sections
MORE

അഫ്രീദി, അക്തർ, ഇപ്പോൾ സർഫ്രാസും; പാക്ക് ക്രിക്കറ്റിലും ‘നിറഞ്ഞ്’ കശ്മീർ

pakistan-cricket-team
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം
SHARE

ഇസ്‌ലാമാബാദ്∙ ജമ്മു കശ്മീരിനു പ്രത്യേക പദവി അനുവദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയ പശ്ചാത്തലത്തിൽ ‘കശ്മീരിലെ സഹോദരങ്ങൾ’ക്ക് പിന്തുണ അറിയിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് നായകൻ സർഫ്രാസ് അഹമ്മദും രംഗത്ത്. മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി, ശുഐബ് അക്തർ എന്നിവർക്കു പിന്നാലെയാണ് കശ്മീരിലെ ജനങ്ങളെ പിന്തുണച്ച് സർഫ്രാസിന്റെ രംഗപ്രവേശം. ഈദ് പ്രാർഥനകൾക്കുശേഷമാണ് കശ്മീരിലെ ജനങ്ങളോടുള്ള ‘ഇഷ്ടം’ പാക്ക് ക്യാപ്റ്റൻ മാധ്യമങ്ങൾക്കു മുന്നിൽ തുറന്നുപറഞ്ഞത്.

‘കശ്മീരിലെ സഹോദരങ്ങളെ രക്ഷിക്കാനും സകല വെല്ലുവിളികളിലും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും അവരെ തുണയ്ക്കാനും സർവശക്തനായ ദൈവത്തോടു പ്രാർഥിക്കുന്നു. അവരുടെ വേദനകളും സങ്കടങ്ങളും ഞങ്ങളും പങ്കിടുന്നു. പാക്കിസ്ഥാൻ ഒന്നടങ്കം അവർക്കൊപ്പമുണ്ട്’ – സർഫ്രാസ് പറഞ്ഞു.

നേരത്തെ, കശ്മീർ വിഷയത്തിൽ അഭിപ്രായം തുറന്നുപറഞ്ഞും ഐക്യരാഷ്ട്ര സംഘടനയെ വിമർശിച്ചും മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി, ശുഐബ് അക്തർ എന്നിവരും രംഗത്തെത്തിയിരുന്നു.

എല്ലാവർക്കും ഈദ് ആശംസകൾ നേർന്നുകൊണ്ടുള്ള ട്വീറ്റിലാണ് അക്തർ അൽപം ‘കശ്മീരും ചേർത്തത്’. ‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, ഈദ് മുബാറക്’ എന്ന ചെറുകുറിപ്പിനൊപ്പം ഒരു കുഞ്ഞിന്റെ ചിത്രവും അക്തർ പങ്കുവച്ചു. അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ: ‘പരിത്യാഗത്തെ നിർവചിക്കുന്നവരാണ് നിങ്ങൾ. നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഞങ്ങൾ പ്രാർഥിക്കുന്നു. എന്തൊരു മഹനീയമായ ജീവിതം’. ഇതിനൊപ്പം #kashmir എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്.

കശ്മീരികൾക്ക് ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച അവരുടെ അവകാശങ്ങൾ അനുവദിച്ചു കൊടുക്കണമെന്നാണ് അഫ്രീദി ട്വിറ്ററിൽ കുറിച്ചത്. എല്ലാവർക്കുമുള്ളതുപോലുള്ള അവകാശങ്ങൾ കശ്മീരികൾക്കുമുണ്ട്. ഈ സമയത്ത് ഉറക്കം നടിക്കാനാണങ്കിൽ എന്തിനാണ് ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ചതെന്നും അഫ്രീദി ചോദിച്ചിരുന്നു. ‘കശ്മീരിൽ മാനവികതയ്ക്കെതിരെ നടക്കുന്ന അക്രമങ്ങളും കയ്യേറ്റങ്ങളും എതിർത്തേ തീരൂ. യുഎസ് പ്രസിഡന്റ് ഈ വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കണം’ – അഫ്രീദി ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, അഫ്രീദിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും നിലവിൽ ബിജെപി എംപിയുമായി ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. അഫ്രീദി ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെല്ലാം പാക്ക് അധീന കശ്മീരിലാണെന്നായിരുന്നു ഗംഭീറിന്റെ തിരിച്ചടി.

‘ഷാഹിദ് അഫ്രീദി എല്ലാം കണ്ടെത്തിയിരിക്കുന്നു. അവിടെ പ്രകോപനം കൂടാതെയുള്ള കയ്യേറ്റങ്ങളും മാനവികതയ്ക്കെതിരായ അക്രമങ്ങളും അരങ്ങേറുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊതുജനമധ്യത്തിൽ കൊണ്ടുവന്ന അഫ്രീദിയെ അഭിനന്ദിക്കണം. എങ്കിലും അഫ്രീദി മറന്നുപോയ ഒരു കാര്യം, ഇതെല്ലാം സംഭവിക്കുന്നത് പാക്ക് അധീന കശ്മീരിലാണ് എന്നതാണ്. പേടിക്കേണ്ട, എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുന്നതാണ്’ – ഗംഭീർ കുറിച്ചു.

English Summary: Pakistan Cricketers vow to stand by Kashmiris

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA