ADVERTISEMENT

ആദ്യം പുറവേദന നിമിത്തം രണ്ടു മാസത്തിലധികം ടീമിനു പുറത്ത്. പരുക്കുമാറി തിരികെ ടീമിലെത്താറായപ്പോൾ കോഫി വിത്ത് കരൺ എന്ന ടെലിവിഷൻ പരിപാടിയിലെ കുപ്രസിദ്ധ പരാമർശങ്ങളുടെ പേരിൽ വീണ്ടും ടീമിന് പുറത്ത്, സസ്പെൻഷൻ... എല്ലാറ്റിനുമൊടുവിൽ ടീമിലേക്കു മടങ്ങിയെത്തിയെങ്കിലും ആ പഴയ മികവിന്റെ നിഴലിലാണ് ഇപ്പോഴും ഹാർദിക് പാണ്ഡ്യ. ബാറ്റിങ്ങിലും ബോളിങ്ങിലും ടീമിന്റെ പ്രതീക്ഷയ്ക്കൊത്തുയരാൻ സാധിക്കാതെ ഹാർദിക് ഇപ്പോഴും ഉഴറുന്നു. ഏകദിന ലോകകപ്പ് ഏതാനും മാസം അകലെ നിൽക്കെ ടീമിന്റെ പേസ് ബാറ്ററിക്ക് പൂർണത നൽകുന്ന മൂന്നാമനായി കണക്കാക്കപ്പെടുന്ന താരമാണ് ഹാർദിക്. വമ്പൻ ഷോട്ടുകൾക്ക് പ്രാപ്തിയുള്ള താരമെന്ന നിലയിലും ബാറ്റിങ്ങിലും പാണ്ഡ്യ ആരാധകർക്ക് പ്രിയപ്പെട്ടവൻ തന്നെ.

എന്നാൽ, ടീമിലേക്കു തിരിച്ചെത്തിയതു മുതൽ അത്ര നല്ല കാലമല്ല പാണ്ഡ്യയ്ക്ക്. ഏകദിന പരമ്പരയിലെ അവസാന മൂന്നു മൽസരങ്ങളിൽ കളത്തിലിറങ്ങിയെങ്കിലും കാര്യമായ പ്രകടനത്തിനൊന്നും അവസരം ലഭിച്ചില്ല. പൂർണമായും കളിച്ച ട്വന്റി20 പരമ്പരയിലാകട്ടെ, പൂർണമായും നിരാശപ്പെടുത്തുകയും ചെയ്തു. ഏകദിനത്തിൽ മൂന്നു കളികളിൽനിന്ന് നാലു വിക്കറ്റാണ് സമ്പാദ്യം. ബാറ്റിങ്ങഇൽ 45 റൺസും.

ലോകകപ്പ് വർഷത്തിൽ ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിക്കുന്ന ബോളിങ്ങിന്റെ കാര്യത്തിലാണ് പാണ്ഡ്യ തീർത്തും നിരാശപ്പെടുത്തിയത്. ട്വന്റി20 പരമ്പരയിലെ മൂന്നു മൽസരങ്ങളിലും നാല് ഓവർ വീതമുള്ള ‘ക്വോട്ട’ തികച്ച് ബോൾ ചെയ്ത പാണ്ഡ്യ, നാണക്കേടിന്റെ ഒരു റെക്കോർഡും ഏറ്റുവാങ്ങിയാണ് നാട്ടിലേക്കു മടങ്ങുന്നത്. മൂന്നു മൽസരങ്ങളിലായി ആകെ 12 ഓവർ ബോൾ ചെയ്ത പാണ്ഡ്യ വഴങ്ങിയത് 131 റൺസാണ്. ഒരു ദ്വിരാഷ്ട്ര ട്വന്റി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഇന്ത്യൻ ബോളറായും ഇതോടെ പാണ്ഡ്യ മാറി.

സഹോദരൻ കൂടിയായ ക്രുനാൽ പാണ്ഡ്യയുടെ പേരിലുണ്ടായിരുന്ന ‘റെക്കോർഡാണ്’ ഹാർദിക് സ്വന്തം പേരിലാക്കിയത്. തൊട്ടുമുൻപു നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ മൂന്നു കളികളിൽനിന്ന് 117 റൺസാണ് ക്രുനാൽ വഴങ്ങിയത്. അതേസമയം, ന്യൂസീലൻഡിൽ നിരാശപ്പെടുത്തിയ ഇന്ത്യൻ ബോളർ ഹാർദിക് മാത്രമല്ല. ഒരു കളിയിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം പോലും നേടിയ ക്രുനാൽ പാണ്ഡ്യ മൂന്നു മൽസരങ്ങളിൽനിന്നു വിട്ടുകൊടുത്തത് 119 റൺസാണ്. അടി വാങ്ങിക്കൂട്ടിയ യുവതാരം ഖലീൽ അഹമ്മദ് ആകട്ടെ, 122 റൺസും വഴങ്ങി.

എങ്കിലും ഹാർദിക് പാണ്ഡ്യയുടെ ശനിദശ അവസാനിച്ചിട്ടില്ലെന്നു ശരിക്കു വ്യക്തമായത് ഹാമിൽട്ടനിലെ മൂന്നാം മൽസരത്തിലാണ്. ഹാർദിക്കിന്റെ പന്തിൽ മൂന്നു തവണയാണ് വിജയ് ശങ്കറും ഖലീൽ അഹമ്മദും ചേർന്ന് ക്യാച്ച് കൈവിട്ടത്. വിജയ് ശങ്കർ കൈവിട്ടത് അത്ര എളുപ്പമുള്ള അവസരങ്ങളായിരുന്നില്ലെങ്കിലും, കൈകളിലേക്ക് അടിച്ചുകൊടുത്ത പന്താണ് ഖലീൽ നിലത്തിട്ടത്. മൂന്നും 40 പന്തിൽനിന്ന് 72 റൺസടിച്ച് കളിയിലെ താരമായ മൺറോ നൽകിയ ക്യാച്ചുകളും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com