ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുമായി ബന്ധപ്പെടുത്തിയാണെങ്കിലും സച്ചിൻ തെൻഡുൽക്കറും അദ്ദേഹത്തിന്റെ സെഞ്ചുറികളും ഒരിക്കൽക്കൂടി ചർച്ചകളിൽ നിറയുമ്പോൾ, സച്ചിന്റെ ആദ്യ രാജ്യാന്തര സെഞ്ചുറിക്ക് ഇന്ന് 29 വയസ്സ്! രാജ്യാന്തര സെഞ്ചുറികളിൽ സെഞ്ചുറിയെന്ന ഐതിഹാസിക നേട്ടത്തിലേക്ക് സച്ചിൻ ആദ്യമായി ബാറ്റെടുത്തത്, 1990ലെ ഇതേ ദിവസമാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ കന്നി സെഞ്ചുറി നേടുമ്പോൾ, സച്ചിനു പ്രായം 17 വർഷവും 112 ദിവസവും മാത്രം! ഈ മൽസരത്തിൽ കൂറ്റൻ തോൽവിയിലേക്കു നീങ്ങുകയായിരുന്ന ടീമിനെ പൊരുതിനേടിയ സെഞ്ചുറിയിലൂടെ സമനിലയുടെ തീരം ചേർക്കാനും സച്ചിനായി. മാത്രമല്ല, ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരവുമായി സച്ചിൻ. മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയതും സച്ചിൻ തന്നെ.

ഓൾഡ് ട്രാഫഡിൽനിന്നു തുടങ്ങിയ അന്നത്തെ സെഞ്ചുറി പടയോട്ടം, നൂറു രാജ്യാന്തര സെഞ്ചുറികളിലെത്തിച്ചാണ് സച്ചിൻ അവസാനിപ്പിച്ചത്. പിന്നീട് ടെസ്റ്റിൽ മാത്രം സച്ചിൻ നേടിയത് 50 സെഞ്ചുറികളാണ്. ഏകദിനത്തിൽ 49ഉം. രാജ്യാന്തര കരിയറിനു വിരാമമിടുന്നതിനു തൊട്ടു മുൻപായിട്ടാണ് സച്ചിൻ 100–ാം സെഞ്ചുറിയുടെ തിളക്കം സ്വന്തമാക്കിയത്. 2012ൽ ഏകദിനത്തിൽനിന്നു വിരമിച്ച സച്ചിൻ, 2013 നവംബറിൽ 200–ാം ടെസ്റ്റ് കളിച്ച് രാജ്യാന്തര കരിയറിനു പൂർണമായും തിരശീലയിട്ടു.

സച്ചിന്റെ അരങ്ങേറ്റ സെഞ്ചുറി പിറന്ന മൽസരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ആതിഥേയർ പടുത്തുയർത്തിയത് 519 റൺസ്. ഗ്രഹാം ഗൂച്ച്, മൈക്കൽ ആതർട്ടൻ, റോബിൻ സ്മിത്ത് എന്നിവരുടെ സെഞ്ചുറികളുടെ കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലെത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ സെഞ്ചുറി നേടി. 179 റൺസായിരുന്നു അസ്ഹറിന്റെ സമ്പാദ്യം. സച്ചിൻ ഒന്നാം ഇന്നിങ്സിൽ നേടിയത് 68 റൺസ്. ഇരുവരുടെയും പ്രകടനങ്ങളുടെ പിൻബലത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 432 റൺസെടുത്തു. 87 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്ത് ഡിക്ലയർ ചെയ്തു. അലൻ ലാംബിന്റെ സെഞ്ചുറിയായിരുന്നു രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് കരുത്തായത്.

ഇതോടെ ഇന്ത്യയ്ക്കു മുന്നിൽ ഉയർന്നത് 408 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. നാലാം ഇന്നിങ്സിൽ പതിവുപോലെ തകർച്ച നേരിട്ട ഇന്ത്യയ്ക്ക് അതിവേഗം വിക്കറ്റുകൾ നഷ്ടമായി. ഇപ്പോഴത്തെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി (31 പന്തിൽ 12), നവ്ജ്യോത് സിങ് സിദ്ദു (0), സഞ്ജയ് മഞ്ജരേക്കർ (77 പന്തിൽ 50), ദിലീപ് വെങ്സർക്കാർ (65 പന്തിൽ 32) എന്നിവർക്കു പിന്നാലെ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും (20 പന്തിൽ 11) പുറത്തായതോടെ അഞ്ചിന് 127 റൺസ് എന്ന നിലയിലായി ഇന്ത്യ.

ഇന്ത്യ തോൽവി ഉറപ്പിച്ച ഈ ഘട്ടത്തിലാണ് അന്ന് പതിനേഴു വയസ്സു മാത്രമുള്ള സച്ചിൻ ക്രീസിലെത്തുന്നത്. കപിൽ ദേവായിരുന്നു കൂട്ടിന്. ആറാം വിക്കറ്റിൽ സച്ചിനൊപ്പം 56 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ കപിലും പുറത്തായി. 35 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 26 റൺസായിരുന്നു കപിലിന്റെ സമ്പാദ്യം. എന്നാൽ, എട്ടാമനായെത്തിയ മനോജ് പ്രഭാകറിൽ നല്ലൊരു കൂട്ടാളിയെ കണ്ടെത്തിയ സച്ചിൻ, ഇംഗ്ലിഷ് ബോളർമാരെ അനായാസം നേരിട്ടു. ആൻഗസ് ഫ്രേസർ, ഡെവോൻ മാൽക്കം, ഹെമ്മിങ്സ്, ക്രിസ് ലെവിസ് തുടങ്ങിയ വമ്പൻമാർക്കു മുന്നിൽ പതറാതിരുന്ന സച്ചിൻ, 225 മിനിറ്റുകളാണ് ഇംഗ്ലിഷ് ആക്രമണത്തിനു മുന്നിൽ നെഞ്ചുവിരിച്ചു നിന്നത്. ഇന്ത്യയെ സമനിലയിലെത്തിച്ച സച്ചിൻ, 119 റൺസാണു നേടിയത്.

English Summary: This Day That Year: When Sachin Tendulkar hit his first Test Century

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com