ADVERTISEMENT

വിശാഖപട്ടണം∙ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരോടുള്ള ആദരസൂചകമായി മൗനമാചരിക്കുന്നതിനിടെ ഗാലറിയിൽ ബഹളംവച്ച കാണികളോട് നിശ്ബദരായിരിക്കാൻ ആവശ്യപ്പെട്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20ക്കു തൊട്ടുമുൻപാണ് വീരമൃത്യു വരിച്ച സൈനികർക്കായി രണ്ടു മിനിറ്റ് മൗനമാചരിച്ചത്. എന്നാൽ, ആളുകൾ ബഹളം വച്ചതോടെ നിശബ്ദരായിരിക്കാൻ കോഹ്‍ലിക്കുതന്നെ ആവശ്യപ്പെടേണ്ടി വന്നു. സൈനികരോടുള്ള ആദരസൂചകമായി കയ്യിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങിയത്. 

ദേശീയ ഗാനാലാപനത്തിനു ശേഷമാണ് രണ്ടു മിനിറ്റു മൗനമാചരിക്കാനുള്ള നിർദ്ദേശമെത്തിയത്. എന്നാൽ സ്റ്റേഡിയത്തിന്റെ പല ഭാഗത്തു നിന്നും ആളുകൾ ആരവം മുഴക്കിയത് വിമർശനത്തിനിടയാക്കി. ചിലർ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചു. വിശാഖപട്ടണത്തെ കാണികളുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനമാണ് വരുത്തിവച്ചത്. മൗന പ്രാർഥനയുടെ സമയത്തു ചിലർ കയ്യടിക്കുകയും മറ്റു ചിലർ മൊബൈൽ ഫോണുകളിൽ നോക്കിയും ഇരുന്നു. ആളുകളോടു നിശബ്ദരാകാൻ കോഹ്‌ലി ചുണ്ടിൽ വിരൽ വച്ച് ആംഗ്യം കാണിക്കുന്നത് കാണാമായിരുന്നു.

നേരത്തെ, പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരായ ലോകകപ്പ് മൽസരത്തിൽനിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ആവശ്യമുയർന്നിരുന്നു. ഇക്കാര്യത്തിൽ സർക്കാരും ബിസിസിഐയും നൽകുന്ന നിർദ്ദേശത്തിനുസരിച്ചു പ്രവർത്തിക്കുമെന്നായിരുന്നു കോഹ്‍ലിയുടെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com