sections
MORE

ക്യാപ്റ്റൻ കോലി വീണ്ടും ‘ക്ലാസ്’, ആ സെഞ്ചുറി ‘മാസ്സ്’; ഇന്ത്യയ്ക്ക് ജയം, പരമ്പര

virat-kohli-century-1
വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ.
SHARE

പോർട്ട് ഓഫ് സ്പെയിൻ∙ വെസ്റ്റിന്‍ഡീസിനൊപ്പം മഴയും മഴനിയമവും ‘ആഞ്ഞുപിടിച്ചിട്ടും’ ഇന്ത്യൻ തേരോട്ടം തടയാനായില്ല. വെസ്റ്റിൻഡീസും ഡക്ക്‌വർത്ത്–ലൂയിസ് നിയമവും ഒരുമിച്ചെതിരു നിന്നിട്ടും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ചങ്കുറപ്പിനെ വെല്ലുവിളിക്കാനുമായില്ല. ഫലം, മഴമൂലം പലതവണ തടസ്സപ്പെട്ട മൂന്നാം ഏകദിനത്തിലും ഐതിഹാസിക വിജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര. ഇടയ്ക്കിടെ മഴ ‘എത്തിനോക്കിയ’ മൽസരം 35 ഓവറാക്കി ചുരുക്കിയതോടെ വിൻഡീസ് നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 240 റൺസ്. മഴനിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 35 ഓവറിൽ 255 റൺസായി പുനർനിർണയിച്ചു. തുടർച്ചയായ രണ്ടാം മൽസരത്തിലും അപാരമികവോടെ ബാറ്റേന്തിയ ക്യാപ്റ്റൻ വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി. അപ്പോഴും 15 പന്തും ആറു വിക്കറ്റും ബാക്കിയായിരുന്നു. വിജയം മഴനിയമപ്രകാരം ആറു വിക്കറ്റിന്.

ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. ഒന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. ട്വന്റി20 പരമ്പര 3–0ന് തൂത്തുവാരിയതിനു പിന്നാലെയാണ് ഏകദിനത്തിലും ഇന്ത്യ വിജയക്കൊടി പാറിച്ചത്. ഏകദിനത്തിലെ 43–ാം സെഞ്ചുറിയുമായി സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡിനോട് ഒരുപടി കൂടി അടുത്ത (49) കോലി, 99 പന്തിൽ 114 റൺസുമായി പുറത്താകാതെ നിന്നു. ഒരു സിക്സ് പോലും പിറന്നില്ലെങ്കിലും 14 ബൗണ്ടറികളാൽ സമ്പന്നമായിരുന്നു, ക്യാപ്റ്റന്റെ ‘ക്ലാസ് ഇന്നിങ്സ്’. ഇതോടെ, വിൻഡീസ് മണ്ണിൽ കൂടുതൽ സെഞ്ചുറി നേടുന്ന സന്ദർശക ബാറ്റ്സ്മാനുമായി കോലി. നാലാം സെഞ്ചുറി കുറിച്ച കോലി ഹാഷിം അംല, മാത്യു ഹെയ്ഡൻ, ജോ റൂട്ട് എന്നിവരുടെ പേരിലുള്ള റെക്കോർഡാണ് പഴങ്കഥയാക്കിയത്. ഒരു ടീമിനെതിരെ കൂടുതൽ സെഞ്ചുറികളെന്ന സച്ചിൻ തെൻഡുൽക്കറിന്റെ നേട്ടത്തിനൊപ്പവുമെത്തി, കോലി. ഓസീസിനെതിരെ സച്ചിനും ഇപ്പോൾ വിൻഡീസിനെതിരെ കോലിക്കും ഒൻപതു സെഞ്ചുറി വീതമുണ്ട്.

പോസ്റ്റ്–ലോകകപ്പ് ടീമിൽ തന്റെ സാന്നിധ്യം ഊട്ടിയുറപ്പിച്ച് തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെ‍ഞ്ചുറി കുറിച്ച യുവതാരം ശ്രേയസ് അയ്യർ ക്യാപ്റ്റനൊത്ത പങ്കാളിയായി. 41 പന്തിൽ മൂന്നു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം അയ്യർ അടിച്ചെടുത്തത് 65 റൺസ്. കരിയറിലെ നാലാം അർധസെഞ്ചുറി. നാലാം വിക്കറ്റിൽ കോലി–അയ്യർ സഖ്യം തുടർച്ചയായ രണ്ടാം മൽസരത്തിലും സെഞ്ചുറി കൂട്ടുകെട്ടും തീർത്തു. കഴിഞ്ഞ മൽസരത്തിൽ 125 റൺസ് കൂട്ടുകെട്ട് തീർത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ച സഖ്യം, ഇക്കുറി അടിച്ചെടുത്തത് 120 റൺസ്. വിജയത്തിനരികെ അയ്യർ വീണെങ്കിലും കേദാർ ജാദവിനെ കൂട്ടുപിടിച്ച് കോലി ഇന്ത്യയെ വിജയതീരമണച്ചു. ജാദവ് 12 പന്തിൽ ഓരോ ബൗണ്ടറിയും സിക്സും സഹിതം 19 റണ്‍സെടുത്തു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ കോലി–ജാദവ് സഖ്യം 44 റൺസെടുത്തു.

