ചുറിയുടെ റെക്കോർഡ് ഒരു പന്തുകൂടി മെച്ചപ്പെടുത്തിയിരുന്നു. അവസാന ഓവറുകളിൽ കുറച്ച് അധികം റൺസ് വഴങ്ങിയില്ലായിരുന്നെങ്കിൽ ന്യൂസീലൻഡ് ഉയർത്തിയ വിജയലക്ഷ്യം ഇന്ത്യയ്ക്ക് അനായാസം മറികടക്കാൻ സാധിച്ചേനെയെന്നും മന്ഥന ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com