ADVERTISEMENT

ന്യൂഡൽഹി∙ ഏകദിന ലോകകപ്പിനു മുന്നോടിയായിയുള്ള ഇന്ത്യയുടെ അവസാന പരമ്പരയ്ക്ക് ഈ മാസം 24നു തുടക്കമാകും. ഏതാനും ആഴ്ചകൾക്കു മുൻപ് ഇന്ത്യയോട് തോറ്റ ഓസ്ട്രേലിയയാണ് ഇന്ത്യയെ നേരിടാനായി ഇവിടെയെത്തുക. രണ്ട് ട്വന്റി20 മൽസരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിൽ ഉണ്ടാവുക. പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ വെള്ളിയാഴ്ച മുംബൈയിൽ ചേരുന്ന സിലക്ഷൻ കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുക്കും. കോഹ്‍ലിയുടെ അഭാവത്തിൽ ന്യൂസീലൻഡിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമയ്ക്ക് ചില മൽസരങ്ങളിൽ വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോർട്ട്.

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കു പിന്നാലെ ഇന്ത്യൻ ടീമംഗങ്ങൾ ഐപിഎല്ലിനായി വിവിധ ടീമുകൾക്കൊപ്പം ചേരും. അതിനുശേഷം ലോകകപ്പിനായി ഇംഗ്ലണ്ടിലേക്കു പോകും. ഫലത്തിൽ, ലോകകപ്പിനു മുൻപ് ടീമിനെ തേച്ചുമിനുക്കാനും അവസാനവട്ട തയാറെടുപ്പുകൾ നടത്താനുമുള്ള വേദിയാണ് ഓസീസിനെതിരായ പരമ്പര. ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്കായി കളിക്കാൻ പോകുന്ന ടീമിനെത്തന്നെയാകും ഓസീസിനെതിരെയും ഇന്ത്യ അണിനിരത്തുകയെന്ന് വ്യക്തം.

അതേസമയം, തുടർച്ചയായി മൽസരങ്ങൾ കളിച്ചു ക്ഷീണിച്ച മുതിർന്ന താരങ്ങൾക്കു വിശ്രമം അനുവദിച്ച് യുവാക്കൾക്ക് അവസരം നൽകുമെന്നും ശ്രുതിയുണ്ട്. എന്നാൽ, ലോകകപ്പിനു മുന്നോടിയായുള്ള അവസാന പരമ്പരയിൽ സന്ദർശകർക്ക് അനാവശ്യ മേധാവിത്തം നൽകാനും ടീം തയാറാകില്ല. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി മൂന്നു മാസത്തോളം നീണ്ട പര്യടനത്തിനുശേഷം കഴിഞ്ഞ ദിവസമാണ് താരങ്ങൾ നാട്ടിൽ മടങ്ങിയെത്തിയത്.

‘മുതിർന്ന താരങ്ങളുടെ ജോലിഭാരം തീർച്ചയായും സിലക്ഷൻ കമ്മിറ്റി പരിഗണിക്കും. ഓരോ പരമ്പരയ്ക്കും മൽസരങ്ങൾക്കുമിടയിൽ എല്ലാവർക്കും ആവശ്യത്തിന് വിശ്രമം ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ സിലക്ടർമാരും ടീം മാനേജ്മെന്റും ശ്രദ്ധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചത്. രോഹിത് ശർമയ്ക്കും ഇനി ചില മൽസരങ്ങളിൽ വിശ്രമം അനുവദിക്കും’ – ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

‘മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കുമ്പോഴും, ഓസ്ട്രേലിയ ഇന്ത്യയിൽവന്ന് പരമ്പര നേടി മടങ്ങുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ലോകകപ്പിനു മുന്നോടിയായുള്ള അവസാന പരമ്പരയെന്ന നിലയിൽ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തിയേ തീരൂ. പരമ്പര നേടാൻ അവസരം ലഭിച്ചാൽ അത് അവർക്ക് അനാവശ്യമായൊരു പ്രോത്സാഹനമാകും. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെല്ലാം മനസ്സിൽവച്ച് മികച്ചൊരു ടീമിനെ തിരഞ്ഞെടുക്കാനാകും ശ്രമം’ – ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

ഋഷഭ് പന്ത് ഉൾപ്പെടെയുള്ള താരങ്ങൾക്ക് കൂടുതൽ മൽസരങ്ങളിൽ അവസരം ലഭിക്കുമെന്ന് വ്യക്തമാണെങ്കിലും, അജിങ്ക്യ രഹാനെ ഉൾപ്പെടെയുള്ള താരങ്ങളെ ടീമിലേക്കു തിരിച്ചുവിളിക്കുമോ എന്ന ആകാംക്ഷയുമുണ്ട്. ബോളിങ് വിഭാഗത്തിൽ വിശ്രമത്തിലായിരുന്ന ജസ്പ്രീത് ബുമ്ര തിരിച്ചെത്തുമെന്ന് ഉറപ്പാണ്.

അതേസമയം, ഐപിഎല്ലിന്റെ സമയത്തും ഇന്ത്യൻ താരങ്ങളുടെ ഫോം കൃത്യമായി നിരീക്ഷിക്കുമെന്ന് മുഖ്യ പരിശീലകൻ രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു. ‘സാധാരണ ഗതിയിൽ ഐപിഎൽ എനിക്കു വിശ്രമ സമയമാണ്. ആവശ്യത്തിന് വിശ്രമിച്ച് ക്രിക്കറ്റ് ആസ്വദിക്കാനുള്ള സമയം. ഇക്കുറി പക്ഷേ സ്ഥിതി വ്യത്യസ്തമാണ്. ലോകകപ്പ് മുൻനിർത്തി താരങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുക എന്ന കടമയുണ്ട് – ശാസ്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com