ADVERTISEMENT

മുംബൈ∙ ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ കണ്ടെത്താൻ ദേശീയ ടീം സിലക്ടർമാർ ശ്രമം തുടരവെ, സ്വന്തം നിലയ്ക്ക് ടീമിനെ ‘പ്രഖ്യാപിച്ച്’ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇംഗ്ലണ്ടിൽ മേയ് അവസാനം ആരംഭിക്കുന്ന ലോകകപ്പിൽ ഉൾപ്പെടുത്തേണ്ട താരങ്ങളെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാടുവച്ചാണ് ഹർഭജന്റെ ‘ടീം പ്രഖ്യാപനം’. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും പര്യടനം നടത്തിയ ഇന്ത്യൻ ഏകദിന ടീമിലെ മിക്ക താരങ്ങളും ഹർഭജന്റെ ടീമിൽ ഇടംപിടിച്ചുണ്ട്. ആരാധകർ ഒന്നടങ്കം ടീമിൽ വേണമെന്ന് ആവശ്യപ്പെടുന്ന യുവതാരം ഋഷഭ് പന്തിന്റെ അസാന്നിധ്യമാണ് ഹർഭജന്റെ ടീമിന്റെ പ്രധാന പ്രത്യേകത.

അതേസമയം, ഇന്ത്യൻ ടീമിലെ പുതിയ ‘കണ്ടെത്തലായ’ വിജയ് ശങ്കർ ടീമിലുണ്ട്. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും കിട്ടിയ പരിമിതമായ അവസരങ്ങളിൽപ്പോലും മികവുകാട്ടിയതാണ് വിജയ് ശങ്കറിനെ ടീമിൽ ഉൾപ്പെടുത്താൻ കാരണമെന്ന് ഹർഭജൻ വിശദീകരിച്ചു. ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ഭാജിയുടെ ടീമിലെ അപ്രതീക്ഷിത അതിഥികൾ. 15 അംഗ ടീമിനു പുറത്ത് പകരക്കാരൻ എന്ന ലേബലിലാണ് ജഡേജയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടീമിൽ ഇടംപിടിക്കാൻ ഹാർദിക് പാണ്ഡ്യയും വിജയ് ശങ്കറും തമ്മിൽ കടുത്ത മൽസരത്തിനും സാധ്യതയുണ്ടെന്നാണ് ഭാജിയുെട അനുമാനം. ഇംഗ്ലണ്ടിലെ സാഹചര്യം പരിഗണിച്ചാൽ രവീന്ദ്ര ജഡേജയും ടീമിന് അനിവാര്യനാണെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. ടീമിലെ മൂന്നാമത്തെ ഓൾറൗണ്ടർ എന്ന നിലയിൽ ജഡേജയെയും ടീമിലേക്കു പരിഗണിക്കാം.

‘2017ലെ ചാംപ്യൻസ് ട്രോഫി മനസ്സിലുള്ളവർക്കറിയാം, ഇംഗ്ലണ്ടിൽ പൊതുവെ ചൂടുണ്ടാകും. അതേ സാഹചര്യങ്ങളാണ് നിലനിൽക്കുന്നതെങ്കിൽ ജഡേജ ടീമിലുള്ളതാണ് നല്ലത്. പ്രത്യേകിച്ചും എതിർ ടീമിൽ അഞ്ചോ ആറോ വലംകയ്യൻ ബാറ്റ്സ്മാൻമാർ ഉള്ളപ്പോൾ. ജ‍ഡേജയെ ബാറ്റിങ് ലൈനപ്പിൽ ആറാമതും ഹാർദിക് പാണ്ഡ്യയെ ഏഴാമതുമാക്കുക. മാത്രമല്ല, ടീമിലെ ഏറ്റവും മികച്ച ഫീൽഡർ കൂടിയാണ് ജഡേജ’ – ഹർഭജൻ ചൂണ്ടിക്കാട്ടി.

ഹർഭജൻ സിങ്ങിന്റെ 15 അംഗ ടീം

വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്‍ലി, അമ്പാട്ടി റായുഡു, മഹേന്ദ്രസിങ് ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ദിനേഷ് കാർത്തിക്, വിജയ് ശങ്കർ. പകരക്കാരൻ – രവീന്ദ്ര ജഡേജ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com