ADVERTISEMENT

മുംബൈ∙ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെ ലോകകപ്പിൽ കളിക്കുന്നതിൽനിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു (ഐസിസി) നൽകാൻ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) കത്തു തയാറാക്കുന്നതായി റിപ്പോർട്ട്. സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയാണ് കത്തു തയാറാക്കുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2019ലെ ഏകദിന ലോകകപ്പിൽനിന്ന് പാക്കിസ്ഥാനെ നിരോധിക്കണമെന്നാണ് കത്തിലെ മുഖ്യ ആവശ്യം. ഇല്ലെങ്കിൽ ലോകകപ്പിൽനിന്നു പിൻമാറുന്ന കാര്യം ഇന്ത്യയ്ക്ക് ആലോചിക്കേണ്ടി വരുമെന്നും കത്തിലുണ്ട്.

മുൻ ബിസിസിഐ അധ്യക്ഷൻ കൂടിയായ ഐസിസി ചെയർമാൻ ശശാങ്ക് മനോഹറിനുള്ളതാണ് കത്ത്. അതേസമയം, കത്ത് ഐസിസിക്ക് അയയ്ക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. നിയമവശങ്ങൾ കൂടി പരിഗണിച്ച് ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. എന്നാൽ, ഈ വിഷയത്തിൽ ബിസിസിഐയ്ക്കു തനിയെ ഒരു നിലപാടു സ്വീകരിക്കാൻ സാധിക്കില്ലെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രശ്നങ്ങൾ മുൻപും കായിക രംഗത്ത് ഉണ്ടായിട്ടുണ്ട്. എന്നാൽ, ഫിഫ ലോകകപ്പിലോ ഒളിംപിക്സിലോ അതിന്റെ പേരിൽ ആരും പങ്കെടുക്കാതിരുന്നിട്ടില്ല. ഇതെല്ലാം ചില രാഷ്ട്രീയ നീക്കങ്ങൾ മാത്രമാണ്’ – ഇവർ വ്യക്തമാക്കുന്നു.

പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ കത്തു നൽകുന്നതുകൊണ്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ‘രാജ്യാന്തര കായികരംഗത്തെക്കുറിച്ച് അത്യാവശ്യം ധാരണയുള്ളവർക്ക് ഈ വിഷയത്തിൽ ബിസിസിഐ എടുക്കുന്ന നിലപാടിന്റെ അടിസ്ഥാനമില്ലായ്മ വ്യക്തമാകും. ഒരു ടീമിനെ ടൂർണമെന്റിൽനിന്ന് വിലക്കാൻ ആവശ്യപ്പെടാൻ ഒരു ബുദ്ധിമുട്ടുമില്ല. നടപ്പിലാക്കാനാണ് പാട്. ഇത് വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റാണ്. ഒരു രാജ്യത്തിന്റെ മാത്രം താൽപര്യം പരിഗണിച്ച് തീരുമാനം കൈക്കൊള്ളാനാകില്ല. പാക്കിസ്ഥാനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സ്വയം വിഡ്ഢികളാകരുത്’ – എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരമൊരു കത്തിനു സാധുതയില്ലെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യോഗ്യത നേടിയാൽ മൽസരിക്കാമെന്നാണ് ഐസിസി ടൂർണമെന്റുകളുടെ പൊതുവായ ചട്ടം. ഇന്ത്യയ്ക്ക് പിൻമാറാമെന്നല്ലാതെ പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെടാനുള്ള യാതൊരു സാധ്യതയും ഐസിസി ഭരണഘടനയിലില്ലെന്നാണ് ഈ നീക്കത്തെ എതിർക്കുന്നവരുടെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com