ADVERTISEMENT

തൊടുപുഴ ∙ ‘‘ദേ ഒറ്റക്കയ്യൻ’’ – കുട്ടിക്കാലത്തു കേട്ട, പരിഹാസത്തിന്റെ ‘പിച്ചുള്ള’ ഇൗ വാക്കുകളാണ് അനീഷ് പി. രാജനെ രാജ്യാന്തര ക്രിക്കറ്ററാക്കിയത്! ഒരു കയ്യില്ലെങ്കിലെന്താ ജീവിക്കാൻ കഴിയില്ലേയെന്ന മറു ചോദ്യത്തിന്റെ യോർക്കറിലൂടെ വിധിയെ അനീഷ് ക്ലീൻ ബോൾഡാക്കി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ താരമായ ഇൗ ഇടുക്കിക്കാരൻ ഭിന്നശേഷിക്കാരുടെ ലോക ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലെ ഏക മലയാളിയാണ്. 5 മുതൽ 13 വരെ ഇംഗ്ലണ്ടിലാണ് ടൂർണമെന്റ്.

ഇടുക്കി പാറേമാവ് പടീതറയിൽ പി. രാജന്റെയും കെ.കെ. ശ്യാമളയുടെയും 3 മക്കളിൽ ഇളയവനാണ് അനീഷ്(28). സഹോദരൻ സമീഷാണു ക്രിക്കറ്റിൽ അനീഷിന്റെ ആദ്യഗുരു. മുതലക്കോടത്തു നടന്ന ക്രിക്കറ്റ് പരിശീലന ക്യാംപിൽ പങ്കെടുത്തതു വഴിത്തിരിവായി. ‘‘ഒരു കൈ ഇല്ലാത്തതിനാൽ ക്യാംപിൽ പങ്കെടുക്കാൻ ആദ്യം സംഘാടകർ അനുവദിച്ചില്ല. ചിലർ പരിഹസിച്ചു. എങ്കിലും റജിസ്ട്രേഷൻ കൗണ്ടറിനു മുന്നിൽനിന്നു മാറിയില്ല. ഒടുവിൽ, വീട്ടുകാരെ കൂട്ടി വരാൻ സംഘാടകർ പറഞ്ഞു. അച്ഛന്റെ ബന്ധുവിനെ കൂട്ടി ചെന്നപ്പോൾ മനസ്സില്ലാ മനസ്സോടെ അവർ എന്നെ ക്യാംപിലെടുത്തു’’ – അനീഷ് പറഞ്ഞു.

ഫാസ്റ്റ് ബോളിങ്ങിൽനിന്നു സ്പിന്നിലേക്കു വഴിതിരിച്ചുവിട്ടത് മുൻ കേരള ക്രിക്കറ്റ് ടീം പരിശീലകൻ പി. ബാലചന്ദ്രനാണ്. അങ്ങനെ, 17 വയസ്സിൽ താഴെയുള്ളവരുടെ ജില്ലാ ക്രിക്കറ്റ് ടീമിലും 19 വയസ്സിൽ താഴെയുള്ളവരുടെ ടീമിലും ഇടംകിട്ടി. കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ഇതിനിടെ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. കൊച്ചിൻ റിഫൈനറിയിൽ കുറച്ചു നാൾ ഇന്റേനൽ ട്രെയിനിയായെങ്കിലും കളിക്കളത്തിലേക്കു മടങ്ങി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിൽ എത്തിയത് അങ്ങനെയാണ്. 2017ൽ കേരളത്തിന്റെ ഫിസിക്കലി ചാലഞ്ച്ഡ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി. മികച്ച പ്രകടനത്തിലൂടെ ദക്ഷിണ മേഖല ടീമിലെത്തി.

ഹരിയാനയിൽ നടന്ന സോൺ ചാംപ്യൻഷിപ്പിൽ 5 മത്സരങ്ങളിൽ നിന്നു 10 വിക്കറ്റ്., മികച്ച ബോളറും ഫീൽഡറുമായി. ബിസിസിഐയുടെ കീഴിൽ നടന്ന എ ഡിവിഷൻ ക്രിക്കറ്റ് ടൂർണമെന്റിലെ മിന്നും പ്രകടനമാണ് അനീഷിനെ ശ്രദ്ധേയനാക്കിയത്. ലോക ട്വന്റി20യിൽ ഇന്ത്യയുടെ ആദ്യമത്സരം 6ന് ഇംഗ്ലണ്ടിനെതിരെയാണ്. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവയാണു പരമ്പരയിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ.

ബാറ്റിങ്ങിൽ സച്ചിൻ തെൻഡുൽക്കർ, ബോളിങ്ങിൽ ഓസ്ട്രേലിയയുടെ ഷെയ്ൻ വോൺ, ഫീൽഡിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സ് – ഇവരൊക്കെയാണ് അനീഷിന്റെ ഇഷ്ടതാരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com