നേരത്തെ, ഒരിക്കൽക്കൂടി മികച്ച കൂട്ടുകെട്ട് തീർക്കുന്നതിൽ ഇന്ത്യൻ ഓപ്പണർമാർ പരാജയപ്പെടുന്ന കാഴ്ചയോടെയാണ് ഇന്ത്യൻ ഇന്നിങ്സിന് തുടക്കമായത്. മികച്ച തുടക്കം കുറിച്ച രോഹിത് ശർമ സ്കോർ 25ൽ നിൽക്കെ സഹ ഓപ്പണർ ശിഖർ ധവാനുമായുള്ള ധാരണപ്പിശകിൽ റണ്ണൗട്ടായി. ആറു പന്തിൽ രണ്ടു ബൗണ്ടറി സഹിതം 10 റൺസെടുത്താണ് രോഹിത് മടങ്ങിയത്. പിന്നീട് രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് കോലി–ധവാൻ സഖ്യം ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടു. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 61 റൺസ്. 36 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 36 റൺസെടുത്ത ധവാനെ കീമോ പോളിന്റെ കൈകളിലെത്തിച്ച് ഫാബിയൻ അലനാണ് കൂട്ടുകെട്ട് പൊളിച്ചത്. നാലാമനായത്തെത്തിയ ഋഷഭ് പന്ത് ഗോൾഡൻ ഡക്കോടെ നിരാശപ്പെടുത്തിയെങ്കിലും അയ്യർ, കേദാർ ജാദവ് എന്നിവരെ കൂട്ടുപിടിച്ച് കോലി ഇന്ത്യൻ ശ്രേയസ് കാത്തു.

∙ വാട്ടമില്ല, ഗെയ്‍ലാട്ടത്തിന്!

നേരത്തെ, ക്രിസ്റ്റഫർ ഹെൻറി ഗെയ്ൽ ആരാധകർക്കായി കാത്തുവച്ച റൺവിരുന്നിന്റെ മികവിലാണ് വിൻഡീസ് മികച്ച സ്കോറിലേക്കെത്തിയത്. ഓപ്പണർമാർ തകർത്തടിച്ചതോടെ 10 ഓവർ പിന്നിടുമ്പോൾ വിൻഡീസ് സ്കോർബോർഡിൽ ഉണ്ടായിരുന്നത് 114 റൺസാണ്! വിക്കറ്റൊന്നും നഷ്ടമായിരുന്നുമില്ല. ഇന്ത്യൻ ബോളർമാരെ നിരായുധരാക്കി മുന്നേറിയ ക്രിസ് ഗെയ്‍ലും എവിൻ ലൂയിസും ഒരു ഘട്ടത്തിൽ വിൻഡീസ് 500 കടക്കുമെന്നു പോലും തോന്നിച്ചു. എന്നാൽ, ഇന്ത്യൻ സ്പിന്നർമാരുടെ മികവും രസംകൊല്ലിയായെത്തിയ മഴയും ചേർന്ന് വിൻഡീസ് ഇന്നിങ്സിന്റെ ഒഴുക്കു തടഞ്ഞു. ഗെയ്‍ൽ ഏകദിനത്തിലെ 54–ാം അർധസെഞ്ചുറി കുറിച്ചപ്പോൾ, ലൂയിസ് അർധസെഞ്ചുറിക്ക് തൊട്ടരികെ പുറത്തായി.

41 പന്തിൽ 8 ഫോറും 5 സിക്സുമടക്കം 71 റൺസെടുത്തു പുറത്തായപ്പോൾ ബാറ്റിന്റെ കൈപ്പിടിയിൽ ഹെൽമറ്റ് വച്ച് അഭിവാദ്യം ചെയ്താണു യൂണിവേഴ്സൽ ബോസ് മടങ്ങിയത്. ആധുനിക വിൻഡീസ് ക്രിക്കറ്റിൽ അതിഭാവുകത്വവും രസപ്രമാണങ്ങളും താളക്കൊഴുപ്പും എഴുതിച്ചേർത്ത പ്രിയ നായകൻ ഗെയ്‌ലിന്റെ, ജന്മനാട്ടിലെ ഒരുപക്ഷേ അവസാനത്തെ ഏകദിനമായിരുന്നിരിക്കാം ഇത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം പിടിക്കാത്തതിനാൽ ഇനിയൊരു കളിക്കു കൂടി ഗെയ്‌ലിന് അവസരം കിട്ടിയേക്കില്ല. അതുകൊണ്ടുതന്നെയാകണം, നിറകയ്യടിയോടെ ട്രിനിഡാഡിലെ കാണികൾ ഗെയ്‌ലിനെ യാത്രായാക്കിയതും! പക്ഷേ, പുറത്താകും മുൻപ് ഗെയ്‌ലിന്റെ ബാറ്റിന്റെ ചൂട് ഇന്ത്യൻ പേസർമാർ നന്നായി അറിഞ്ഞു.

