ADVERTISEMENT

ചെന്നൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനും സിലക്ടറും കമന്റേറ്ററുമായ വി.ബി. ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. ചെന്നൈയിലെ വസതിയിൽ സീലിങ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് അൻപത്തിയേഴുകാരനായ ചന്ദ്രശേഖറിനെ ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതു തള്ളിയാണ് ചന്ദ്രശേഖറിന്റേത് ആത്മഹത്യയാണെന്ന പൊലീസ് റിപ്പോർട്ട്. ചന്ദ്രശേഖറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയൽപേട്ടിലെ ആശുപത്രിയിലേക്കു മാറ്റി.

ചന്ദ്രശേഖറിന്റേതായി ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇൻസ്പെക്ടർ സെന്തിൽ മുരുഗൻ വ്യക്തമാക്കി. ചന്ദ്രശേഖറിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം റൂമിന്റെ വാതിലിൽ മുട്ടിനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് അദ്ദേഹത്തെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടതെന്നാണ് ഭാര്യ സൗമ്യയുടെ മൊഴി. വൈകുന്നേരം കുടുംബാഗങ്ങളോടൊപ്പം ചായ കുടിച്ച ശേഷം 5.45നാണ് ചന്ദ്രശേഖർ മുറിയിലേക്കു പോയതെന്നും സൗമ്യ പൊലീസിനോടു പറഞ്ഞു. ക്രിക്കറ്റുമായി ബന്ധപ്പെട്ട ബിസിനസിൽ സംഭവിച്ച സാമ്പത്തിക നഷ്ടം മൂലം ചന്ദ്രശേഖർ നിരാശയിലായിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയിട്ടുണ്ട്.

തമിഴ്നാട് പ്രീമിയർ ലീഗിലെ ‘വിബി കാഞ്ചിവീരൻസ്’ എന്ന ടീം ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇതിനു പുറമെ വേലാച്ചേരിയിൽ ‘വിബി’സ് നെസ്റ്റ്’ എന്ന പേരിൽ ഒരു ക്രിക്കറ്റ് അക്കാദമിയും നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ തമിഴ്നാട് പ്രീമിയര്‍ ലീഗ് സീസണിലുൾപ്പെടെ വിബി കാഞ്ചിവീരൻസ് ടീമുമായി ബന്ധപ്പെട്ട് കളത്തിൽ സജീവമായിരുന്ന ചന്ദ്രശേഖറിന്റെ മരണം ക്രിക്കറ്റ് ലോകത്തെ അക്ഷരാർഥത്തിൽ ‍ഞെട്ടിച്ചു. അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് തുടങ്ങിയവര്‍ ട്വിറ്ററില്‍ ചന്ദ്രശേഖറിന് ആദരാഞ്ജലികള്‍ നേര്‍ന്നു. ചന്ദ്രശേഖറിന്റെ അകാല വിയോഗം ഞെട്ടിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

∙ പിച്ച് വാണ ‘പിഞ്ച് ഹിറ്റർ’

ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനായി മുൻ ഇന്ത്യൻ താരം കൂടിയായ കെ.ശ്രീകാന്തും ചന്ദ്രശേഖറും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് എതിരാളികളുടെ പേടിസ്വപ്നമായിരുന്നു. കളിക്കാരനെന്ന നിലയിലും പിന്നീട് പരിശീലകനായും മികവുകാട്ടി. ഇതിനു പുറമെ ദേശീയ ടീം സിലക്ടർ, ക്രിക്കറ്റ് കമന്റേറ്റർ തുടങ്ങിയ രംഗങ്ങളിലും പ്രശോഭിച്ചു. മികച്ചൊരു സംഘാടകൻ കൂടിയായിരുന്ന ചന്ദ്രശേഖർ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കം മുതൽ ആദ്യ മൂന്നു സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മാനേജരായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിയെ ചെന്നൈ സൂപ്പർ കിങ്സിലെത്തിച്ചത് മാനേജരായിരുന്ന ചന്ദ്രശേഖറാണ്.

ആഭ്യന്തര ക്രിക്കറ്റിൽ കഴിവു തെളിയിച്ച താരമായിരുന്നെങ്കിലും രാജ്യാന്തര തലത്തിൽ ഏഴ് ഏകദിനങ്ങളേ കളിക്കാനായുള്ളൂ. 1988-ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് ആദ്യമായി ഇന്ത്യന്‍ കുപ്പായം അണിഞ്ഞത്. രണ്ടു വര്‍ഷത്തിനു ശേഷം ഹാമില്‍ട്ടനില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അവസാന ഏകദിനം. ന്യൂസീലൻഡിനെതിരെ 77 പന്തിൽനിന്ന് നേടിയ 53 റണ്‍സാണ് ഉയർന്ന സ്കോർ.

vb-chandrasekhar-1
ചന്ദ്രശേഖറിന്റെ പഴയകാല ചിത്രം

81 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽനിന്ന് 43.09 ശരാശരിയിൽ 4999 റൺസ് നേടി. പുറത്താകാതെ നേടിയ 237 റൺസാണ് ഉയർന്ന സ്കോർ. ഇതുൾപ്പെടെ 10 സെഞ്ചുറികളും നേടി. 1987–88 സീസണിൽ തമിഴ്നാട് രഞ്ജി ചാംപ്യൻമാരാകുമ്പോൾ ചന്ദ്രശേഖറിന്റെ പ്രകടനവും നിർണായകമായിരുന്നു. ക്വാർട്ടറിൽ ഉത്തർപ്രദേശിനെതിരെ സെഞ്ചുറിയും (160), ഫൈനലിൽ റെയിൽവേസിനെതിരെ അർധസെ‍ഞ്ചുറിയും (89) നേടി.

തുടർന്ന്് ഇറാനി ട്രോഫിയുടെ നാലാം ഇന്നിങ്സിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെ 56 പന്തിൽ നേടിയ അതിവേഗ സെഞ്ചുറിയും ശ്രദ്ധ നേടി. ഏറെക്കാലം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ചുറിയെന്ന റെക്കോർഡ് ഈ ഇന്നിങ്സിനായിരുന്നു. 2016ൽ രഞ്ജി ട്രോഫിയിൽ 48 പന്തിൽ സെഞ്ചുറി തികച്ച് ഋഷഭ് പന്താണ് ചന്ദ്രശേഖറിന്റെ റെക്കോർഡ് തകർത്തത്. കരിയറിന്റെ അവസാന കാലത്ത് ഗോവയ്ക്കായും കളിച്ചു. പിന്നീട് പരിശീലകനായും സിലക്ടറായും കമന്റേറ്ററായും തിളങ്ങി.

English Summary: Former India cricketer V.B. Chandrasekhar passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com