ADVERTISEMENT

ന്യൂഡൽഹി∙ പ്രതിഭയുടെയും പ്രകടനത്തിന്റെയും കാര്യത്തിൽ സമകാലികരായ എല്ലാ താരങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെന്ന് മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര. ഇതിഹാസ താരമായുള്ള വളർച്ചയിലാണ് കോഹ്‍ലിയെന്നും സംഗക്കാര അഭിപ്രായപ്പെട്ടു. മികച്ച ക്രിക്കറ്റ് താരം, ഏകദിന താരം, ടെസ്റ്റ് താരം എന്നിങ്ങനെ കഴിഞ്ഞ വർഷത്തെ ഐസിസിയുടെ പുരസ്കാരങ്ങൾ കോഹ്‍ലി തൂത്തുവാരിയതിനു പിന്നാലെയാണ് താരത്തെ വാനോളം പുകഴ്ത്തി സംഗക്കാരയുടെ രംഗപ്രവേശം.

‘ഫാബ് ഫോർ’ എന്ന പേരിൽ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് എന്നിവരെ താരതമ്യങ്ങൾക്ക് വിധേയമാക്കുന്ന പതിവിനിടെയാണ്, കോഹ്‍ലിയാണ് ഏറ്റവും മികച്ച താരമെന്ന അഭിപ്രായവുമായി സംഗക്കാര രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ ടെസ്റ്റ്, ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള താരമാണ് കോഹ്‍ലി.

‘ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കോഹ്‍ലി ഒരുപടി മുന്നിലാണ്. ലോകക്രിക്കറ്റിൽ ഇപ്പോഴുള്ള എല്ലാവരേയുംകാൾ തലപ്പൊക്കം കോഹ്‍ലിക്കുണ്ട് എന്നു ഞാൻ കരുതുന്നു. ഭാവിയിലേക്കു നോക്കിയാലും, ഇതിഹാസതുല്യനായി വാഴ്ത്തപ്പെടാൻ പോകുന്ന താരമാണ് കോഹ്‍ലി. എക്കാലത്തെയും മികച്ച താരമാകാനുള്ള സാധ്യതപോലും കോഹ്‍ലിക്കു മുന്നിലുണ്ട്’ – സംഗക്കാര പറഞ്ഞു.

ലോകക്രിക്കറ്റിൽ ഇപ്പോഴുള്ള എല്ലാവരേയുംകാൾ തലപ്പൊക്കം കോഹ്‍ലിക്കുണ്ട്. ഭാവിയിൽ ഇതിഹാസതുല്യനായി വാഴ്ത്തപ്പെടാൻ പോകുന്ന താരമാണ് കോഹ്‍ലി

ഏകദിനത്തിൽ 222 മൽസരങ്ങളിൽനിന്ന് ഇതിനകം 39 സെഞ്ചുറികൾ നേടിക്കഴിഞ്ഞ കോഹ്‍ലി, ഇക്കാര്യത്തിൽ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനു മാത്രം പിന്നിലാണ്. 463 മൽസരങ്ങളിൽനിന്ന് 49 സെഞ്ചുറികളാണ് ഏകദിനത്തിൽ സച്ചിന്റെ നേട്ടം. 77 ടെസ്റ്റുകളിൽനിന്ന് 25 സെഞ്ചുറികളും കോഹ്‍ലി അടിച്ചുകൂട്ടിയിട്ടുണ്ട്.

എല്ലാ ഫോർമാറ്റിലും തിളങ്ങുന്ന കോഹ്‍ലിയുടെ പാടവം അസാമാന്യമാണെന്നും സംഗക്കാര ചൂണ്ടിക്കാട്ടി. ‘റൺസ് നേടുന്ന കാര്യത്തിൽ അതുല്യമായ പ്രതിഭ കോഹ്‍ലിക്കുണ്ട്. സ്വയം വിശ്വസിക്കുന്ന മികച്ചൊരു ശൈലിയുമുണ്ട്’ – സംഗക്കാര പറഞ്ഞു.

‘കോഹ്‍ലിയുടെ ബാറ്റിങ്ങിലെ ടെംപോ എപ്പോഴും ഏതാണ്ട് ഒരുപോലെയായിരിക്കും. സാഹചര്യങ്ങൾ മനസ്സിലാക്കി ബാറ്റു ചെയ്യാൻ അദ്ദേഹത്തിനാകും. കളിയോടുള്ള കോഹ്‍ലിയുടെ അഭിനിവേശവും ശ്രദ്ധേയം. വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും കോഹ്‍ലി സ്വയം രൂപപ്പെടുത്തിയ രീതിയും ഉജ്വലം’ – സംഗക്കാര പറഞ്ഞു.

കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷകൾ തോളേറ്റുന്ന സച്ചിൻ തെൻഡുൽക്കറെന്ന ഇതിഹാസ താരത്തെ കണ്ടും അദ്ദേഹത്തിനൊപ്പം കളിച്ചുമാണ് ഞങ്ങൾ വളർന്നത്. സച്ചിനുശേഷം ആ ഉത്തരവാദിത്തം കോഹ്‍ലിയുടെ ചുമലുകളിലാണെന്നും സംഗക്കാര ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com