ADVERTISEMENT

മുംബൈ∙ ‘യുവീ.. താങ്കൾ ഇതിലും മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നു...’ – ഇന്ത്യയിൽ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ജനകോടികൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോടു (ബിസിസിഐ) പറയാനാഗ്രഹിച്ചത് ദേശീയ ടീമിന്റെ ഓപ്പണിങ് ബാറ്റ്സ്മാനും വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമ പറഞ്ഞു; കഴിഞ്ഞ ദിവസങ്ങളിൽ ദക്ഷിണാഫ്രിക്കയുടെയും ഓസ്ട്രേലിയയുടെയും ബോളിങ് ആക്രമണത്തെ പ്രതിരോധിച്ച അതേ കൗശലത്തോടെ! രാത്രി വൈകി തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് യുവരാജിന്റെ വിരമിക്കൽ വാർത്തയോടുള്ള രോഹിത് ശർമയുടെ പ്രതികരണം. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ലന്ന ചൊല്ലിനൊപ്പിച്ച് രോഹിത് ട്വിറ്ററിൽ കുറിച്ച വാക്കുകളിങ്ങനെ:

‘ൈകവശമുള്ളതിന്റെ വില അതു നഷ്ടമാകുന്നതുവരെ മനസിലാകില്ല. ഇഷ്ടം, പ്രിയ സഹോദരാ. നിങ്ങൾ കൂടുതൽ മികച്ചൊരു യാത്രയയപ്പ് അർഹിച്ചിരുന്നു’

രോഹിതിന്റെ ട്വീറ്റ് വന്ന് 10 മിനിറ്റിനുള്ളിൽ യുവിയുടെ മറുപടി ട്വീറ്റുമെത്തി. അതിലെ വാക്കുകൾ ഇങ്ങനെ:

‘എന്റെ ഹൃദയവിചാരങ്ങൾ നിനക്കു മനസിലാകും. ഇഷ്ടം, പ്രിയ സഹോദരാ. ഭാവിയിലെ ഇതിഹാസമാണ് നിങ്ങൾ’

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ ഒരുവിഭാഗം യുവിക്ക് വിടവാങ്ങൽ മൽസരത്തിന് അവസരമൊരുക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമർശനം തുടരുന്നതിനിടെയാണ് സമാനമായ വികാരം പങ്കുവച്ച് രോഹിത് ശർമയുടെ ട്വീറ്റ്. 17 വർഷം നീണ്ട രാജ്യാന്തര കരിയറിനൊടുവിലാണു ഇന്നലെയാണ് മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യുവരാജ് വിടവാങ്ങൽ പ്രഖ്യാപനം നടത്തിയത്. 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ സൂപ്പർ സ്റ്റാറായിരുന്ന യുവരാജ് ഇപ്പോൾ കളി മതിയാക്കാൻ തിരഞ്ഞെടുത്തതും മറ്റൊരു ലോകകപ്പിന്റെ സമയം! രാജ്യാന്തര കരയറിലെ അപൂർവ നിമിഷങ്ങൾ കോർത്തിണിക്കിയ വിഡിയോ പ്രദർശനത്തിനുശേഷമായിരുന്നു പ്രഖ്യാപനം.

∙ വിടവാങ്ങൽ മൽസരം യുവി ആഗ്രഹിച്ചിരുന്നോ?

സത്യത്തിൽ ഒരു വിടവാങ്ങൽ മൽസരം യുവി ആഗ്രഹിച്ചിരുന്നോ? അതേക്കുറിച്ച് വ്യക്തമായിട്ടൊന്നും പറഞ്ഞില്ലെങ്കിലും ദേശീയ ടീം ജഴ്സിയണിയാൻ താൻ ആഗ്രഹിച്ചിരുന്നു എന്നു സൂചിപ്പിക്കുന്ന ചില കാര്യങ്ങൾ മുംബൈയിലെ വാർത്താ സമ്മേളനത്തിൽ യുവരാജ് പറയാതെ പറഞ്ഞു. 

‘കരിയർ എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. കുറച്ച് ഐപിഎൽ മത്സരങ്ങൾ കൂടി കളിക്കാനായിരുന്നെങ്കിൽ കൂടുതൽ സന്തോഷമായേനെ. യോയോ ടെസ്റ്റ് പാസായാൽ വിടവാങ്ങൽ മത്സരത്തിന് അവസരം നൽകാമെന്ന് അധികൃതർ അറിയിച്ചിരുന്നു. സത്യത്തിൽ വിടവാങ്ങൽ മൽസരം കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബിസിസിഐയിലെ ആരോടും ഞാൻ പറഞ്ഞിട്ടില്ല. എനിക്കു മികവുണ്ടായിരുന്നെങ്കിലും കളത്തിൽവച്ചു തന്നെ ഞാൻ വിരമിക്കുമായിരുന്നു. അവസാന മൽസരം ചോദിച്ചു വാങ്ങാൻ എനിക്ക് താൽപര്യമില്ല. അങ്ങനെയൊരു മനഃസ്ഥിതിയോടെ കളിക്കാനും എനിക്കാകില്ല. അതുകൊണ്ടുതന്നെ വിടവാങ്ങൽ മൽസരം എന്ന ലേബലിൽ‌ കളിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിരുന്നു. യോ യോ ടെസ്റ്റ് പാസാകുന്നില്ലെങ്കിൽ ടീമിലേക്കില്ലെന്നും പറഞ്ഞു. പിന്നീട് ഞാൻ യോയോ ടെസ്റ്റ് പാസാകുകയും ചെയ്തു. ബാക്കി എന്റെ കൈകളിൽ അല്ലല്ലോ...’ –  യുവരാജ് പറഞ്ഞു.

∙ യോ യോ ടെസ്റ്റിനെക്കുറിച്ച് ചിലതു പറയാനുണ്ട്!

വിരമിക്കൽ പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിലും ‘പിന്നീട് പറയാൻ’ ചില കാര്യങ്ങൾ അവശേഷിപ്പിച്ചാണ് യുവരാജ് മടങ്ങിയത്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മാനദണ്ഡമായ യോ യോ ടെസ്റ്റാണ് അതിൽ പ്രധാനം. ഇതേക്കുറിച്ച് യുവിയുടെ വാക്കുകൾ ഇങ്ങനെ:

‘യോ യോ ടെസ്റ്റിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്. ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ ഭാവിയിലും അവസരം ലഭിക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് കളിക്കുന്ന ഈ സമയത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കാൻ താൽപര്യമില്ല. സെമിയിലേക്കുള്ള പ്രയാണത്തിൽ മറ്റു ചിന്തകളൊന്നും കളിക്കാരെ ബാധിക്കുന്നതും താൽപര്യമുള്ള കാര്യമല്ല. ഇത്തരം കാര്യങ്ങൾ പറയാൻ നമുക്ക് ഇനിയും സമയമുണ്ട്. ലോകകപ്പ് സമയത്ത് വിരമിച്ചതിന്റെ പേരിൽ വാർത്ത സൃഷ്ടിക്കാൻ താൽപര്യമില്ല. ജീവിതത്തിലെ രണ്ടാം ഇന്നിങ്സിന് സമയമായി എന്നു തോന്നിയതുകൊണ്ടാണ് ഇപ്പോൾ വിരമിക്കുന്നത്. ബാക്കിയൊക്കെ പിന്നീടും പറയാമല്ലോ.’

English Summary: Yuvraj Singh said he did not want to share his thoughts on the Yo-Yo test but promised to speak about the issue in the future as he did not want to create any controversies now.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com