ADVERTISEMENT

റാ‍ഞ്ചി∙ ഇന്ത്യയിലെയും പുറത്തെയും വിവിധ ക്രിക്കറ്റ് വേദികളിൽ മഹേന്ദ്രസിങ് ധോണി പുറത്തെടുത്തിട്ടുള്ള ‘സ്പെഷൽ’ പ്രകടനങ്ങൾക്ക് ഒരു കാലത്തും ക്ഷാമമുണ്ടായിട്ടില്ല. മറ്റു വേദികളെ ‘എംഎസ്ഡി സ്പെഷൽ’ പ്രകടനങ്ങൾ കൊണ്ട് രോമാഞ്ചമണിയിക്കുമ്പോൾ, സ്വന്തം നാട്ടിലെ കാണികൾക്കു മുന്നിൽ വെറുതെയിരിക്കാൻ പറ്റുമോ ധോണിക്ക്? റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിലും കണ്ടു, ഇത്തരമൊരു ‘എംഎസ്ഡി സ്പെഷൽ’ പ്രകടനം. ഓസീസ് താരം ഗ്ലെൻ മാക്സ്‍വെല്ലിനെ പുറത്താക്കിയ പ്രകടനമാണ് ധോണിക്കും ഒപ്പം രവീന്ദ്ര ജഡേജയ്ക്കും കയ്യടി വാങ്ങിക്കൊടുത്തത്.

ഓസീസ് ഇന്നിങ്സിലെ 42–ാം ഓവറിലാണ് ആരാധകരുടെ ഹൃദയം കവർന്ന നിമിഷം ഉടലെടുത്തത്. ഓപ്പണിങ് വിക്കറ്റിലെ 193 റൺസ് കൂട്ടുകെട്ടിനുശേഷം ഉസ്മാൻ ഖവാജയും ആരോൺ ഫിഞ്ചും പുറത്തായതിന്റെ ക്ഷീണത്തിൽനിന്ന് വമ്പനടികളിലൂടെ ഓസീസിനെ കരകയറ്റി ഗ്ലെൻ മാക്സ്‌വെല്ലും പിന്തുണയുമായി ഷോൺ മാർഷും കളത്തിൽ.

ഇതിനിടെ കുൽദീപ് യാദവിന്റെ പന്ത് ഷോർട്ട് കവറിലേക്കു തട്ടിയിട്ട് ഷോൺ മാർഷ് സിംഗിളിനോടി. പന്തു വരുന്നതു കണ്ട രവീന്ദ്ര ജഡേജ, ഡൈവ് ചെയ്ത് അതു തടുത്തിട്ടു. ശേഷം ഞൊടിയിടയിൽ പന്തെടുത്ത് ധോണിക്കു നീട്ടിയെറിഞ്ഞു കൊടുത്തു. കാത്തുനിന്ന ധോണി ഒരു സെക്കൻഡ് പോലും വൈകാതെ ഗ്ലൗസ് കൊണ്ട് പന്തിന്റെ ദിശമാറ്റി സ്റ്റംപിലേക്കിട്ടു. ഫലം, ഓസീസിനായി തകർത്തടിച്ചു വന്ന ഗ്ലെൻ മാക്സ്‍വെൽ പുറത്ത്.

റീപ്ലേയിൽ സംഭവം കൂടുതൽ വ്യക്തമായി. ജഡേജയിൽനിന്ന് അതിവേഗമെത്തിയ പന്തിനെ ധോണി വഴിമാറ്റി സ്റ്റംപിലേക്കിടുമ്പോൾ ക്രീസിനും ഒരുപാടു വെളിയിലായിരുന്നു മാക്സ്‍വെൽ. ധോണി കാര്യമായ ആഘോഷത്തിനൊന്നും മുതിർന്നില്ലെങ്കിലും ഗാലറിയിൽ താരത്തിന്റെ നാട്ടുകാർ അത്യാഹ്ലാദത്തിലായിരുന്നു. അവരത് ആഘോഷിക്കുകയും ചെയ്തു. കഴിഞ്ഞ മൽസരത്തിൽ പീറ്റർ ഹാൻഡ്സ്കോംബിനെ പുറത്താക്കിയ ‘ഡയറക്ട് ഹിറ്റി’നു ശേഷം റാഞ്ചിയിലും ജഡേജ വക മറ്റൊരു ‘ഹിറ്റ്’ റണ്ണൗട്ട്!

ഈ റണ്ണൗട്ടിനെക്കുറിച്ച് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചതിങ്ങനെ:

മാക്സ്‍‌വെല്ലിനെ പുറത്താക്കിയ രവീന്ദ്ര ജഡേജ – മഹേന്ദ്രസിങ് ധോണി സഖ്യത്തിന്റെ നീക്കം ഏറ്റവും മികച്ച ഫീൽഡിങ് മികവിന്റെ ഉദാഹരമാണ്. ദിശ മാറ്റിയുള്ള ജഡേജയുടെ ഏറും അതിനെ ഒട്ടും വൈകാതെ സ്റ്റംപിലേക്കിട്ട ധോണിയുടെ ചടുലതയും ഉജ്വലം. ഓസീസിന് 15–20 റൺസ് നഷ്ടമുണ്ടാക്കും, ഈ പുറത്താകൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com