ADVERTISEMENT

കുതിച്ചു പാഞ്ഞ വാഹനം പണിമുടക്കി നടുറോഡിൽ കിടക്കുന്ന അവസ്ഥയിലാണ് ടീം ഇന്ത്യ ഇപ്പോൾ. ലോകകപ്പിനുള്ള ‘വിന്നിങ് കോംബിനേഷ’നായുള്ള ഇന്ത്യയുടെ അന്വേഷണം കലാശിച്ചത് മൂന്നര വർഷത്തിനുശേഷമുള്ള നാട്ടിലെ പരമ്പര നഷ്ടത്തിൽ! കൈവിട്ടതു ലോകകപ്പിനു തൊട്ടുമുൻപുള്ള പരമ്പര.  ഏഷ്യൻ കപ്പ് കിരീടത്തിനുപുറമേ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ഏകദിന പരമ്പരകൾ നേടി തയാറെടുപ്പു മെച്ചപ്പെടുത്തിക്കൊണ്ടിരുന്ന ടീം ഇന്ത്യക്ക് ഒടുവിൽ കളിച്ച മൂന്നു പരമ്പരകളിലും തോൽവിയായിരുന്നു ഫലം. (ന്യൂസീലൻഡിനെതിരെ ഏകദിന പരമ്പര നേടിയതിനുശേഷം ട്വന്റി20 പരമ്പരയിൽ തോൽവി, നാട്ടിൽ ഓസീസിനെതിരെ ട്വന്റി20, ഏകദിനപരമ്പരകളിൽ തോൽവി).

1. ഓപ്പണിങ് വിക്കറ്റ്

നാലാം ഏകദിനത്തിൽ 193 റൺസ് കൂട്ടുകെട്ടോടെ ഇന്ത്യയ്ക്കു വൻ സ്കോർ നേടാനുള്ള അടിത്തറ പാകിയ ശിഖർ ധവാൻ, രോഹിത് ശർമ സഖ്യം പരമ്പരയിലെ മറ്റു മൽസരങ്ങളിൽ നേടിയ റൺസ് ഇങ്ങനെ– 4,0,11,15. നാലാം ഏകദിനകത്തിൽ 17 ഇന്നിങ്സിനുശേഷമുള്ള സെഞ്ചുറിയുമായി ഫോമിലേക്കു മടങ്ങിയെത്താൻ ധവാനു കഴിഞ്ഞു. പക്ഷേ ധവാൻ തുടർന്നും ഇങ്ങനെ കളിച്ചാൽ മതിയോ എന്നതാണു മറുചോദ്യം.

പകരക്കാരൻ ആര് എന്ന ചോദ്യവുമുയരുന്നു. അവസാന രണ്ട് ഏകദിനങ്ങളിലും അർധ ‍സെഞ്ചുറി നേടാനായെങ്കിലും സമ്മർദ ഘട്ടങ്ങളിൽ രോഹിത് ശർമ കൂടുതൽ പക്വതയോടെ ബാറ്റുചെയ്യേണ്ടതുണ്ട്. നാലാം നമ്പരിൽ ആരെ വിശ്വസിക്കും എന്നതും കോഹ്‌ലിയെ അലട്ടുന്ന ചോദ്യമാണ്; പക്ഷേ, ഉത്തരമില്ല

2. ധോണി ഫാക്ടർ

വിക്കറ്റിനു പിന്നിൽ എം.എസ്. ധോണിയില്ലെങ്കിൽ ക്യാപ്റ്റൻസിയിൽ വിരാട് കോഹ്‌ലിയുടെ കരുത്ത് 50 ശതമാനം കുറയും എന്നാണു മുൻ ഇന്ത്യൻ സ്പിന്നർ ബിഷൻസിങ് ബേദി പറയുന്നത്. നാല്, അഞ്ച് ഏകദിനത്തിൽ ധോണിയുടെ അസാന്നിധ്യം ഇന്ത്യയ്ക്കു തിരിച്ചടിയായി. 

3. എവിടെ ഓൾറൗണ്ടർ ?

ഹാർദിക് പാണ്ഡ്യ പരുക്കേറ്റു പുറത്തായതോടെ ലോകകപ്പിനുള്ള രണ്ടാം ഓൾറൗണ്ടറെ ഒരുക്കാനുള്ള ഇന്ത്യയുടെ അന്വേഷണം ഒടുവിൽ എത്തിനിൽക്കുന്നത് ഭുവനേശ്വർ കുമാറിലാണ്. നിർഭയ ക്രിക്കറ്റും ഷോട്ട് സിലക്​ഷനും കൊണ്ടു വിദഗ്ധരുടെ പ്രശംസ പിടിച്ചുപറ്റാൻ വിജയ് ശങ്കറിനു കഴിഞ്ഞെങ്കിലും ശങ്കറിന്റെ ബോളിങ്ങിനെ പൂർണമായും വിശ്വാസത്തിലെടുക്കാൻ ടീം തയ്യാറായിട്ടില്ല.

പരമ്പരയിലെ 5 മൽസരങ്ങളും കളിച്ച ശങ്കർ ആകെ എറിഞ്ഞത് 17.3 ഓവറുകൾ മാത്രമാണ്. ജഡേജ ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. അവസാന മൽസരത്തിൽ 3 വിക്കറ്റും 46 റൺസും നേടിയ ഭുവേനേശ്വർ കുമാറാണ് ഒടുവിൽ ഓൾറൗണ്ടർക്കുചേർന്ന പ്രകടനം പുറത്തെടുത്തത്.

4. ഈ ബോളിങ് പോര

വിദേശ പിച്ചുകളിൽ ഒന്നാം കിട ബാറ്റ്സ്മാൻമാരെ വിറപ്പിച്ച ഇന്ത്യൻ പേസർമാർ ഏകദിന റാങ്കിങിലെ ആറാം സ്ഥാനക്കാരായ ഓസീസിനെതിരെ പൂച്ചക്കുട്ടികളായി. രണ്ടാം ഏകദിനം മാത്രം കളിക്കുന്ന ‌ആഷ്ടൻ ടേണർ മൊഹാലിയിൽ ജസ്പ്രീത് ബുമ്രയെ തുടർച്ചയായി ബൗണ്ടറികൾക്കു ശിക്ഷിച്ചത് ആരാധകർ ഞെട്ടലോടെയാണു കണ്ടത്.

പേസിനും സ്വിങ്ങിനും കാര്യമായ പിന്തുണ നൽകാത്ത പിച്ചുകളിലാണു പ്രകടനം എന്നത് അൽപം ആശ്വാസത്തിനു വക നൽകുന്നുണ്ടെങ്കിലും ഇംഗ്ലണ്ട് ലോകകപ്പിൽ ഈ കളി പോര.

വിരാട് കോഹ്‌ലി (ഇന്ത്യൻ നായകൻ)

‘‘പരമ്പരയിലെ തോൽവിയെച്ചൊല്ലി ഇന്ത്യൻ ഡ്രസിങ് റൂമിൽ ആശങ്കളേയില്ല. മുന്നിലുള്ളതു ലോകകപ്പ് ആയതിനാൽ അവസാന മൂന്ന് ഏകദിനങ്ങളിൽ ഞങ്ങൾക്കു പല പരീക്ഷണങ്ങളും നടത്തേണ്ടിവന്നു.’’ 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com