ADVERTISEMENT

ന്യൂഡൽഹി∙ വാതുവയ്പ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. അച്ചടക്ക നടപടിയും ക്രിമിനൽ കേസും രണ്ടെന്ന് സുപ്രീംകോടതി. ഹർജി ഭാഗികമായി അനുവദിച്ചു. മറ്റു ശിക്ഷ ബിസിസിഐയ്ക്ക് തീരുമാനിക്കാം. മൂന്നു മാസത്തിനുള്ളില്‍ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ബിസിസിഐയോട് കോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും വിലക്ക് തുടരുന്ന ബിസിസിഐ നടപടി അനീതിയും ക്രൂരവുമാണെന്നാണ് ശ്രീശാന്തിന്റെ വാദം. ആരോപണങ്ങളുടെ പാപക്കറ മാറിയിട്ടില്ലെന്നാണ് ബിസിസിസി നിലപാട്.

ആറു വർഷത്തെ ദുരിതത്തിന് അറുതി വരുത്തണമെന്നായിരുന്നു ശ്രീശാന്തിന്റെ അഭ്യർഥന. 2013ലെ വാതുവയ്പ്പ് കേസിൽ ഇപ്പോഴും തുടരുന്ന ബിസിസിഐ വിലക്കിനെയാണ് ശ്രീശാന്ത് ഹർജിയിൽ ചോദ്യം ചെയ്തത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ അവസരമുണ്ടായിട്ടും പോകാൻ കഴിയുന്നില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ ശ്രീശാന്ത് പരാതിപ്പെട്ടു. രാജസ്ഥാൻ റോയൽസ് രണ്ടു വർഷത്തെ വിലക്ക് മാത്രമാണ് ഏർപ്പെടുത്തിയത്. വാതുവയ്പ്പ് നടത്തിയെന്ന ആരോപണം കള്ളമാണെന്ന് വിചാരണകോടതിക്ക് വരെ ബോധ്യപ്പെട്ടു. കുറ്റം സമ്മതിക്കാൻ ഡൽഹി പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്നും ശ്രീശാന്ത് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

എന്നാൽ, വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകൾ പൂർണമായും നീക്കാൻ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബിസിസിസി നിലപാട്. പത്തുലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തിൽ ശ്രീശാന്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ബിസിസിഐ വാദിച്ചു. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ബിസിസിഐ വിലക്ക് ശരിവച്ചിരുന്നു. തുടർന്നാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ശ്രീശാന്തിനെതിരായ ഒത്തുകളി വിവാദം. ഐപിഎല്ലില്‍ ചെന്നൈയുടേയും രാജസ്ഥാന്റേയും വിലക്കിലേക്ക് നയിച്ചതും ഇതേ സംഭവം തന്നെ. വിചാരണക്കോടതി ശ്രീയെ കുറ്റവിമുക്തനാക്കിയപ്പോഴും ബിസിസിഐയ്ക്ക് അത് അംഗീകരിക്കാനായിരുന്നില്ല. മേയ് ഒൻപതിനു കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ കളിയില്‍ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. തന്റെ രണ്ടാംഓവറില്‍ പതിനാലോ അതിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്നായിരുന്നു ശ്രീശാന്തിന്റെ വാഗ്ദാനം.

തുടര്‍ന്ന് മേയ് 16നാണ് ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്ദില, എന്നിവരെ ഒത്തുകളിക്കേസില്‍ അറസ്റ്റുചെയ്തു. തൊട്ടുപിന്നാലെ മൂവരേയും ബിസിസിഐ സസ്പെന്‍ഡ് ചെയ്തു. ഒത്തുകളിക്ക് നേതൃത്വം നല്‍കിയത് താനാണെന്ന് മലയാളിയായ ജിജു ജനാര്‍ദനന്‍ സമ്മതിച്ചു. ശ്രീശാന്ത് 10 ലക്ഷം രൂപ വാതുവയ്പ്പുകാരില്‍ നിന്ന് മുന്‍കൂറായി കൈപറ്റിയെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. മെയ് 23–ല്‍ ഐപിഎല്ലിലെ പണമൊഴുക്ക്, വിദേശ ബന്ധം എന്നിവയെക്കുറിച്ച് ഈഡിഅന്വേഷണം ആരംഭിച്ചു.

∙2013 മേയ് 16: ഐപിഎൽ ഒത്തുകളി കേസിൽ ശ്രീശാന്ത്, അങ്കിത് ചവാൻ, അജീത് ചാന്ദില എന്നിവരും പതിനൊന്ന് വാതുവയ്പുകാരും അറസ്റ്റിൽ. മൂവരെയും ബിസിസിഐ സസ്പെൻഡ് ചെയ്തു. ഒത്തുകളിക്കു നേതൃത്വം നൽകിയതിനു ജിജു ജനാർദനൻ എന്ന കണ്ണൂർ സ്വദേശി മുംബൈയിൽ അറസ്റ്റിൽ

∙2013 മേയ് 18: ശ്രീശാന്ത് വാതുവയ്പുകാരിൽനിന്ന് മുൻകൂറായി കൈപ്പറ്റിയത് പത്തുലക്ഷം രൂപയെന്ന് ഡൽഹി പൊലീസിന്റെ സ്ഥിരീകരണം

∙2013 മേയ് 19: ശ്രീശാന്തിനെ ഒത്തുകളിയിലേക്ക് നയിച്ചത് താനാണെന്ന് ജിജു ജനാർദ്ദനൻ സമ്മതിച്ചു.

