ADVERTISEMENT

കൊച്ചി ∙ 2 വർഷത്തെ ഇടവേളയ്ക്കു ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐയുടെ ഗ്രാന്റ്. 2016-17, 17-18 വർഷത്തെ കുടിശിക ഗ്രാന്റിൽ നിന്ന് ആദ്യ ഗഡുവായി 10.8 കോടി രൂപയാണു ലഭിച്ചത്. ജസ്റ്റിസ് ആർ.എം.ലോധ കമ്മിറ്റിയുടെ നിർദേശം അനു‌സരിച്ചുള്ള ഭരണഘടന ഭേദഗതി ഉൾപ്പടെയുള്ള കാര്യങ്ങൾ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണു കെസിഎ ഉൾപ്പെടെ 12 അസോസിയേഷനുകൾക്കു കുടിശിക ഗ്രാന്റ് അനുവദിക്കാൻ ബിസിസിഐയുടെ താൽക്കാലിക ഭരണ സമിതി തീരുമാനിച്ചത്.

30 കോടി രൂപയാണു കെസിഎയ്ക്കു ലഭിച്ചിരുന്ന ശരാശരി വാർഷിക ഗ്രാന്റ്. കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിലായി ലഭിക്കാനുള്ള 60 കോടിയോളം രൂപയുടെ ആദ്യ വിഹിതമാണ് ഇപ്പോൾ ലഭിച്ചത്.

കെസിഎയിലെ പടലപിണക്കങ്ങളുടെ തുടർച്ചയായി ഭരണഘടന ഭേദഗതിക്കെതിരെ സുപ്രിം കോടതി നിയോഗിച്ച ഭരണസമിതിക്കും അമിക്കസ്ക്യൂറിക്കും മുൻ ഭാരവാഹികൾ പരാതി നൽകിയിരുന്നു. ഭരണ സമിതി അംഗീകരിച്ചതിൽ നിന്നു വ്യതിചലിച്ചാണു കെസിഎ ഭരണഘടന ഭേദഗതി വരുത്തിയതെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കെസിഎയോട് വിശദീകരണം തേടി.

കെസിഎ ഭാരവാഹികൾ ഭരണ സമിതിക്കു വിശദീകരണം നൽകിയതിനൊപ്പം അമിക്കസ്ക്യൂറി പി.എസ്.നരസിംഹയെ നേരിട്ടു കണ്ടും കാര്യങ്ങൾ വ്യക്തമാക്കി. അദ്ദേഹത്തിന്റെ  റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണു ഗ്രാന്റ് പുനഃസ്ഥാപിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com