മുഹമ്മദ് ഷമി, ഖലീൽ അഹ്മദ് എന്നിവരെ 2 സിക്സ് വീതം പറത്തിയ ഗെയ്ൽ ട്വന്റി20യുടെ ചടുലതയോടെയാണു അടിച്ചുകസറിയത്. ഏകദിനത്തിലെ 54–ാം അർധ സെഞ്ചുറിയോടെ തലയെടുപ്പോടെ ഗെയ്ൽ തിളങ്ങിയപ്പോൾ, വിൻഡീസ് സ്കോർ 9.1 ഓവറിൽ 100 കടന്നു. മറുവശത്ത് എവിൻ ലൂയിസും (29 പന്തിൽ 43) മോശമാക്കിയില്ല. ഖലീൽ എറിഞ്ഞ പത്താം ഓവറിൽ, ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ക്യാച്ചോടെ ഗെയ്‌ലിന്റെ ഇന്നിങ്സിന് അവസാനമായി. വിക്കറ്റ് നേട്ടത്തിന്റെ തെല്ലിടനേരത്തെ ആഘോഷത്തിനുശേഷം, ഹ്സതദാനത്തോടെ ഇന്ത്യൻ ടീം അംഗങ്ങൾ ഗെയ്‌ലിനെ യാത്രയാക്കി.

ലൂയിസും ഗെയ്‍ലും പുറത്തായതിനു പിന്നാലെ വീണ്ടും മഴയെത്തിയതോടെ നീണ്ട ഇടവേള. 22 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെന്ന നിലയിലായിരുന്നു ഈ സമയത്ത് വിൻഡീസ്. മൽസരം പുനഃരാരംഭിക്കാൻ ഏറെ വൈകിയതിനാൽ മൽസരം 35 ഓവറാക്കി ചുരുക്കി. ഇതോടെ സ്കോർബോർഡിൽ റണ്ണെത്തിക്കാനുള്ള ഉദ്യമത്തിൽ തുടർന്നെത്തിയവരെല്ലാം വന്നതേ അടിതുടങ്ങി.

ഷായ് ഹോപ്പ് (52 പന്തിൽ 24), ഷിംറോൺ ഹെറ്റ്മയർ (32 പന്തിൽ 25), നിക്കോളാസ് പുരാൻ (16 പന്തിൽ 30), ജെയ്സൺ ഹോൾഡർ (20 പന്തിൽ 16), ഫാബിയൻ അലൻ (ഏഴു പന്തിൽ പുറത്താകാതെ ആറ്) എന്നിങ്ങനെയാൺ വിൻഡീസ് താരങ്ങളുടെ സംഭാവന. ഇന്ത്യയ്ക്കായി ഖലീൽ അഹമ്മദ് മൂന്നു വിക്കറ്റെടുത്തെങ്കിലും ഏഴ് ഓവറിൽ 68 റൺസ് വഴങ്ങി. മുഹമ്മദ് ഷമി ഏഴ് ഓവറിൽ 50 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അഞ്ച് ഓവറിൽ 48 റൺസ് വഴങ്ങിയ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റൊന്നും കിട്ടിയുമില്ല. അതേസമയം, ഭേദപ്പെട്ടുനിന്നത് സ്പിന്നർമാരാണ്. യുസ്‍വേന്ദ്ര ചെഹൽ ഏഴ് ഓവറിൽ 32 റണ്‍സ് വഴങ്ങിയും രവീന്ദ്ര ജഡേജ അഞ്ച് ഓവറിൽ 26 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. കേദാർ ജാദവിന് വിക്കറ്റ് കിട്ടിയില്ലെങ്കിലും നാല് ഓവറിൽ വഴങ്ങിയത് 13 റൺസ് മാത്രം.

∙ ഏകദിനത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തുടർച്ചയായ ഒൻപതാം പരമ്പര ജയം

3-1 (ഇന്ത്യയിൽ), 2006/07
2-1 (വിൻഡീസിൽ), 2009
3-2 (വിൻഡീസിൽ), 2011
4-1 (ഇന്ത്യയിൽ), 2011/12
2-1 (ഇന്ത്യയിൽ), 2013/14
2-1 (ഇന്ത്യയിൽ), 2014/15
3-1 (വിൻഡീസിൽ), 2017
3-1 (ഇന്ത്യയിൽ), 2018/19
2-0 (വിൻഡീസിൽ), 2019

English Summary: India Vs West Indies Third ODI, Live Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA