ADVERTISEMENT

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ താരം എന്ന നേട്ടം ഇന്ത്യയുടെ കപിൽദേവ് സ്വന്തമാക്കിയിട്ട് 25 വയസ്. ടെസ്റ്റിലെ ഈ അപൂർവ റെക്കോർഡ് കപിലിന്റെ പേരിലായത് 25 വർഷങ്ങൾക്കു മുൻപാണ്. അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ 1994 ഫെബ്രുവരി 8 മുതൽ 12 വരെ നടന്ന ഇന്ത്യ– ശ്രീലങ്ക ടെസ്റ്റിലാണ് ചരിത്രം പിറന്നത്. ഈ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ തന്നെ പിറന്ന ചരിത്രത്തിന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൃത്യമായി പറഞ്ഞാൽ 25 വയസ്സ് പൂർത്തിയായത്!

രാജ്യാന്തര ക്രിക്കറ്റിലെ ബാറ്റിങ് റെക്കോർഡുകളിൽ പലതും ഇന്ത്യക്കാരുടെ പേരിലാണ്. ഇവയിൽ മിക്കവയും സച്ചിൻ തെൻഡുൽക്കറും വിരാട് കോഹ്‍ലിയും പങ്കുവയ്ക്കുന്നു. അതിനുമുൻപ് സുനിൽ ഗാവസ്കറുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും പേരിലായിരുന്നു മിക്ക ബാറ്റിങ് റെക്കോർഡുകളും. എന്നാൽ ബോളിങ് രംഗത്തെ റെക്കോർഡ് വാഴ്ചയിൽ ഇന്ത്യൻ ടച്ച് ഏറെയില്ല. അതിലൊന്നാണ് 1994ൽ കപിൽ നേടിയത്. (ഒരിന്നിങ്സിൽ കൂടുതൽ  വിക്കറ്റുകൾ എന്ന നേട്ടം 1999ൽ  അനിൽ കുംബ്ലെ സ്വന്തമാക്കിയതാണ് മറ്റൊരു റെക്കോർഡ് നേട്ടം). 

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ  എന്ന റെക്കോർഡ് 1994ൽ കപിൽ സ്വന്തമാക്കുമ്പോൾ ഏകദിനക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ  എന്ന ബഹുമതിയും കപിലിന്റെ പേരിലായിരുന്നു. ഇതോടെ രാജ്യാന്തരക്രിക്കറ്റിലെ രണ്ട് ഫോർമാറ്റുകളിലെയും റെക്കോർഡ് വിക്കറ്റ് വേട്ട കപിലിന്റെ പേരിലായി. ടെസ്റ്റിലെ  കപിലിന്റെ റെക്കോർഡ് 2000ൽ കോട്നി വാൽഷ് മറികടന്നെങ്കിൽ ഏകദിന റെക്കോർഡ് 1994ൽ വസീം അക്രം സ്വന്തമാക്കി. 

1993–94ലെ ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസമാണ് കപിൽ ചരിത്രം കുറിച്ചത്. ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ 31–ാം പിറന്നാൾ  എന്ന പ്രത്യേകതകൂടിയുണ്ട് ആ ദിവസത്തിന്. ഫെബ്രുവരി 8. സമയം 10.40. കപിലിന്റെ 44–ാം പന്തിൽ ഹഷൻ തിലകരത്‍നെയെ സഞ്ജയ് മഞ്ജരേക്കർ പിടിച്ചുപുറത്താക്കിയതോടെയാണ് കപിൽ പുതിയ നേട്ടം സ്വന്തമാക്കിയത്. അതുവരെ ലോകത്തിലെ ഏറ്റവും വലിയ റെക്കോർഡ് വേട്ടക്കാരൻ  എന്ന നേട്ടം ന്യൂസിലൻഡിന്റെ ഇതിഹാസതാരം റിച്ചാർഡ് ഹാഡ്‍ലിയുടെ പേരിലായിരുന്നു. 86 ടെസ്റ്റുകളിൽനിന്നായി ഹാഡ്‍ലി സ്വന്തമാക്കിയത് 431 വിക്കറ്റുകളാണ്.

അതേസമയം, കപിലിന് ടെസ്റ്റിലെ നേട്ടം സ്വന്തമാക്കാൻ 130 ടെസ്റ്റുകൾ വേണ്ടിവന്നു. ഇവയിൽ കൂടുതൽ വിക്കറ്റുകളും ഇന്ത്യയിലെ ‘ചത്ത’ പിച്ചുകളിലായിരുന്നു  എന്ന വസ്തുത കപിലിന്റെ റെക്കോർഡിന്റെ മാറ്റുകൂട്ടുന്നു. കപിലിന്റെ നേട്ടം നേരിൽകാണാൻ മാതാവും ഭാര്യയും സഹോദരങ്ങളും സ്റ്റേഡിയത്തിൽ ഇടംപിടിച്ചിരുന്നു. ടെസ്റ്റ് ബോളിങ്ങിലെ ഈ നേട്ടം സ്വന്തമാക്കുമ്പോൾ ഏറ്റവും കൂടുതൽ സെഞ്ചുറികൾ അടക്കമുള്ള ബാറ്റിങ് റെക്കോർഡുകൾ മറ്റൊരു ഇന്ത്യക്കാരന്റെ പേരിനൊപ്പമായിരുന്നു: സാക്ഷാൽ സുനിൽ ഗാവസ്കർ. 

ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ എന്ന റെക്കോർഡ് 1988ൽ വെസ്റ്റ് ഇൻഡീസിന്റെ ജോയൽ ഗാർണറെ മറികടന്ന് കപിൽ സ്വന്തമാക്കി. പിന്നീട് 1991ൽ ഷാർജയിൽ വെസ്റ്റ് ഇൻഡിസിനെതിരെ കളിക്കുമ്പോൾ  ഏകദിനത്തിലെ മറ്റൊരു നേട്ടവും അദ്ദേഹം സ്വന്തമാക്കിയിരുന്നു– 200 ഏകദിന വിക്കറ്റുകൾ പിഴുത ആദ്യ താരം. ബോളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും ഒരിക്കൽ ലോക റെക്കോർഡ് കപിലിന്റെ പേരിലുണ്ടായിരുന്നു– ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഇന്നിങ്സ് (1983ൽ സിംബാബ്‍വെക്കെതിരെ പുറത്താകെ 175 റൺസ്). ഓൾറൗണ്ടർ  എന്ന നിലയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ 1000 റൺസും 100 വിക്കറ്റും സ്വന്തമാക്കിയ താരവും കപിലായിരുന്നു. 

∙ കപിൽദേവ്: ജീവിതരേഖ

മികവാർന്ന ഓൾറൗണ്ട് പ്രകടനംകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ നിറുകയിലേക്ക് കൈപിടിച്ചുയർത്തിയ നായകനാണ് കപിൽദേവ് രാംലാൽ നിഖഞ്ച്. സ്വതസിദ്ധമായ കഴിവും സമർപ്പണമനോഭാവവും ക്രിക്കറ്റിനോടുള്ള ആവേശവുമായി രണ്ടു ദശകത്തോളം ലോകക്രിക്കറ്റിലെ നിറസാന്നിധ്യം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ പുലർത്തിയ മികവാണ് അദ്ദേഹത്തെ ഇന്ത്യൻ  ക്രിക്കറ്റിന്റെ എല്ലാമെല്ലാമാക്കിയത്.

1983ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുമ്പോൾ നായകനായിരുന്നു 24കാരനായ കപിൽ. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറായിരുന്നു ഹരിയാനയിൽനിന്നുളള ഈ താരം. 131 ടെസ്‌റ്റുകളിൽ നിന്നായി 5248 റൺസും 434 വിക്കറ്റുകളും നേടിയ കപിലായിരുന്നു ഏറെക്കാലം വിക്കറ്റുവേട്ടയിൽ മുന്നിൽ.  ഏകദിനക്രിക്കറ്റിൽ കപിലിന്റെ  സമ്പാദ്യം 253 വിക്കറ്റുകളാണ്. 1979–80ലെ പാക്ക് പര്യടനത്തിനിടയിൽ കപിൽ കുറിച്ചത് ചരിത്രമായിരുന്നു–  100 വിക്കറ്റും 1000 റൺസും തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി. 1986ൽ ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുമ്പോൾ, അവിടെയൊരു ടെസ്‌റ്റ് വിജയം നേടുന്ന ആദ്യ ഇന്ത്യൻ നായകനായി.

എൺപതുകളുടെ തുടക്കത്തിൽ സ്‌പിൻ ശക്‌തി ചോർന്നു തുടങ്ങിയപ്പോഴാണ് കപിൽ ഇന്ത്യയുടെ പ്രധാന ബോളറായി മാറിയത്. 1978ൽ പാക്കിസ്‌ഥാനെതിരെ അരങ്ങേറിയ ആ 19 വയസുകാരന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഓരോ സീസൺ കഴിയുമ്പോഴും തന്റെ സ്‌ഥാനം ശക്‌തമാക്കിയ കപിൽ നായകസ്‌ഥാനത്തേക്കുള്ള സ്വാഭാവിക കണ്ടെത്തലായിരുന്നു. രാജ്യാന്തരരംഗത്ത് കപിൽ തീയിൽ കുരുത്തതാണെന്നു പറയാം. ഇമ്രാൻ ഖാന്റെയും സർഫ്രസ് നവാസിന്റെയും തീപാറുന്ന പന്തുകളെ നേരിട്ട് മോശമല്ലാത്ത റൺസ് കണ്ടെത്തുകയും നാലു വിക്കറ്റെടുക്കുകയും ചെയ്‌തുകൊണ്ടാണ് കപിൽ ടെസ്‌റ്റിൽ തുടക്കമിട്ടത്. പിന്നീട് നാട്ടിൽ നടന്ന വെസ്‌റ്റ് ഇൻഡീസ് പരമ്പരയിൽ 379 റൺസ് കപിലിന്റെ ബാറ്റിൽ നിന്നൊഴുകി.

വേഗം കൊണ്ടു മാത്രം വിക്കറ്റു ലഭിക്കില്ലെന്ന് കപിൽ തിരിച്ചറിഞ്ഞു. അങ്ങനെയാണ് മാരകമായ ഔട്ട്‌സ്വിങ്ങറുകളും യോർക്കറുകളും കപിൽ പ്രധാന ആയുധമാക്കി മാറ്റുന്നത്. ഫാസ്‌റ്റ് ബൗളറെ ഒട്ടും തുണയ്‌ക്കാത്ത ഇന്ത്യയിലെ പിച്ചുകളിലാണ് കപിൽ ഏറെക്കാലം ഏറ്റവും കൂടുതൽ വിക്കറ്റിനുടമയെന്ന നേട്ടം സ്വന്തമാക്കി വച്ചത്. 83ലെ ലോകകപ്പിലേക്കുള്ള വഴിയിൽ സിംബാബ്‌വെയ്‌ക്കെതിരെ 17 റൺസിന് അഞ്ചു വിക്കറ്റ് നഷ്‌ടത്തിൽ നിൽക്കുമ്പോൾ ബാറ്റുമായെത്തി കപിൽ നേടിയ 175 റൺസ്   മായാത്ത സുവർണനിമിഷങ്ങളാണ്. ലോകകപ്പ് നേടി ഒരു വർഷത്തിനുള്ളിൽ കപിലിന്റെ ക്യാപ്‌റ്റൻ സ്‌ഥാനം തെറിച്ചു. ഗാവസ്‌കറാണ് ആ സ്‌ഥാനത്ത് എത്തിയത്. 1985–86 ൽ വീണ്ടും നായകനായി തിരിച്ചെത്തി. 1994 നവംബറിൽ തന്നെ കപിൽ മൽസരരംഗത്തുനിന്നു വിടപറഞ്ഞു. 1999ൽ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകനായി.

ഏകദിനത്തിൽ 74 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചു– 40  വിജയവും 32 തോൽവിയും. ടെസ്‌റ്റിൽ 34 മത്സരങ്ങളിൽ നായകനായിരുന്നു –നാലു വിജയവും ഏഴു തോൽവിയും 22 സമനിലകളും. ഒരു മത്സരം ടൈയിൽ അവസാനിച്ചു. 1978ൽ അർജുന അവാർഡും 1982ൽ പത്മശ്രീയും 1991ൽ പത്മഭൂഷണും നൽകി രാഷ്ട്രം ആദരിച്ചു. 1983ലെ വിസ്‌ഡന്റെ ക്രിക്കറ്റർ ഓഫ് ദി ഇയർ ബഹുമതി നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com