∙2013 മേയ് 22: ഐപിഎലിലെ പണമൊഴുക്ക്, വിദേശബന്ധം എന്നീ വിഷയങ്ങളെപ്പറ്റി ആദായവകുപ്പ് അന്വേഷണം തുടങ്ങി.

∙2013 മേയ് 23: ഐപിഎലിലെ കള്ളപ്പണം, വിദേശബന്ധം എന്നിവ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.

∙2013 മേയ് 28: ശ്രീശാന്ത്, അങ്കിത് ചവാൻ, അജീത് ചാന്ദില എന്നിവർ തിഹാർ ജയിലിൽ. 12 ദിവസത്തെ പൊലീസ് കസ്‌റ്റഡിയിലായിരുന്ന ശ്രീശാന്തിന്റെ ജാമ്യാപേക്ഷ സാകേത് ചീഫ് മെട്രോപ്പൊലീറ്റൻ മജിസ്‌ട്രേട്ട് തള്ളി.

∙2013 മേയ് 31: സഹതടവുകാർ അക്രമിക്കുമോ എന്ന ഭയംമൂലം ശ്രീശാന്തിനെ തിഹാർ ജയിലിലെ വിഐപി ഭാഗത്തേക്ക് മാറ്റി.

∙2013 ജൂൺ 4: ശ്രീശാന്ത്, അജീത് ചാന്ദില, അങ്കിത് ചവാൻ, ജിജു ജനാർദൻ എന്നിവരുൾപ്പെടെ 26 പേർക്കുമേൽ ഡൽഹി പൊലീസ് സ്‌പെഷൽ സെൽ മഹാരാഷ്‌ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമ (മകോക്ക) പ്രകാരം കുറ്റം ചുമത്തി.

∙2013 ജൂൺ 6: ശ്രീശാന്ത് അധോലോകസംഘങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് ഡൽഹി പൊലീസ് കമ്മീഷണർ.

∙2013 ജൂൺ 10: ശ്രീശാന്ത് ഉൾപ്പെടെ 18 പേർക്ക് സാകേത് അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. മകോക്ക നിലനിൽക്കില്ലെന്നു കോടതി.

∙2013 ജൂൺ 24: വാതുവയ്പുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെ ബിസിസിഐ അഴിമതി വിരുദ്ധവിഭാഗം മേധാവി ചോദ്യം ചെയ്തു.

∙2013 ജൂലൈ 30: ഒത്തുകളി കേസിൽ ശ്രീശാന്ത്, അധോലോക നായകൻ ദാവൂദ് ഇബ്രാഹിം എന്നിവരടക്കം 39 പേരെ പ്രതിചേർത്ത് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ശ്രീശാന്ത് 12ാം പ്രതി.

∙2013 സെപ്റ്റംബർ13: ശ്രീശാന്തിനു ക്രിക്കറ്റിൽ ആജീവനാന്ത വിലക്ക് ഏർപ്പടുത്താൻ ബിസിസിഐ അച്ചടക്കസമിതി യോഗ തീരുമാനം.

∙2015 ഏപ്രിൽ 20: ശ്രീശാന്ത് അടക്കം അറസ്‌റ്റിലായവർ ഒത്തുകളി നടത്തിയതിനു പ്രഥമദൃഷ്‌ട്യാ തെളിവില്ലെന്നു ഡൽഹി പട്യാല ഹൗസ് കോടതി അഡീഷനൽ സെഷൻസ് ജഡ്‌ജി.

∙2017 മാര്‍ച്ച് 1ന് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കേരളാ ഹൈക്കോടതിയില്‍.

∙2017 ഓഗസ്റ്റ് 7: ആജീവനാന്ത വിലക്കും ശിക്ഷാനടപടികളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി.

∙2017 സെപ്റ്റംബര്‍ 18: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ബിസിസിഐ അപ്പീല്‍ നല്‍കി

∙2017 ഒക്ടോബര്‍ 18: സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

∙2018 ജനുവരി: ശ്രീശാന്ത് സുപ്രീം കോടതിയില്‍. ഫെബ്രുവരിയില്‍ ബിസിസിഐക്ക് നോട്ടിസ് അയച്ചു

∙2019 മാർച്ച് 15: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. മറ്റു ശിക്ഷകൾ ബിസിസിഐയ്ക്ക് തീരുമാനിക്കാമെന്നും കോടതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com