ADVERTISEMENT

‘ഇതിനു മാത്രം ഞാനെന്തു തെറ്റാണ് ചെയ്തത്?’– ശ്രീലങ്കയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരെയുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തിന്റെ രഞ്ജി ട്രോഫി താരം ജലജ് സക്സേനയുടെ ട്വീറ്റ്. പിന്നാലെ ഇത്തവണ രഞ്ജി കിരീടം ചൂടിയ വിദർഭയുടെ ക്യാപ്റ്റൻ ഫായിസ് ഫസലിന്റെ ട്വീറ്റുമെത്തി. ‘ശരിക്കും ഞങ്ങൾ രഞ്ജി ട്രോഫിയും ഇറാനി ട്രോഫിയും തുടരെ രണ്ടു വർഷം നേടിയിട്ടില്ലേ..’

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടും എ ടീം തിരഞ്ഞെടുപ്പിൽ തങ്ങളെ തഴഞ്ഞതിലുള്ള പ്രതിഷേധമാണ് ഇരുവരും പ്രകടിപ്പിച്ചത്. ഐപിഎല്ലിന്റെ താരത്തിളക്കത്തിലില്ലാത്ത ഇരുവർക്കും പിന്തുണയുമായി ആരാധകർ രംഗത്തെത്തുകയും ചെയ്തു. 

∙ കേരളത്തിന്റെ ഭാഗ്യതാരം

കഴിഞ്ഞ രണ്ടു സീസണിലായി കേരള ക്രിക്കറ്റിന്റെ ഭാഗ്യതാരമാണ് മധ്യപ്രദേശുകാരനായ സക്സേന. 551 റൺസും 28 വിക്കറ്റുമെടുത്ത സക്സേനയുടെ കൂടി ഓൾറൗണ്ട് മികവിലാണ് കഴിഞ്ഞ സീസണിൽ കേരളം സെമിഫൈനൽ വരെയെത്തിയത്. 2012–13 സീസൺ മുതൽ ആഭ്യന്തര സീസണിൽ സ്ഥിരതയാർന്ന പ്രകടനമാണ് സക്സേനയുടേത്.

എല്ലാ സീസണിലും മുന്നൂറിലധികം റൺസ് നേടി. ഇതിൽ രണ്ടു സീസണിൽ 821, 768 എന്നിങ്ങനെയും. മൂന്നു സീസണുകളിൽ 45,39,44 എന്നിങ്ങനെയാണ് വിക്കറ്റ് നേട്ടം. എന്നിട്ടും ഇന്ത്യയ്ക്കായി കളിച്ചത് നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും തിളങ്ങിയ ഫസൽ, ചാംപ്യൻമാരായ വിദർഭയ്ക്കായി 11 മൽസരങ്ങളിൽ 752 റൺസാണ് അടിച്ചു കൂട്ടിയത്. ശരാശരി 50.13. 

∙ വില്ലൻ ഐപിഎല്ലോ? 

ഇരുവർക്കും വിനയായത് ഐപിഎല്ലിലെ അസാന്നിധ്യമാണന്നാണ് വിലയിരുത്തൽ. സക്സേനയെ ഇത്തവണ ഡൽഹി ക്യാപിറ്റൽസ് ടീമിലെടുത്തെങ്കിലും ഒരു മൽസരം പോലും കളിപ്പിച്ചില്ല. ഫസൽ ഐപിഎൽ ടീമുകളിലൊന്നും വന്നതുമില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ ശ്രേയസ് ഗോപാൽ, രാഹുൽ ചാഹർ, ശുഭ്മാൻ ഗിൽ എന്നിവരെല്ലാം ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

പ്രായമാണു സക്സേനയ്ക്കും ഫസലിനും തടസ്സമായെന്ന വാദവുമുണ്ട്. സക്സേനയ്ക്ക് 32 വയസ്സായി. ഫസലിന് മുപ്പത്തിമൂന്നും. എന്നാൽ ടീം തിരഞ്ഞെടുപ്പിൽ പ്രായപരിധി മാനദണ്ഡമാക്കരുതെന്ന് ഇപ്പോൾ വിദർഭയുടെയും മുൻപ് കേരളത്തിന്റെയും പരിശീലകനായിരുന്ന ചന്ദ്രകാന്ത് പണ്ഡിറ്റ് പറയുന്നു. 

ബിസിസിഐ തന്നെയാണ് രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര ചാംപ്യൻഷിപ്പുകൾ നടത്തുന്നത്. അതിൽ മികവു കാണിക്കുന്നവർക്ക് അപ്പോൾ അവസവും നൽകണം. കഴിഞ്ഞ മൂന്നു സീസണായി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരാണ് സക്സേനയും ഫസലും. സീനിയർ ടീമിലല്ലെങ്കിൽ എ ടീമിലെങ്കിലും ഇവർക്ക് അവസരം നൽകണം - ചന്ദ്രകാന്ത് പണ്ഡിറ്റ് (വിദർഭ പരിശീലകൻ) 

English Summary: Vidarbha coach Chandrakant Pandit stands by Jalaj Saxena, Faiz Fazal after India A snub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com