ADVERTISEMENT

മുംബൈ∙ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിന് തൊട്ടരികെ ചൈനാമാൻ ബോളർ കുൽദീപ് യാദവ്. ചരിത്രനേട്ടത്തിന് നാലു വിക്കറ്റ് മാത്രം അകലെയാണ് കുൽദീപ് ഇപ്പോൾ. വെസ്റ്റിൻഡീസിനെതിരെ ബുധനാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തിൽ നാലു വിക്കറ്റ് കൂടി വീഴ്ത്താനായാൽ അതിവേഗം നൂറ് ഏകദിന വിക്കറ്റിലെത്തുന്ന ഇന്ത്യക്കാരനായി കുൽദീപ് മാറും. നിലവിൽ 53 മൽസരങ്ങളിൽനിന്ന് 96 വിക്കറ്റുകളാണ് കുൽദീപിന്റെ സമ്പാദ്യം. 56 മൽസരങ്ങളിൽനിന്ന് 100 വിക്കറ്റ് നേട്ടത്തിലെത്തിയ പേസ് ബോളർ മുഹമ്മദ് ഷമിയുടെ പേരിലാണ് ഇപ്പോൾ റെക്കോർഡ്.

അതേസമയം, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് വീഴ്ത്തിയ ബോളറെന്ന നേട്ടം അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാന്റെ പേരിലാണ്. 44 മൽസരങ്ങളിൽനിന്നാണ് റാഷിദ് 100 വിക്കറ്റ് പൂർത്തിയാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് താരം മിച്ചൽ സ്റ്റാർക്കിനെ അപേക്ഷിച്ച് ഏറെ മുന്നിലാണ് റാഷിദ്. 52 മൽസരങ്ങളിൽനിന്നാണ് സ്റ്റാർക്ക് 100 വിക്കറ്റ് പിന്നിട്ടത്.

ബുധനാഴ്ച വിൻഡീസിനെതിരെ 100 വിക്കറ്റ് പൂർത്തിയാക്കാനായാൽ അതിവേഗം 100 കടന്ന താരങ്ങളിൽ നാലാം സ്ഥാനം കുൽദീപിന് സ്വന്തമാക്കാം. നിലവിൽ 53 മൽസരങ്ങളിൽനിന്ന് 100 കടന്ന പാക്കിസ്ഥാൻ താരം സഖ്‌ലയിൻ മുഷ്താഖ് അതിവേഗ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. വിൻഡീസിനെതിരായ മൽസരം കുൽദീപിന്റെ 54–ാം മൽസരമായതിനാൽ നാലാം സ്ഥാനത്തെത്താനുള്ള സാധ്യതയാണ് ശേഷിക്കുന്നത്. നിലവിൽ നാലാമതുള്ള ന്യൂസീലൻഡ് താരം ഷെയ്ൻ ബോണ്ട്, ബംഗ്ലദേശ് താരം മുസ്താഫിസുർ റഹ്മാൻ എന്നിവരും 54 മൽസരങ്ങളിൽനിന്നാണ് 100 വിക്കറ്റ് കടന്നത്.

ഒരു ഘട്ടത്തിൽ അതിവേഗം 100 കടക്കുന്ന ബോളറെന്ന നേട്ടത്തിലേക്ക് കുതിച്ച കുൽദീപിന്, ഇക്കഴിഞ്ഞ ഇംഗ്ലിഷ് ലോകകപ്പിലെ മോശം ഫോമാണ് വിനയായത്. ലോകകപ്പിൽ ആകെ കളിച്ച ഏഴു മൽസരങ്ങളിൽനിന്ന് കുൽദീപിന് നേടാനായത് ആറു വിക്കറ്റ് മാത്രമാണ്. 

English Summary: Kuldeep Yadav 4 wickets away from massive record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com