ADVERTISEMENT

ന്യൂഡൽഹി ∙ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരോട് ഉടക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അഡ്മിനിസ്ട്രേറ്റീവ് മാനേജരെ വെസ്റ്റിൻഡീസ് പര്യടനത്തിനിടെ ബിസിസിഐ തിരിച്ചുവിളിച്ചു. വിൻഡീസിലെത്തിയ ഇന്ത്യൻ താരങ്ങളെവച്ച് ജലസംരക്ഷണവുമായി ബന്ധപ്പെട്ട പരസ്യചിത്രമൊരുക്കാൻ സഹകരിക്കാതിരുന്നതിനാലാണു മാനേജർ സുനിൽ സുബ്രഹ്മണ്യനെതിരെ നടപടി. താരങ്ങളെ വിട്ടുകിട്ടാൻ ഗയാനയിലെയും ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെയും ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ സുനിൽ (52) മോശമായി പെരുമാറിയെന്നാണു പരാതി. ആദ്യമായാണ് ഒരു ഇന്ത്യൻ ടീം മാനേജരെ വിദേശപര്യടനത്തിനിടെ നാട്ടിലേക്കു തിരിച്ചുവിളിക്കുന്നത്.

മോശമായി പെരുമാറിയതിനു ക്ഷമാപണം നടത്തിയെങ്കിലും മാനേജരെ ജോലിയിൽനിന്നു നീക്കാനായിരുന്നു ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തീരുമാനം. ഉറക്കക്കുറവും ജോലിയിലെ സമ്മർദവും മൂലം പെരുമാറ്റത്തിൽ പാളിച്ച പറ്റിയെന്നാണു സുനിലിന്റെ വിശദീകരണം. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം ഇടപട്ട ഉദ്യോഗസ്ഥരുടെ ഫോൺ വിളിക്കു സുനിൽ മറുപടി നൽകിയില്ലെന്നും അനാവശ്യമായി സന്ദേശങ്ങൾ അയയ്ക്കരുതെന്നു പറഞ്ഞതായും പരാതിയുണ്ട്. മുൻ തമിഴ്നാട് താരമായ സുനിൽ, ആർ. അശ്വിന്റെ ആദ്യകാല പരിശീലകനുമാണ്.

തിരിച്ചെത്തിയാലുടൻ ബിസിസിഐ സിഇഒ: രാഹുൽ ജോഹ്റിക്കു മുന്നിൽ സുനിൽ ഹാജരാകണം. പരാതിക്കിടയാക്കിയ പെരുമാറ്റത്തെപ്പറ്റി വിശദീകരണം നൽകണം. മോശം പെരുമാറ്റത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം ബിസിസിഐ സുനിലിനെ താക്കീത് ചെയ്തിരുന്നു. മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്കൊപ്പം വിൻഡീസ് പര്യടനം കഴിയുന്നതുവരെയാണു സുനിലിന്റെ കാലാവധി ബിസിസിഐ നീട്ടിനൽകിയിരുന്നത്. പുതിയ അഡ്മിനിസ്ട്രേറ്റീവ് മാനേജരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂവിൽ സുനിലിന്റെ പേരും ചുരുക്കപ്പട്ടികയിലുണ്ട്. പുതിയ സാഹചര്യത്തിൽ ഇയാളെ ഇനി പരിഗണിക്കുമോയെന്നു കണ്ടറിയണം.

English Summary: Team India manager called back from West Indies, future appointment under cloud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com