sections
MORE

ഋഷഭ് പന്ത് പുറത്താകാൻ കാരണം വിക്കറ്റ് കീപ്പിങ്ങിലെ പോരായ്മ: പ്രസാദ്

rishabh-pant
ഋഷഭ് പന്ത്
SHARE

ന്യൂഡൽഹി∙ അടുത്ത മാസം ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ യുവതാരം ഋഷഭ് പന്തിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. താരതമ്യേന പുതുമുഖമായ പന്തിനു പകരം തമിഴ്നാട് താരം ദിനേഷ് കാർത്തിക്കിനാണ് ലോകകപ്പ് ടീമിൽ സിലക്ടർമാർ അവസരം നൽകിയത്. ടീം പ്രഖ്യാപനത്തിനു പിന്നാലെ ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദിനു മുന്നിലുയർന്ന പ്രധാന ചോദ്യവും പന്തിനെ പുറത്തിരുത്തിയതിനെക്കുറിച്ച് ആയിരുന്നു.

ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ ഏറ്റവും ദീർഘമായ ചർച്ച നടന്നത് ഇതേ വിഷയത്തിലാണെന്നായിരുന്നു പ്രസാദിന്റെ മറുപടി. ‘പന്തിനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സുദീർഘമായ ചർച്ചയാണ് നടന്നത്. ധോണിക്കു പരുക്കേറ്റാൽ മാത്രം പകരക്കാരായി ഋഷഭ് പന്തിനെയോ ദിനേഷ് കാർത്തിക്കിനെയോ കളിപ്പിച്ചാൽ മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പ്രധാനപ്പെട്ടൊരു മൽസരത്തിൽ വിക്കറ്റ് കീപ്പിങ്ങും വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യം പരിഗണിച്ചാണ് പന്തിനു പകരം കാർത്തിക്കിന് അവസരം നൽകിയത്’ – പ്രസാദ് വ്യക്തമാക്കി.

റിസർവ് ഓപ്പണർ എന്ന നിലയിലാണ് ലോകേഷ് രാഹുലിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും പ്രസാദ് അറിയിച്ചു. എങ്കിലും രാഹുലിനെ മധ്യനിരയിൽ കളിപ്പിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ടീം മാനേജ്മെന്റാകും കൈക്കൊള്ളുക. ഇന്ത്യൻ ബാറ്റിങ് നിരയിൽ നാലാം നമ്പർ സ്ഥാനത്തേക്ക് ആരു വരുമെന്നതു ടീം സിലക്ഷനു മുൻപു തന്നെ വലിയ ചർച്ചയായിരുന്നു. തമിഴ്നാട് താരം വിജയ് ശങ്കറിന് അവസരം നൽകാനാണ് സിലക്ടർമാർ തീരുമാനിച്ചത്.

ചാംപ്യൻസ് ട്രോഫിക്കു ശേഷം നാലാം നമ്പർ സ്ഥാനത്തു പലരേയും പരീക്ഷിച്ചിരുന്നു. അമ്പാട്ടി റായുഡുവിനു തന്നെ ഒട്ടേറെ അവസരങ്ങൾ നൽകി. എന്നാൽ, വിജയ് ശങ്കറാണ് അവിടെ കുറച്ചുകൂടി നല്ല‍ത്. വിജയ് ശങ്കർ വന്നാലുള്ള ഗുണം മൂന്നാണ്. ബാറ്റിങ്ങിനു പുറമെ അത്യാവശ്യം ബോൾ ചെയ്യാനും വിജയ് ശങ്കറിനാകും. മാത്രമല്ല, മികച്ചൊരു ഫീൽഡർ കൂടിയാണ് അദ്ദേഹം – പ്രസാദ് പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും പ്രസാദ് അവകാശപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി മികച്ച പ്രകടനമാണ് കൈക്കുഴ സ്പിന്നർമാർ കാഴ്ച വയ്ക്കുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ സ്പിന്നിന് അനുകൂലമാകാൻ ഇടയുള്ളതിനാൽ ജഡേജ കൂടി ഉണ്ടെങ്കിൽ കൂടുതൽ നന്നാകുമെന്നു തോന്നി – പ്രസാദ് പറഞ്ഞു.

മികച്ച രീതിയിൽ ബോൾ ചെയ്യാൻ സാധിക്കുന്ന ഏഴു പേരാണ് ടീമിലുള്ളത്. എല്ലാ വശങ്ങളും പരിഗണിച്ചാണ് ഇക്കുറി ടീമിനെ തിരഞ്ഞെടുത്തത്. ലോകകപ്പുകളിൽ പങ്കെടുത്തിട്ടുള്ള ടീമുകളിൽത്തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണിതെന്നും പ്രസാദ് അവകാശപ്പെട്ടു.

ഖലീൽ അഹമ്മദ്, നവ്‌ദീപ് സെയ്നി എന്നിവരുടെ കാര്യവും ചർച്ചയ്ക്കു വന്നതായി പ്രസാദ് വെളിപ്പെടുത്തി. ബോളിങ് വിഭാഗം അതിശക്തമായതിനാൽ ഇവരെ ഉൾക്കൊള്ളിക്കാനായില്ല. എങ്കിലും എന്തെങ്കിലും അത്യാവശ്യം വന്നാൽ ഇവർ ഇംഗ്ലണ്ടിലേക്കു പറക്കുമെന്നും പ്രസാദ് പറഞ്ഞു.

English Summary: India World Cup Team 2019: Rishabh Pant misses out on wicketkeeping skills, says MSK Prasad.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA