ADVERTISEMENT

ഓസീസിനെതിരായ ഏകദിന പരമ്പര കൈവിട്ടെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയുടെ ആത്മവിശ്വാസത്തിനു കുറവില്ല. ലോകകപ്പിനുള്ള ഇന്ത്യയുടെ ‘പ്ലാൻ എ’ റെഡിയാണെന്നും ആശങ്കകളില്ലെന്നും ക്യാപ്റ്റൻ പറയുന്നു. എന്നാൽ, ഓസീസിനെതിരെ ഇന്ത്യയുടെ ‘പ്ലാൻ ബി’ പാളിയെന്നതാണു സത്യം. ഓസീസിന് അടിയറവു വച്ച ഇക്കഴിഞ്ഞ ഏകദിന പരമ്പരയിലെ പ്രകടനം മാനദണ്ഡമാക്കിയാണു ലോകകപ്പു ടീം സിലക്ഷൻ എങ്കിൽ ടീമിലെ പലരും ഡേഞ്ചർ സോണിലാകും..!

ടീമിന്റെ പ്രോഗ്രസ് കാർഡ്

(ഓസീസ് പരമ്പരയുടെ അടിസ്ഥാനത്തിൽ താരങ്ങളുടെ പ്രകടനം വിലയിരുത്തിയാൽ ഇങ്ങനെ. ലോകകപ്പ് ടീമിലേക്കു പരിഗണിക്കാൻ യോഗ്യരായവർക്കു പച്ചക്കാർഡ്. പ്രകടന നിലവാരം ഉയർത്തിയാൽ ടീമിൽ സ്ഥാനം ലഭിക്കാവുന്നവർക്കു മഞ്ഞക്കാർഡ്. ശരാശരിയിലും താഴ്ന്ന പ്രകടനം നടത്തിയവർക്കു ചുവപ്പ്)

∙ ശിഖർ ധവാൻ കളി: 5 റൺസ്: 177 ഉയർന്ന സ്കോർ: 143 (മഞ്ഞക്കാർഡ്)

17 ഇന്നിങ്സുകൾക്കുശേഷമുള്ള സെഞ്ചുറിയുമായി നാലാം ഏകദിനത്തിൽ തിളങ്ങി (115 പന്തിൽ 143). പക്ഷേ, പരമ്പരയിലെ മറ്റു 4 ഇന്നിങ്സിൽനിന്നു നേടിയത് 34 റൺസ് മാത്രം. ഇടംകൈയൻ ബാറ്റ്സ്മാൻ എന്നതും ഓപ്പണിങ് വിക്കറ്റിൽ രോഹിതിനൊപ്പം മികച്ച കൂട്ടകെട്ടുകളുള്ളതും നേട്ടം.

∙ രോഹിത് ശർമ കളി: 5 റൺസ്: 202 ഉയർന്ന സ്കോർ: 95 (പച്ചക്കാർഡ്)

നാല്, അഞ്ച് ഏകദിനങ്ങളിൽ അർധ സെഞ്ചുറിനേട്ടത്തോടെ ഫോമിലേക്കു മടങ്ങിയെത്താനായെങ്കിലും മാച്ച് വിന്നിങ് ഇന്നിങ്സുകൾ പുറത്തെടുക്കാനായില്ല. മറുവശത്തു വിക്കറ്റുകൾ വീണപ്പോഴും അഞ്ചാം ഏകദിനത്തിൽ പിടിച്ചുനിന്നു. സമ്മർദം അതിജീവിക്കാനാകുന്നില്ലെന്നു വിമർശനം.

∙ വിരാട് കോഹ്‌ലി കളി: 5 റൺസ്: 310 ഉയർന്ന സ്കോർ: 123 (പച്ചക്കാർഡ്)

രണ്ട് സെഞ്ചുറിയോടെ പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്കോറർ. സമ്മർദഘട്ടത്തിൽ വർധിതവീര്യത്തോടെയുള്ള ബാറ്റിങ്. ഫീൽഡിലും ഊർജസ്വലൻ. ക്യാപ്റ്റൻ എന്ന നിലയിൽ മാർക്ക് നൂറിൽ നൂറ്.

