ADVERTISEMENT

കറാച്ചി∙ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലേക്കുള്ള പ്രതിഭാധനരായ യുവതാരങ്ങളുടെ ഒഴുക്കിന്റെ ഉറവിടം തേടിയിറങ്ങിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) ഉത്തരം കിട്ടി – രാഹുൽ ദ്രാവിഡ്. ഇന്ത്യ എ ടീം ഉൾപ്പെടെയുള്ള ജൂനിയർ ടീമുകളിലെ പരിശീലക റോളിൽ രാഹുൽ ദ്രാവിഡ് നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങളിൽ കണ്ണുവച്ച് സമാനമായ പരിഷ്കരണം അവിടെയും നടപ്പിക്കാൻ ഒരുങ്ങുകയാണ് പിസിബി. ഇതിനായി പ്രതിഭാധനരായ മുൻ താരങ്ങളെ ജൂനിയർ ടീമുകളുടെ പരിശീലകസ്ഥാനത്ത് നിയമിക്കാനുള്ള ശ്രമങ്ങൾക്കും അവർ തുടക്കമിട്ടു.

‘പാക്കിസ്ഥാന്റെ രാഹുൽ ദ്രാവിഡ്’ എന്നു വിളിക്കാവുന്ന യൂനിസ് ഖാനെ അണ്ടർ 19 ടീമിന്റെ പരിശീലകനായി എത്തിക്കാനാണ് പിസിബിയുടെ ആദ്യ ശ്രമം. ടെസ്റ്റ് ക്രിക്കറ്റിൽ പാക്കിസ്ഥാനായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരവും 10,000 റൺസ് ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ പാക് താരവുമായ യൂനിസ് ഖാൻ കഴിഞ്ഞ വർഷമാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്. തന്റെ പദ്ധതികൾ പൂർണമായി നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകിയാൽ ജൂനിയർ ടീമുകളെ പരിശീലിപ്പിക്കാൻ സന്നദ്ധനാണെന്നാണ് യൂനിസിന്റെ നിലപാട്. മുൻ താരം മുഹമ്മദ് യൂസഫിനെ (യൂസഫ് യുഹാന) ലഹോറിലെ പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ബാറ്റിങ് പരിശീലകനായി നിയമിക്കുന്ന കാര്യവും പരിഗണനയിലാണ്.

‘റോഡ്‌നി മാർഷ്, അലൻ ബോർഡർ, റിക്കി പോണ്ടിങ് തുടങ്ങിയ താരങ്ങളുടെ സേവനം ജൂനിയർ താരങ്ങളെ വളർത്തിയെടുക്കുന്നതിനായി ഓസ്ട്രേലിയ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ ഇന്ത്യയിൽ രാഹുൽ ദ്രാവിഡും ജൂനിയർ താരങ്ങളെ വളർത്തിയെടുക്കുന്നു. ഈ രണ്ടു മാതൃകകളും മികച്ച ഫലം നൽകുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാനിലും സമാനമായ പരിഷ്കരണം പദ്ധതിയിടുന്നത്’ – പിസിബി ചെയർമാൻ ഇഷൻ മാനി വ്യക്തമാക്കി.

ഇന്ത്യ, അണ്ടർ 19 ടീമുകളുടെ പരിശീലകനായ രാഹുൽ ദ്രാവിഡാണ് ഇപ്പോഴത്തെ ദേശീയ ടീമിലെ ഒട്ടേറെ താരങ്ങളെ രൂപപ്പെടുത്തിയെടുത്തത്. അണ്ടർ 19 ലോകകപ്പ് കിരീടവും ദ്രാവിഡിന്റെ കീഴിൽ ഇന്ത്യയിലെത്തി. പൃഥ്വി ഷാ, ഋഷഭ് പന്ത്, മായങ്ക് അഗർവാൾ, ഹനുമ വിഹാരി, ഹാർദിക് പാണ്ഡ്യ തുടങ്ങി ഇന്ത്യൻ ദേശീയ ടീമിലെ പതിവുകാരെല്ലാം ദ്രാവിഡിന്റെ കണ്ടെത്തലുകളാണ്.

mohammed-yousaf-younis-khan
മുഹമ്മദ് യൂസഫ്, യൂനിസ് ഖാൻ

സമാനമായ രീതിയാണ് ഓസ്ട്രേലിയയും പിന്തുടരുന്നത്. ടീമിന്റെ മുൻ നായകനായിരുന്ന അലൻ ബോർഡർ പിന്നീട് ദേശീയ ടീം സിലക്ടറായി രംഗത്തെത്തി. ഓസ്ട്രേലിയയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത റിക്കി പോണ്ടിങ് നിലവിൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ പരിശീലക സംഘത്തിൽ അംഗമാണ്.

പാക്കിസ്ഥാനിലെ സ്ഥിതി വ്യത്യസ്തമാണ്. അണ്ടർ 19 ടീമിന്റെ പരിശീലകന്റെ അടിക്കടി മാറ്റുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ രീതിയാണ് യുവതാരങ്ങളുടെ വളർച്ചയ്ക്ക് വിഘാതമെന്ന വാദം ശക്തമാണ്. ഈ സാഹചര്യത്തിലണ് മുൻ താരങ്ങളെ പൂർണ ചുമതലയിലേക്കു കൊണ്ടുവന്ന് യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com