∙ അമ്പാട്ടി റായുഡു കളി: 3 റൺസ്: 33 ഉയർന്ന സ്കോർ: 18 (ചുവപ്പുകാർഡ്)

ലോകകപ്പ് ടീമിൽ സ്ഥാനം ഏറെക്കുറെ ഉറപ്പെങ്കിലും പരമ്പരയിൽ പൂർണമായും നിറംമങ്ങി. ഏഷ്യ കപ്പു മുതൽ കളിച്ച ടൂർണമെന്റുകളിലെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാനായതാണ് ആശ്വാസം.

∙ കെ.എൽ. രാഹുൽ കളി: 1 റൺസ്: 26 ഉയർന്ന സ്കോർ: 26 (മഞ്ഞക്കാർഡ്)

സാങ്കേതികത്തികവാർന്ന ഷോട്ടുകൾ പായിക്കാനാകുന്നതു കരുത്ത്. തുടർച്ചയായ പരമ്പരകളിൽ നിരാശപ്പെടുത്തിയിട്ടും അവസരങ്ങൾ വീണ്ടും രാഹുലിനെത്തേടിയെത്തുന്നതും ഇതുകൊണ്ടുതന്നെ. ഓപ്പണർ റോളിലും മികവു തെളിയിച്ച താരം.

∙ ഋഷഭ് പന്ത് കളി: 2 റൺസ്: 52 ഉയർന്ന സ്കോർ: 36 (മഞ്ഞക്കാർഡ്)

നാലാം ഏകദിനത്തിൽ ഫോം സൂചന പ്രകടമാക്കിയെങ്കിലും പൂർണമായി മികവിലേക്കുയരാനായില്ല. നാലാം ഏകദിനത്തിലെ വിക്കറ്റ് കീപ്പിങ്ങിനിടെയുള്ള പന്തിന്റെ പിഴവുകളാണ് ഇന്ത്യയുടെ തോൽവിലേക്കു വഴിതെളിച്ചത് എന്നു ചർച്ചകളുണ്ടായിരുന്നു.

∙ കേദർ ജാദവ് കളി: 5 റൺസ്: 172 വിക്കറ്റ്: 2 (പച്ചക്കാർഡ്)

ആദ്യ ഏകദിനത്തിലെ ഉജ്വല പ്രകടനത്തോടെ (പുറത്താകാതെ 81) ഇന്ത്യയെ വിജയത്തിലെത്തിച്ചു. ബാറ്റിങ് കൂട്ടുകൾ പൊളിച്ച് പാർട്ട് ടൈം ബോളറായും പലവട്ടം ഇന്ത്യയുടെ രക്ഷയ്ക്കെത്തി. അടിക്കടിയുണ്ടാകുന്ന പരുക്കാണു വിന.

∙ വിജയ് ശങ്കർ കളി: 5 റൺസ്: 120 വിക്കറ്റ്: 2 (പച്ചക്കാർഡ്)

പിഞ്ച് ഹിറ്റർ. ബാറ്റിങ് പ്രകടനത്തിൽ ആശങ്കയില്ല, ബോളിങ്ങിലാണു പ്രശ്നം. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ പന്തെറിയാനാകുമെങ്കിലും വിക്കറ്റ് ടേക്കിങ് ബോളറായി പരിണമിക്കാനായിട്ടില്ല.

∙ എം.എസ്. ധോണി കളി: 3 റൺസ്: 85 ഉയർന്ന സ്കോർ: 59* (പച്ചക്കാർഡ്)

ആദ്യ കളിയിൽ അർധ സെഞ്ചുറി നേടി പരമ്പര നന്നായി തുടങ്ങിയെങ്കിലും പിന്നീടു ബാറ്റുകൊണ്ടു തിളങ്ങാനായില്ല. രണ്ടാം ഏകദിനത്തിലെ ഇന്ത്യൻ വിജയത്തിൽ നിർണായകമായതു ധോണിയുടെ തന്ത്രങ്ങൾ.

∙ രവീന്ദ്ര ജഡേജ കളി: 4 റൺസ്: 45 വിക്കറ്റ്: 3 (ചുവപ്പുകാർഡ്)

ബാറ്റിങ്ങിൽ പൂർണമായും പരാജയപ്പെട്ടു. ബോളിങ്ങിൽ ഇക്കോണമി നിരക്ക് അനുകൂലമെങ്കിലും കൂടുതൽ വിക്കറ്റുകൾ വീഴ്ത്താനാകുന്നില്ല. ഫിംഗർ സ്പിന്നറാണെന്നത് അനുകൂലഘടകം. ബാറ്റിങ് മെച്ചപ്പെടുത്തിയില്ലെങ്കിൽ സ്ഥാനം ഉറപ്പില്ല.

∙ ഭുവനേശ്വർ കുമാർ കളി: 2 വിക്കറ്റ്: 4 മികച്ച ബോളിങ്: 3-48 (മഞ്ഞക്കാർഡ്)

ന്യൂ ബോളിൽ മികച്ച സ്വിങ് കണ്ടെത്താനാകുന്ന താരം. അഞ്ചാം ഏകദിനത്തിൽ 3 വിക്കറ്റിനു പുറമെ 46 റൺസ് കൂടി നേടി ബാറ്റിങ്ങിലും തിളങ്ങി. ഡെത്ത് ഓവറുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിലും വിദഗ്ധൻ.

∙ കുൽദീപ് യാദവ് കളി: 5 വിക്കറ്റ്: 10 മികച്ച ബോളിങ്: 3–54 (പച്ചക്കാർഡ്)

ഏകദിനത്തിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് സ്പിന്നർ. പരമ്പരയിലെ എല്ലാ മൽസരങ്ങളിലും വിക്കറ്റ് നേടിയ ഏക ഇന്ത്യൻ ബോളർ.

∙ മുഹമ്മദ് ഷമി കളി: 4 വിക്കറ്റ്: 5 മികച്ച ബോളിങ്: 2–44 (പച്ചക്കാർഡ്)

ന്യൂസീലൻഡ് പര്യടനത്തിലെ ഉജ്വല പ്രകടനത്തോടെ ഭുവനേശ്വർ കുമാറിനെ മറികടന്ന് പരമ്പരക്കുള്ള ടീമിൽ ഇടം പിടിച്ചു. ആദ്യ ഏകദിനത്തിലെ കൃത്യതയാർന്ന ബോളിങ്ങിനു കോഹ്‌ലിയുടെ പ്രശംസ.

∙ ജസ്പ്രീത് ബുമ്ര കളി: 5 വിക്കറ്റ്: 7 മികച്ച ബോളിങ്: 3–63 (പച്ചക്കാർഡ്)

ഏകദിനത്തിലെ ഒന്നാം നമ്പർ ബോളർക്കു ചേർന്ന പ്രകടനം പുറത്തെടുക്കാനായത് ആദ്യ രണ്ട് ഏകദിനങ്ങളിൽ മാത്രം. രണ്ടാം ഏകദിനത്തിൽ ഒരു റൺസ് മാത്രം വഴങ്ങിയ 48–ാം ഓവറിലൂടെ ഇന്ത്യൻ വിജയത്തിനു കളമൊരുക്കി.

∙ യുസ്‌വേന്ദ്ര ചാഹൽ കളി: 1 വിക്കറ്റ്:1 മികച്ച ബോളിങ്: 1-80 (ചുവപ്പുകാർഡ്)

നാലാം ഏകദിനത്തിൽ പൂർണമായും നിരാശപ്പെടുത്തിയെങ്കിലും ഏകദിനത്തിലെ മികച്ച റെക്കോർഡ് ചാഹലിനെ തുണയ്ക്കും. കുൽദീപ്– ചാഹൽ സഖ്യമാണ് സമീപകാലത്ത് ബാറ്റസ്മാൻമാരെ ഏറ്റവുമധികം കുഴക്കിയത് എന്നതും അനുകൂലഘടകം.

ഓസീസുമായുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ ടീമിൽ പല പരീക്ഷണങ്ങളും നടത്തി. ശ്രേയസ് അയ്യർക്കു കൂടി ഒരു ചാൻസ് നൽകാമായിരുന്നു. ഇന്ത്യൻ മധ്യനിരയിൽ പരീക്ഷിക്കാവുന്ന മറ്റൊരു താരമാണു കെ.എൽ. രാഹുൽ – റിക്കി പോണ്ടിങ് (മുൻ ഓസീസ് നായകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com